പക്കാളിപ്പള്ളം: വയനാടിന്റെ ഗ്രാമ്യഭംഗിക്കൊരു തിലകച്ചാർത്ത്
മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും നിറഞ്ഞ വയനാടിന്റെ ഗ്രാമഭംഗി പാക്കളിപ്പള്ളത്തിൽ നിറഞ്ഞു നിൽക്കുന്നു.
എൻഎച്ച് 766ൽ കൂടി ചുണ്ടേൽ നിന്ന് മേപ്പാടി റോഡിലൂടെ അൽപം ദൂരം പോയാൽ വലത് ഭാഗത്തേക്കുള്ള ചെറിയ റോഡ് പോവുന്നത് പാക്കളിപ്പള്ളത്തേക്കാണ് .
സഞ്ചാരികളെ സ്വീകരിക്കാന്‍ എന്നപോലെ പാതയോരത്ത് പച്ചപ്പരവതാനി കണക്കെ നിൽക്കുന്ന തേയിലച്ചെടികൾ കുന്നുകളെയും താഴ്‌വാരങ്ങളെയും സുന്ദരമാക്കുന്ന കാഴ്ച വാക്കുകൾക്ക് അതീതമാണ്.
പ്രകൃതിയുടെ ഓരോരോ ഭാവമാറ്റങ്ങൾ കണ്മുന്നിൽ വന്നു നിറയുന്നത് വേറിട്ട അനുഭവം തന്നെയാണ്. മുന്നോട്ട് പോയാൽ പെട്ടെന്ന് കണ്ണിൽ നിറയുന്നത് ചെമ്പ്ര മലനിരകളാണ് . ആനപ്പാറയുടെയും പക്കാളിപ്പള്ളത്തിന്റേയും ഏത് കോണിൽ നിന്ന് നോക്കിയാലും ചെമ്പ്രയെ കാണാം.ഇവിടെ നിന്ന് നോക്കിയാൽ ചെമ്പ്ര പക്കാളിപ്പള്ളത്തിന്റെ മടിയിൽ ഇരിക്കുകയാണോ എന്ന് തോന്നിപോകും.
പച്ചപുതച്ച പുൽമേടഴകും ഒലിച്ചിറങ്ങുന്ന അരുവികളും മലയിടുക്കുകളും മലയുടെ ഉച്ചിയെ തഴുകി മെല്ലെ ഒഴുകി നീങ്ങുന്ന മേഘങ്ങളും നൽകുന്ന ദൃശ്യാനുഭൂതിക്ക് ശാന്തമായ ഗാംഭീര്യത്തോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷം നൽകാൻ ആദിപരാശക്തി വിഷ്ണുമായാ ക്ഷേത്രം ഇവിടെയുണ്ട്.
വിനോദസഞ്ചാരവകുപ്പിന്റെ ലഘുലേഖയില്‍ ഈ ഗ്രാമമില്ലെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
https://www.facebook.com/Malayalivartha