അഞ്ചുരുളിയിലെ ജലധാര കാണേണ്ടതു തന്നെ!
അഞ്ചുരുളി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെയെല്ലാം മനസ്സില്‍ പെട്ടെന്ന് തോന്നുന്നത് എന്തായിരിക്കും? അതെന്താ അങ്ങനൊരു സ്ഥലപ്പേര്? അഞ്ച് ഉരുളിയുമായ് എന്താണു ബന്ധം... എന്നിങ്ങനെ പല വഴിക്ക് പോകും ചിന്തകള്‍. കേരളത്തില്‍ അറിയപ്പെടുന്ന ജല ഗുഹാമുഖങ്ങളിലൊന്നാണ് അഞ്ചുരുളി. അഞ്ചു കുന്നുകളുമായി ബന്ധപ്പെട്ടതാണ് ഈ പേര്. ഉരുളി കമിഴ്ത്തി വച്ചതുപോലുളള അഞ്ചു കുന്നുകള്‍ ഈ ജലസംഭരണിയില്‍ കാണാം. ആദിവാസികളാണ് ഈ പേര് നല്‍കിയത്. ജലം നിറഞ്ഞു നിന്നാല്‍ ഈ കുന്നുകള്‍ ദൃശ്യമാകാറില്ല. ഡാമില്‍ വെള്ളം പൂര്‍ണമായി നിറയുമ്പോള്‍ അഞ്ചുരുളി ടണലിന്റെ മുഖത്തോളം വെളളം കയറും.
ഇന്ത്യയില്‍ ഒറ്റപ്പാറയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ തുരങ്കങ്ങളില്‍ ഒന്നാണിത്. മലകള്‍ക്കപ്പുറം 4.75 കിലോമീറ്റര്‍ (2.8 മൈല്‍) ദൂരെ നിന്നും പാറതുരന്ന് നിര്‍മ്മിച്ച ടണല്‍. അതിന്റെ അവസാനഭാഗം കാണപ്പെടുന്നത് അഞ്ചുരുളിയിലാണ്. ഇടുക്കി ആര്‍ച്ച് ഡാമിന്റെ ജലസംഭരണപ്രദേശത്തിന്റെ അവസാന ഭാഗമാണ് ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്ക് സമീപം കാഞ്ചിയാര്‍ വില്ലേജില്‍ പെട്ട ഈ സ്ഥലം. ഈ ടണലില്‍ കൂടിയാണ് ഇരട്ടയാര്‍ ഡാമില്‍ നിന്നുളള ജലം ഇടുക്കി ജലസംഭരണിയില്‍ എത്തിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2430 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടെയുളള ഗുഹാമുഖവും വെളളച്ചാട്ടവുമാണ് ഏറെ ആകര്‍ഷകം.
1970-73 കാലത്ത് ഇടുക്കി ഡാം നിര്‍മ്മിക്കുമ്പോള്‍ വൃഷ്ടിപ്രദേശങ്ങള്‍ കണ്ടെത്തി വെളളം ജലസംഭരണിയില്‍ എത്തിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. ഇടുക്കി ജലസംഭരണിയിലെ ജലം കുളമാവ് വഴി മൂലമറ്റത്ത് എത്തിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. 1974 മാര്‍ച്ച് 10-നാണ് ഈ ടണലിന്റെ നിര്‍മാണം ആരംഭിച്ചത്. 1980 ജനുവരി 30-ന് ഉത്ഘാടനം ചെയ്തു. ആറുവര്‍ഷം കൊണ്ടാണ് നാല് കിലോമീറ്റര്‍ ദൂരമുളള തുരങ്കം നിര്‍മ്മിച്ചത്. ഇന്നത്തെപ്പോലെ സാങ്കേതിക വിദ്യ വികസിക്കാത്ത കാലമാണെന്ന് ഓര്‍ക്കണം. ടണല്‍ നിര്‍മ്മിച്ചത് കോലഞ്ചേരിക്കാരന്‍ പൈലിയാണ്. വശങ്ങളുള്‍പ്പടെ 5.5 കിലോമീറ്റര്‍ നീളമുളള ടണലിന് 24 അടി വ്യാസമുണ്ട്. അഞ്ചുരുളിയില്‍ നിന്നും ഇരട്ടയാറില്‍ നിന്നും ഒരേ സമയം പണി നടത്തിയായിരുന്നു നിര്‍മ്മാണം. നിര്‍മാണസമയത്ത് 22 പേര്‍ അപകടത്തില്‍ മരിച്ചു. മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ടണല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 2000 അടിക്ക് മുകളില്‍ ഉയരമുണ്ട് ഈ മലയ്ക്ക്!
എങ്ങനെയാണ് അഞ്ചുരുളിയില്‍ വെളളം എത്തുന്നത് എന്ന് നോക്കാം. പാറക്കടവിലൂടെ കടന്നു വരുന്ന തോടും വണ്ടന്‍മേട്ടില്‍ നിന്ന് എത്തുന്ന തോടും കൂടി കൂട്ടാറില്‍ വച്ച് ഒന്നുചേരുന്നു. കൂട്ടാറില്‍ നിന്നും ആറൊഴുകി തൂക്കുപാലം എന്ന സ്ഥലത്ത് കൂടി നെടുങ്കണ്ടത്ത് എത്തുന്നു. അവിടെ വച്ച് കോമ്പയാറുമായി ചേര്‍ന്ന് കല്ലാറില്‍. കല്ലാറില്‍ നിന്നും ടണലിലൂടെ വെളളം ഇരട്ടയാര്‍ ഡാമിലെത്തുന്നു. അവിടെ ശേഖരിക്കപ്പെടുന്ന ജലം നാലേമുക്കാല്‍ കിലോമീറ്റര്‍ ഈ തുരങ്കത്തിലൂടെ സഞ്ചരിച്ചാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലസംഭരണിയില്‍ എത്തുന്നത്. അത് അഞ്ചുരുളിയിലാണ്. അതിനാലാണ് അഞ്ചുരുളി ഒരു പ്രകൃതിരമണീയതയുളള പ്രദേശമായി മാറുന്നത്. ടണലിലൂടെ ഒഴുകി വരുന്ന ജലം ഇടുക്കി ജലസംഭരണിയിലേക്ക് പതിക്കുന്ന രംഗം മനോഹരമായ കാഴ്ചയാണ്.
ജലസംഭരണിയിലേക്ക് വെള്ളം പതിക്കുന്നു
ഈ ടണലിലൂടെ വേനല്‍ക്കാലത്ത് സഞ്ചാരികള്‍ നടക്കാറുണ്ടെങ്കിലും അത് പ്രോത്സാഹിപ്പിക്കാവുന്നതല്ല. കാരണം അഞ്ചു കിലോമീറ്റര്‍ അപ്പുറം കാണാന്‍ കഴിയാത്ത ദൂരമാണ്. കുറച്ചു നടന്നു കഴിഞ്ഞാല്‍ പിന്നെ ഇരുട്ടുമാത്രം. കൂടാതെ ഇരട്ടയാറില്‍ നിന്നും വെളളം തുറന്നുവിടുന്നത് എപ്പോഴെന്ന് അറിയണമെന്നില്ല. അതിനാല്‍ അത്തരം പ്രവൃത്തികള്‍ക്ക് മുതിരാതിരിക്കുന്നതാവും നല്ലത്.
അര്‍ധനിത്യഹരിതവനത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പുല്‍മേടുകള്‍ നിറഞ്ഞ മലഞ്ചരിവ് ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. സഹ്യപര്‍വ്വതത്തിന്റെ ഭാഗമായ ഈ മലയിലേക്ക് നല്ല കാലാവസ്?ഥയുളളപ്പോള്‍ ട്രക്കിംഗിനായി വിനോദസഞ്ചാരികള്‍ പോകാറുണ്ട്. കല്യാണത്തണ്ട് എന്നാണ് ഈ മലയുടെ പേര്.
നല്ലയിനം പുഴമത്സ്യസമ്പത്തുളള സംഭരണിയാണിത്. അതിനാല്‍ എപ്പോള്‍ അവിടെ എത്തിയാലും മീന്‍ പിടിക്കുന്നവരെ കാണാം. ചിലര്‍ ചൂണ്ടയുമായിട്ടാണ് വണ്ടികളില്‍ എത്തുന്നത്. ചിലര്‍ വല വീശി മീന്‍ പിടിക്കാറുണ്ട്. മഴ കഴിഞ്ഞുളള ദിനങ്ങളാണ് അഞ്ചുരുളിയില്‍ എത്താന്‍ പറ്റിയ കാലാവസ്ഥ. ആ സമയത്ത് ട്രക്കിംഗ് അനുവദിക്കാറുണ്ട്. കാഞ്ചിയാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്നുളള അനുമതിയോടെ വേണം ട്രക്കിംഗിന് പോകാന്‍.
സന്ദര്‍ശകര്‍ക്കുള്ള മുന്നറിയിപ്പ് മലകളാലും പുല്‍മേടുകളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഇടുക്കി അണക്കെട്ടിന്റെ ജലസംഭരണി നയനമനോഹരമായ കാഴ്ചയാണ്. ജലസംഭരണിയുടെ വിവിധ ഭാഗങ്ങളില്‍ ഇറങ്ങാനുളള വഴികളുണ്ടെങ്കിലും കുട്ടികളെ അവിടെ ഇറങ്ങുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുന്നതാണ് നല്ലത്. ജലസംഭരണിക്ക് നല്ല ആഴമുളളതാണ്. കരയില്‍ നിന്നും നോക്കുമ്പോള്‍ അത് തോന്നുകയില്ല. അതിനാല്‍ ജലസംഭരണിയിലേക്കുളള ഇറക്കം അപകടം ക്ഷണിച്ചുവരുത്തുവാന്‍ സാധ്യതയുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ വെളളം കുടിക്കാനെത്തുന്ന മൃഗങ്ങളെയും ജലസംഭരിണിയില്‍ കാണാം എന്ന് ഒരു തദ്ദേശവാസി പറഞ്ഞു.
ജലസംഭരണി ഏറെ പ്രൗഡിയൊന്നുമില്ലെങ്കിലും ജീവിതത്തില്‍ ഒരിക്കല്‍ സന്ദര്‍ശിക്കേണ്ട മനോഹരമായ പ്രകൃതിഭംഗിയുളള പ്രദേശമാണ് അഞ്ചുരുളി എന്ന് നിസ്സംശയം പറയാം. വികസനം തൊട്ടു തീണ്ടിയിട്ടില്ലെങ്കിലും ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു അഞ്ചുരുളി. ദിവസം തോറും നൂറുകണക്കിന് ടൂറിസ്റ്റുകള്‍ ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു. ഗ്രാമപഞ്ചായത്ത് എന്തൊക്കെയോ സംവിധാനങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും ഒന്നും നടപ്പിലാകുന്നില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തൊട്ടടുത്തുളള അയ്യപ്പന്‍കോവില്‍ അയ്യപ്പക്ഷേത്രം, തൂക്കുപാലം എന്നിവയെ ബന്ധപ്പെടുത്തി വികസനസാധ്യതകളുണ്ട്. ചെറുതോണിയിലേക്ക് ബോട്ട് സര്‍വ്വീസ് ആരംഭിക്കുന്ന കാര്യവും ചര്‍ച്ചയിലുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
കോട്ടയം, പത്തനംതിട്ട ഭാഗത്ത് നിന്നും വരുന്നവര്‍ കുട്ടിക്കാനത്ത് എത്തി അവിടെ നിന്നും കട്ടപ്പന റോഡില്‍ 30 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ നരിയംപറ്റ എന്ന സ്ഥലത്ത് നിന്നും ഇടത്തേക്ക് തിരിയുക. അവിടെ നിന്ന് കാഞ്ചിയാര്‍, കക്കാട്ടുകട വഴി സഞ്ചരിച്ചാല്‍ അഞ്ചുരുളിയില്‍ എത്താം. നരിയംപറ്റയില്‍ മുന്‍പ് ദേവസ്വം ബോര്‍ഡിന്റെ കോളജുണ്ടായിരുന്നു. ഈ കോളജാണ് പിന്നീട് കട്ടപ്പന ഗവണ്‍മെന്റ് കോളജായി മാറിയത്. നരിയംപറ്റയില്‍ നിന്നും മൂന്നര കിലോമീറ്റര്‍ മാത്രമേയുളളൂ അഞ്ചുരുളിയിലേക്ക്. വടക്കന്‍ ജില്ലകളില്‍ നിന്നും വരുന്നവര്‍ മൂവാറ്റുപുഴ, തൊടുപുഴ, മൂലമറ്റം, കുളമാവ്, ഇടുക്കി, ചെറുതോണി വഴി കട്ടപ്പന എത്തി അവിടെ നിന്നും കുട്ടിക്കാനത്തേക്കുളള റോഡില്‍ 10 കിലോമീറ്റര്‍ യാത്ര ചെയ്ത് നരിയംപറ്റ എത്തുക. തിരികെ വേണമെങ്കില്‍ കുട്ടിക്കാനം റൂട്ടിലൂടെ പോകാവുന്നതാണ്. നരിയംപറ്റ നിന്നും ചപ്പാത്ത്, ചിന്നാര്‍ എസ്‌റ്റേറ്റ് വഴി എലപ്പാറ എത്തുക. അവിടെ നിന്നും 17 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വാഗമണ്‍ എത്താം. അവിടെ നിന്നും കാഞ്ഞാര്‍, കുടയത്തൂര്‍ വഴി തൊടുപുഴ എത്താം. വാഗമണ്ണില്‍ നിന്നും ഈരാറ്റുപേട്ട, ഭരണങ്ങാനം, പാലാ വഴി കോട്ടയത്തും എത്താം.
സൗകര്യങ്ങള്‍: വാഹനം പാര്‍ക്ക് ചെയ്യാനും മറ്റു സൗകര്യങ്ങള്‍ ലഭ്യമാണ്. ചെറിയ ചായക്കടകളും ഒന്നോ രണ്ടോ മുറുക്കാന്‍ കടകളുമാണ് ഇവിടെയുളളത്. കുളിക്കാന്‍ താല്‍പ്പര്യമുളളവര്‍ തോര്‍ത്ത് കൊണ്ടുപോകുന്നത് നന്നായിരിക്കും. മൂത്രപ്പുരയോ വസ്ത്രം മാറാനുളള സൗകര്യവുമൊന്നും ഇവിടെ കാണുന്നില്ല.
https://www.facebook.com/Malayalivartha