ഹൈറേഞ്ചിന്റെ പ്രകൃതിയില്‍ വിസ്മയക്കാഴ്ചയായി പരുന്തുംപാറ
കുമളിയില്‍ നിന്ന് ഏകദേശം മുക്കാല്‍ മണിക്കൂറോളം നീണ്ട യാത്ര. ഹൈറേഞ്ചിന്റെ പ്രകൃതി ഭംഗിയില്‍ ലക്ഷ്യത്തിലെത്തുന്നത് അറിയില്ല.
സാമാന്യം വലിയ ഒരു പാറക്കൂട്ടം മാത്രം പ്രതീക്ഷിച്ചു വരുന്ന ആരേയും പരുന്തുംപാറയുടെ ആദ്യ ദര്‍ശനം തന്നെ വിസ്മയിപ്പിക്കും. ഉയരത്തില്‍, അതിവിശാലമായി പരന്നു കിടക്കുന്ന ഒരു കുന്നിന്‍പ്രദേശമെന്ന് ഒറ്റനോട്ടത്തില്‍ ഇതിനെ വിശേഷിപ്പിക്കാം.
ഇടയ്ക്കിടെ ചെങ്കുത്തായി ഉയര്‍ന്നു നില്‍ക്കുന്ന വലിയ പാറക്കൂട്ടങ്ങള്‍. കുറേ ഭാഗത്ത് മലയുടെ നിറുക ഒരു പുല്‍മേടു പോലെ വിശാലമായി പരന്നു കിടക്കുന്നു. അതിന്റെ അതിരുകളിലെത്തുമ്പോള്‍ അഗാധമായ കൊല്ലികളാണു കണ്ണില്‍പ്പെടുക. സൂക്ഷിച്ചില്ലെങ്കില്‍ നിയന്ത്രണം വിട്ടു പതിക്കുന്നത് ആയിരക്കണക്കിനടി താഴ്ചയിലായിരിക്കും. ചിലയിടത്ത് പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഇറങ്ങിക്കയറാനായി വഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. പാറ മുനമ്പില്‍ സാഹസികമായി പോസ് ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുന്നവരും കുറവല്ല. മലനിരകളുടെ ഒരു വശം അവസാനിക്കുന്നത് അത്യഗാധമായ താഴ്ചയിലേക്കാണ്.
ഇവിടെ സുരക്ഷയ്ക്കായി അതിരില്‍ സ്റ്റീല്‍ പൈപ്പുകള്‍ ഉപയോഗിച്ച് ബാരിക്കേഡുകള്‍ പണിതിട്ടുണ്ട്. മലമുകളിലേക്ക് കയറിയെത്താന്‍ എളുപ്പത്തിനായി കോണ്ക്രീറ്റ് പടികളുമുണ്ട്. ഇവിടെ നിന്നുള്ള കാഴ്ച വര്‍ണ്ണനാതീതമാണ്. അകലെ ശബരിമലയുടെ ഹരിതാഭയാര്‍ന്ന പശ്ചാത്തലം ആകാശത്തിന്റെ അതിവിശാലതയ്ക്ക് അതിരിടുന്നു. ഒപ്പം പേരറിയാത്ത ഏതൊക്കെയോ മലനിരകള്‍. താഴെ അഗാധതയില്‍ തെളിയുന്ന നീര്‍ച്ചാലുകള്‍. സമുദ്രനിരപ്പില്‍ നിന്നു ഏകദേശം നാലായിരത്തോളം മീറ്റര്‍ ഉയരത്തിലാണിത്.
കണ്ടുകണ്ടിരിക്കെ ദൃശ്യങ്ങളെല്ലാം കോടമഞ്ഞിന്റെ പുകമറയിലേക്ക് മെല്ലെ അപ്രത്യക്ഷമാകും. നിരാശയോടെ പിന്‍തിരിയാനൊരുങ്ങുമ്പോള്‍ പെട്ടെന്ന് പൂര്‍വ്വാധികം വ്യക്തമായി എല്ലാം വീണ്ടും പ്രത്യക്ഷപ്പെടുന്നു. കാറ്റിന്റെ മായാജാലം. അതെ ഇവിടെ കഥാനായകന്‍ കാറ്റാണ്. പരുന്തുംപാറയുടെ ഓരോ കോണിലും അവന്റെ പ്രത്യക്ഷ സാന്നിദ്ധ്യമുണ്ട്. വിശാലമായ പുല്‍മേടുകളെ ചൂഴ്ന്നു നില്‍ക്കുന്ന കനത്ത നിശ്ശബ്ദതയില്‍ സഹ്യന്റെ സഹജമായ ശുദ്ധിയും സുഗന്ധവും ഉന്മേഷവും പേറുന്ന പ്രവാഹമായി അത് വന്നു പൊതിയുന്നു. ഒരു വല്ലാത്ത ഒരനുഭൂതിയാണത്. വെയിലിന്റെ ചൂട് ഒട്ടും അനുഭവപ്പെടുകയില്ല.
ഇനി പാറക്കൂട്ടങ്ങളുടെ ഇടയിലേക്കിറങ്ങിയാല്‍ കാറ്റ് ഒരു ചുഴിയായി നമുക്കു ചുറ്റും കറങ്ങുന്നത് മറ്റൊരതിശയം. നവചൈതന്യമായി പ്രകൃതിയുടെ മസ്സാജിങ്. ഇവിടെ ഓരോ കോണിലും കാറ്റിന് ഓരോ ഭാവം. പരുന്തുംപാറയുടെ ഏറ്റവും വലിയ ആകര്‍ഷണമായി അനുഭവപ്പെടുന്നത് ഈ കാറ്റിന്റെ സാന്നിദ്ധ്യമാണ്. ഇവിടെ വന്നവര്‍ ഇതൊരിക്കലും മറക്കില്ലെന്നുറപ്പാണ്. എന്നിട്ടും എന്തുകൊണ്ടോ ഇവിടേക്കുള്ള യാത്രാവിവരണങ്ങളിലൊന്നും ഈ കാറ്റിനെപ്പറ്റി പരാമര്‍ശിച്ചു കണ്ടിട്ടില്ല.
പരുന്തിനെപ്പറ്റി പറഞ്ഞപ്പോഴാണോര്‍മ്മിച്ചത്. ഇവിടെ പ്രധാന ആകര്‍ഷണമായി ഒരു വലിയ പാറക്കൂട്ടമുണ്ട്. ഒരു വലിയ പരുന്ത് പറക്കാനൊരുങ്ങുന്നതു പോലെയുള്ള ഇതിന്റെ രൂപമാണ് ഈ സ്ഥലത്തിന് പരുന്തുംപാറ എന്ന വിളിപ്പേരുണ്ടാക്കിയത് എന്നൊരഭിപ്രായമുണ്ട്. എന്നാല്‍ ധാരാളം പരുന്തുകള്‍ വന്നിരിക്കുന്ന സ്ഥലമായതുകൊണ്ട് ആ വഴിക്കും പേരു വീണിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നു തോന്നി. രബീന്ദ്രനാഥടാഗോറിന്റെ രൂപവുമായി അതിശയകരമായ സാദൃശ്യമുള്ള മറ്റൊരു പാറയും ഇവിടെയുണ്ട്.
ഏതായാലും മേല്‍പ്പറഞ്ഞ പാറയില്‍ എത്തിപ്പെടണമെങ്കില്‍ അല്‍പ്പം സാഹസികര്‍ക്കേ പറ്റൂ. നല്ല ധൈര്യമില്ലാത്തവര്‍ ഇതിനു മുതിരരുത്. വിസ്മയക്കാഴ്ചകള്‍ക്ക് ചുറ്റും പഞ്ഞമില്ലാത്തതുകൊണ്ട് അതൊരു നഷ്ടമായി കണക്കാക്കേണ്ടതുമില്ല. ഇവിടെ പാറവിളുമ്പിലിരുന്നുള്ള ദൃശ്യാനുഭവം പകര്‍ത്താന്‍ വാക്കുകള്‍ക്കാവില്ല. അത് നേരിട്ടു തന്നെ അറിയണം. ആകാശത്ത് പൊങ്ങിക്കിടക്കുന്ന ഒരു വലിയ ബലൂണിലിരുന്ന് താഴോട്ടു നോക്കുന്നതു പോലെ. നിവര്‍ത്തിയിട്ട ഛായാചിത്രം പോലെ ഭൂമി. ലാലേട്ടന്റെ ഭ്രമരത്തിലെ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് ഇവിടെ വച്ചായിരുന്നു.
എന്തായാലും പരുന്തുംപാറ പ്രശസ്തിയിലേക്കു കുതിക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകള്‍ വിചാരിച്ചാല്‍ തീര്‍ച്ചയായും ദൈവത്തിന്റെ സ്വന്തം നാടിന്റെ തിലകക്കുറികളിലൊന്നായി പരുന്തും പാറ മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇടുക്കി ജില്ലയിലെ ഹൈറേഞ്ചില്‍, പീരുമേടിനു സമീപത്തായി പ്രകൃതി കാത്തുവച്ചിരിക്കുന്ന ദൃശ്യ വിസ്മയമാണ് പരുന്തുംപാറ. കോട്ടയം കുമളി റോഡില്‍, പീരുമേട്ടില്‍ നിന്നും ആറ് കിലോമീറ്റര്‍ ദൂരം. തേക്കടിയില്‍ നിന്നും 25 കിലോമീറ്ററും. വലിയ വാഹനങ്ങള്‍ക്കും അനായാസം എത്തിപ്പെടാം. തിരക്കു മൂലം ഇടയ്ക്ക് പരുന്തും പാറയ്ക്കുള്ള പ്രവേശനകവാടമായ കല്ലാറിനടുത്ത് റോഡ് അല്‍പം തകര്‍ന്നതായി അറിയാന്‍ കഴിഞ്ഞു. അതുപോലെ ഇടക്കാലത്ത് പുലിയുടെ സാന്നിദ്ധ്യം സഞ്ചാരികള്‍ക്ക് ചെറിയ തടസ്സം സൃഷ്ടിച്ചിരുന്നു.പരുന്തും പാറയുടെ സൌന്ദര്യം നുകരാനെത്തുന്നവരെ ഇതൊന്നും പിന്തിരിപ്പിക്കുന്നില്ലെന്നത് മറ്റൊരു വസ്തുത.
ഒരു അര്‍ദ്ധദിനം ചെലവഴിക്കാനുള്ള വക ഇവിടെയുണ്ട്. ഋതുഭേദങ്ങള്‍ക്കനുസരിച്ച് ഇവിടുത്തെ കാലാവസ്ഥയിലും മാറ്റങ്ങളുണ്ടാകാറുണ്ട്. മൂടല്‍മഞ്ഞില്ലെങ്കില്‍ ശബരിമലയിലെ മകരവിളക്ക് ഇവിടെ നിന്നു വ്യക്തമായി ദര്‍ശിക്കാമെന്നു പറയുന്നു.
അസ്തമയം പോലെത്തന്നെ പരുന്തും പാറയിലെ ഉദയവും മനോഹരമായ ദൃശ്യാനുഭവമാണെന്ന് അനുഭസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.. ദൂരദിക്കില്‍ നിന്നും വരുന്നവര്‍ മറ്റു കേന്ദ്രങ്ങളും കൂടി ഉള്‍പ്പെടുത്തി വ്യക്തമായ പ്ലാനിങ്ങോടുകൂടെ എത്തിയാല്‍ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.
പത്തോളം ടൂറിസ്റ്റ് സ്‌പോട്ടുകള്‍ പരുന്തുംപാറയ്ക്കു അധികം അകലെയല്ലാതെ ഉണ്ട്. ഈയിടെയായി സര്‍ക്കാര്‍ ഇവിടെ ചില സൗകര്യങ്ങളൊക്കെ ഏര്‍പ്പെടുത്തിയിട്ടുണ്ടന്നാണറിവ്.
ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. (ഫോണ്‍ നമ്പര്‍ 04862232248)
https://www.facebook.com/Malayalivartha