മഴക്കാലത്ത് തെക്കിന്റെ കാശ്മീരായ മൂന്നാറിലേക്ക്
മഴക്കാലം ആസ്വദിക്കാന്‍ തെക്കിന്റെ കാശ്‌മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചു. ഹരിതാഭമായ തേയിലക്കാടുകളും കൊടുമുടികളും കിഴുക്കാംതൂക്കായ പാറകളും കുന്നുകളും താഴ്‌വരകളും വെള്ളച്ചാട്ടങ്ങളും അണക്കെട്ടുകളും വൈദ്യുതി നിലയങ്ങളും എല്ലാം സഞ്ചാരികളുടെ മനസിനും കണ്ണിനും കുളിര്‍മയേകുന്നു. മൂന്നാറിനു സമീപമുള്ള മറയൂര്‍ ചന്ദനക്കാടുകളും ലോക സഞ്ചാര ഭൂപടത്തിലേ ക്കുയര്‍ത്തുന്ന കണ്ണന്‍ ദേവന്‍ തേയിലതോട്ടങ്ങളും നയന മനോഹര കാഴ്‌ചകള്‍ സമ്മാനിക്കുന്നു. കൊച്ചി-മധുര ദേശീയപാതയില്‍ നേര്യമംഗലവും പെരിയാറും പിന്നിട്ട് അടിമാലി പഞ്ചായത്തിലേക്ക് പ്രവേശിക്കുന്നതോടെ സഞ്ചാരികളുടെ മനം നിറയും.
കാടും മലയും താണ്ടി കൊടും വളവുകളിലൂടെ സഞ്ചരിച്ച് വളവുകള്‍ കടന്ന് ചീയപ്പാറ-വാളറ വെള്ളച്ചാട്ടങ്ങള്‍ ആസ്വദിച്ച് അടിമാലി ടൗണിലെത്തുമ്പോള്‍ കൊരങ്ങാട്ടി മലയില്‍ നിന്നുള്ള വെള്ളച്ചാട്ടം കണ്ണിന് കുളിര്‍മയേകും. രാജഭരണ കാലത്ത് സ്ഥാപിച്ച പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയും ചിത്തിരപുരവും കഴിയുന്നതോടെ നോക്കെത്താ ദൂരത്ത് പച്ചവിരിച്ച തേയില തോട്ടങ്ങളുടെ കാഴ്‌ചയായി. കോടമഞ്ഞു പുതച്ച കുന്നുകള്‍ താണ്ടി യാത്ര തുടര്‍ന്നാല്‍ പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഹെഡ് വര്‍ക്ക്‌സ് ഡാമും കടന്ന് തെക്കിന്റെ കാശ്‌മീരായ മൂന്നാറിലെത്താം.
മൂന്നാറിനു ചുറ്റും പ്രകൃതി ഒരുക്കിയ നിരവധി കാഴ്‌ചകളാണുള്ളത്. വംശനാശം നേരിടുന്ന വരയാടുകളുടെ വിഹാര കേന്ദ്രമായ ഇരവികുളം നാഷണല്‍ പാര്‍ക്ക്, ചന്ദനക്കാടുകള്‍ വളരുന്ന മഴനിഴല്‍ പ്രദേശമായ മറയൂര്‍, അത്യപൂര്‍വ ചാമ്പല്‍ മലയണ്ണാനും നക്ഷത്ര ആമയും വസിക്കുന്ന ചിന്നാര്‍ വന്യജീവി സങ്കേതം, മുനിയറകള്‍, ദേവികുളം തടാകം, നീലക്കുറിഞ്ഞിയും, വിവിധ തരം പുഷ്‌പങ്ങളും നിറഞ്ഞ മൂന്നാര്‍ മലനിരകള്‍, ഇവിടുത്തെ തണുപ്പു തേടിയെത്തുന്ന വിവിധയിനം പക്ഷികള്‍ എന്നിവയും സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കുന്നു.
മൂന്നാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന നല്ലാര്‍, പാലാര്‍, കന്നിയാര്‍ എന്നിവ മൂന്നാറില്‍ സംഗമിച്ച് മുതിരപ്പുഴയാറെന്ന പേരില്‍ പടിഞ്ഞാറോട്ടൊഴുകി പെരിയാറിന്റെ പോഷക നദിയായി മാറുന്നു. മുതിരപ്പുഴയിലാണ് സര്‍ സി.പി. രാമസ്വാമി അയ്യര്‍ ഹെഡ് വര്‍ക്‌സ് ഡാമും കല്ലാര്‍കുട്ടി ഡാമും സ്ഥിതി ചെയ്യുന്നത്. നിരവധി പ്രകൃതി നിര്‍മ്മിത തടാകങ്ങളും മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കല്‍, ചെങ്കുളം, പൊന്മുടി, കല്ലാര്‍കുട്ടി, അണക്കെട്ടുകളും ഇവിടുത്തെ പ്രത്യേകതയാണ്.
മൂന്നാറിന് 15 കിലോമീറ്റര്‍ അകലെ ഇരവികുളം നാഷണല്‍ പാര്‍ക്ക് അറിവും വിനോദവും സമന്വയിപ്പിച്ച് സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കുന്നു. ട്രക്കിംഗിനും തേയില ത്തോട്ടങ്ങളുടെ മനോഹരമായ കാഴ്‌ചയ്‌ക്കും പാര്‍ക്കില്‍ അവസരമുണ്ട്. നീലക്കുറിഞ്ഞി പൂക്കുന്ന കാലത്ത് ഇവിടെ നിന്ന് ആ മനോഹരമായ കാഴ്‌ച സൗകര്യ പ്രദമായി ആസ്വദിക്കാം. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ആനമുടി പീക്ക് ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ പരിധിക്കുളളിലാണ് സ്ഥിതി ചെയ്യുന്നത്.
സമുദ്ര നിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തില്‍ മൂന്നാര്‍ പട്ടണത്തിന് 13 കിലോമീറ്റര്‍ അകലെയാണ് മാട്ടുപ്പെട്ടി എന്ന മനോഹരമായ പ്രദേശം. കുളിര്‍മ്മ പകരുന്ന തടാകവും പ്രദേശത്തിന്റെ പ്രകൃതി രമണീയത ആസ്വദിക്കാവുന്ന ബോട്ടുസവാരിയും മാട്ടുപ്പെട്ടിയിലുണ്ട്. എന്നാല്‍ ഇന്‍ഡോസ്വിസ് ഡയറി ഫാമിന്റെ പേരിലാണ് ഇവിടം പ്രസിദ്ധം. മൂന്നാറിനു സമീപമാണ് പവര്‍ ഹൗസ് വെളളച്ചാട്ടം എന്നറിയപ്പെടുന്ന ചിന്നക്കനാല്‍ വെളളച്ചാട്ടം. ചിന്നക്കനാലില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയായാണ് ആനയിറങ്ങല്‍. തേയിലത്തോട്ട ങ്ങളുടെ നീണ്ട നിരയാണിവിടെ. മൂന്നാറില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തില്‍ മൂന്നാര്‍ കെടൈക്കനാല്‍ റോഡിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥലമാണ് ടോപ്പ് സ്‌റ്റേഷന്‍. ടാറ്റാ ടീയുടെ നല്ലതാന്നി എസ്‌റ്റേറ്റില്‍ സ്ഥിതി ചെയ്യുന്ന ടീ മ്യൂസിയവും മനംമയക്കും കാഴ്‌ചയാണ്.
https://www.facebook.com/Malayalivartha