കുട്ടനാട് സഞ്ചാരികളുടെ ഹൃദയഭൂമി
കൊതുമ്പുവളളം മുതല്‍ ഹൗസ്‌ബോട്ടുവരെ നിറഞ്ഞ് നില്‍ക്കുന്ന കായല്‍ സൗന്ദര്യത്തിന്റെ മുഖഛായയുമായി ഒരു വിനോദസഞ്ചാര കാലത്തിന്റെ വാതില്‍ തുറന്നു കൊണ്ട് കുട്ടനാട് സഞ്ചാരികള്‍ക്ക് വേണ്ടി ഒരുങ്ങി കഴിഞ്ഞു. നീണ്ടുനിവര്‍ന്ന് കിടക്കുന്ന തുരുത്തുകളുടെ സഞ്ചയമാണ് ഇവിടം. കേരളത്തിന്റെ സൗഭാഗ്യമെന്നോണം പ്രകൃതി നല്‍കിയ പച്ചപ്പിന്റെ ഈ നാട് എന്നും സ്വദേശികളും വിദേശികളുടമായ ടൂറിസ്റ്റുകള്‍ക്ക് ആവേശമാണ്.
മണ്ണില്‍ പണിയെടുക്കുന്ന കുട്ടനാട്ടുകാര്‍ മാത്രമല്ല ദൂരസ്ഥലങ്ങളില്‍ നിന്ന് ഇവിടെയെത്തിയ വിവിധങ്ങളായ തൊഴിലുകളിലേര്‍പ്പെട്ടിരിക്കുന്ന അസംഖ്യം മനുഷ്യര്‍ക്കും കിഴക്കിന്റെ വെനീസിന്റെ ഈ ഹൃദയഭൂമി പ്രിയപ്പെട്ടതാണ്. അവിടെയാണി ഇനി ജലമേളകളുടെ പൂരങ്ങള്‍ കായല്‍പരപ്പില്‍ ആഘോഷമായി കൊണ്ടാടാന്‍ പോകുന്നത്. കേരളത്തിലെ ജലമേളകളിലെ ഈറ്റില്ലമാണ് കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ.
ഇവിടെനിന്നാണ് വളളംകളിയുടെ ആര്‍പ്പുവിളികളും വഞ്ചിപാട്ടിന്റെ ഈണവും താളവും കേരളമാകെ ഏറ്റുവാങ്ങുന്നത്. ഓഗസ്റ്റ് മാസത്തിന്റെ രണ്ടാം ശനിയാഴ്‌ച നടക്കുന്ന വിശ്വപ്രശസ്‌തി ആര്‍ജിച്ച നെഹ്രു ട്രോഫി ജലമേളയാണ് അതില്‍ പ്രധാനം. ഈ വളളം കളി ഉള്‍പ്പടെ ഡസന്‍ കണക്കിന് ജലമേളകളാണ് ഓണകാലം കഴിയുന്നത് വരെ കുട്ടനാട്ടിലും സമീപദേശങ്ങളിലെ കായല്‍ പുരങ്ങളിലും നടക്കുക.അതിന്റെ വശ്യതയും ചാരുതയും മറ്റൊരു ജലകായിക മേളക്കുമില്ല. കായല്‍ പരപ്പിലെ ഓളങ്ങളെ കീറിമുറിച്ച് മിന്നല്‍ പിണര്‍പോലെ ചീറിപായുന്ന ചുണ്ടന്‍ വളളങ്ങളും അതിന് സമാനമായ മറ്റിനം വളളങ്ങളും ഈ മേളകളുടെ സവിശേഷതയാണ്. മണിക്കൂറുകളോളയും നീണ്ടുനില്‍ക്കുന്ന ജലമായമാങ്കം കാണാന്‍ ഇത്തവണയും വലിയ സംഘം സഞ്ചാരികളെയാണ് കുട്ടനാട് കാത്തിരിക്കുന്നത്.
ഇടവപാതിയിലൂടെ തകര്‍പ്പന്‍ മഴയില്‍ നിറഞ്ഞുകവിയുന്ന ജലാശയങ്ങള്‍ക്ക് മേല്‍ ഹര്‍ഷോന്മാദത്തോടെ നയമ്പെറിയാനുളള കാത്തിരിപ്പിലാണ് കുട്ടനാട്ടിലെ തുഴച്ചില്‍കാര്. ആഗസ്റ്റ് 9 ന് നടക്കുന്ന നെഹ്‌റുട്രോഫി ജലോത്സവത്തോടനുബന്ധിച്ചുളള ബുക്കിങ്ങും ആരംഭിച്ചു.
ഒരു യാത്ര കേവലം വളളംകളിയില്‍ മാത്രം ഒതുങ്ങുന്നില്ല അത് ദിവസങ്ങളോളം ഹൗസ് ബോട്ടുകളില്‍ താമസിച്ച് പുന്നമടയുടെയും വേമ്പനാടിന്റെയും കുമരകത്തിന്റെയുമൊക്കെ ജീവിതം കണ്ടറിഞ്ഞ് മാത്രമേ മടങ്ങാന്‍ കഴിയൂ. ആലപ്പുഴയുടെ പാരമ്പര്യവും പുരാതനവുമായ സ്ഥലങ്ങളും ചരിത്രശേഷിപ്പികളും കാണുന്നതോടൊപ്പം കുട്ടനാട്ടിലൂടെ ഒരു യാത്രയും ടൂറിസ്റ്റുകള്‍ക്ക് ഏറെ പഥ്യമാണ്. ആഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെയാണ് ടൂറിസം വകുപ്പ് കൂടൂതല്‍ സഞ്ചാരികളെ പ്രതീക്ഷിക്കുന്ന മാസങ്ങളെങ്കിലും കാര്‍മേഘം ഉരുണ്ടുകൂടിയ ജൂണില്‍ തന്നെ സഞ്ചാരികളുടെ വരവ് തുടങ്ങിക്കഴിഞ്ഞു. ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത് ഫ്രാന്‍സില്‍ നിന്നാണ്.ഔദ്യോഗിക കണക്ക് പ്രകാരം രണ്ടേകാല്‍ ലക്ഷത്തോളം സ്വദേശി ടൂറിസ്റ്റുകളാണ് 2013 - ല്‍ ആലപ്പുഴയില്‍ എത്തിയത്. ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര, കര്‍ണാടക, തമിഴ്‌നാട്, ഡെല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്കും ഇവിടം ഏറെ പ്രിയപ്പെട്ടതാണ്.
വളളങ്ങളുടെ നാടായ കൂട്ടനാട്ടില്‍ ഹൗസ്‌ബോട്ട് ടൂറിസം ശക്തി പ്രാപിച്ചു കഴിഞ്ഞു. ഏകദേശം 1500 ഓളം ഹൗസ് ബോട്ടുകളാണ് കുട്ടനാടിന്റെ പല ഭാഗങ്ങളിലും സഞ്ചാരികളെ കാത്തുകിടക്കുന്നത്. സ്വദേശിയെന്നോ വിദേശിയെന്നോ ഭേദമില്ലാതെ ഈ നാട് സഞ്ചാരികള്‍ക്കായി ഒരു സീസണ്‍ കാലത്തിനായി ഒരുങ്ങി കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha