കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ കോട്ട; അട്ക്ക കോട്ട
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്ത് നിലവിലുള്ള കോട്ട കുമ്പള ആരിക്കാടി കോട്ടയാണെന്നാണ് ജില്ലാ പഞ്ചായത്ത് 18 വര്‍ഷം മുന്‍പ് ഇറക്കിയ 'കാസര്‍കോട് ചരിത്രവും സമൂഹവും' എന്ന ഗ്രന്ഥം പറയുന്നത്. എന്നാല്‍ അതു ശരിയല്ലെന്നതിനു ചരിത്ര സാക്ഷ്യമാണ് മംഗല്‍പാടി പഞ്ചായത്തില്‍ ഷിറിയ വില്ലേജിലെ അട്ക്ക കോട്ട.
റവന്യു അധികൃതരുടെ രേഖകളില്‍ ഷിറിയ പുഴയോരത്തുള്ള അട്ക്ക കോട്ടയുടെ വിസ്തീര്‍ണത്തെക്കുറിച്ചു തിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും അധികൃതര്‍ക്കും ഇവിടെ കോട്ടയുണ്ടെന്നറിയില്ല. അതു കാടുമൂടിയ പ്രദേശമാണെന്നു മാത്രം. 6.07 ഏക്കറാണെന്നു റവന്യു രേഖകളില്‍ കാണുമ്പോള്‍ 8.40 ഏക്കര്‍ ആണു കോട്ട കിടക്കുന്ന സ്ഥലത്തിന്റെ വിസ്തൃതിയെന്നു സമീപവാസികളുടെ പക്ഷം. ഏതായാലും 6.07 ഏക്കര്‍ കോട്ട സ്ഥലം റവന്യു സ്ഥലമായി നിലനില്‍ക്കുന്നുവെന്നത് ആശ്വാസം.
മറ്റു കോട്ടകളുടേതു പോലെ കോട്ടസ്ഥലം അന്യാധീനപ്പെട്ടിട്ടില്ല. ഏതാനും കിണറുകളും കിടങ്ങുകളും കോട്ടയില്‍ നിന്നു ഷ്റിയ പുഴയിലേക്കു തുറന്നുകിടക്കുന്ന ഗുഹകളും അട്ക്ക കോട്ടയിലുണ്ടെന്നു സമീപവാസികള്‍ പറയുന്നു. മുള്ളുള്‍പ്പെടെയുള്ള കാടുകള്‍ മുടിയ കോട്ടയുടെ അകത്തളത്തിലേക്കു പ്രവേശിക്കാനാകുന്നില്ല. മണ്‍പുറ്റുകളും ധാരാളം. പീരങ്കി സ്ഥാപിച്ചതിന്റെ അടയാളമായി പലയിടങ്ങളിലായി പീരങ്കി ദ്വാരങ്ങള്‍ ഇപ്പോഴും അടയാതെ കിടപ്പുണ്ട്. പുറമേ നിന്ന് ഇതു കാണാം.
ഏകശിലാ ഭിത്തിയിലും ചെത്തുകല്ലുകള്‍ കൂട്ടിക്കെട്ടിയുമായിട്ടാണു കോട്ട പണിതിട്ടുള്ളത്. ചുറ്റും രണ്ടു മീറ്ററോളം വീതിയിലും താഴ്ചയിലും കനാല്‍. ഇതു കടന്ന് അഞ്ചു മീറ്റര്‍ ഉയരത്തിലാണു കോട്ടമതില്‍. കാടുമൂടപ്പെട്ട കോട്ടയും പരിസരവും ഔഷധസസ്യങ്ങളുടെ കലവറയാണ്. പടയോട്ടത്തിനും സുരക്ഷാ താവളമായി ഉപയോഗിച്ചതിന്റെയും അവശിഷ്ടങ്ങളും സാമഗ്രികളും കാണാം. പല ഭാഗങ്ങളും ഇടിഞ്ഞുവീണു കിടക്കുന്നുണ്ട്. എന്നാല്‍ ചരിത്ര സ്മാരകമായി കോട്ടയും പരിസരവും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.
കോട്ടയിലെത്തിയാല്‍ കോട്ടയെ തഴുകിയൊഴുകുന്ന ഷിറിയ പുഴ രണ്ടു കിലോമീറ്റര്‍ അകലെയുള്ള കടലില്‍ ചേരുന്നതിന്റെയും ഇച്ചിലംകോട്, ബംബ്രാണ, ഷിറിയ പ്രദേശങ്ങളുടെ ഹരിതഭംഗിയും ആകാശക്കാഴ്ചയും സൂര്യോദയവും അസ്തമയവും ഉള്‍പ്പെടെ കാണാനാകും. കാടുമൂടിയതിനാല്‍ ഈ കാഴ്ചയ്ക്കു വഴിയില്ലാതായി. കോട്ടയ്ക്കകത്തേക്കു കയറുകയെന്നതും ദുഷ്‌കരമായി.
കുമ്പള ആരിക്കാടി കോട്ടയ്ക്കും ബന്തിയോടിനും ഇടയില്‍ ദേശീയപാതയില്‍ മുട്ടത്തു നിന്ന് ഒന്നര കി.മീറ്റര്‍ കിഴക്കാണ് അട്ക്ക കോട്ട. ഷിറിയ പുഴയുടെ വടക്കു കിഴക്കായിട്ടാണ് ചരിത്ര സ്മാരകമായി മറഞ്ഞുകിടക്കുന്ന കോട്ട. കോട്ടയുടെ പഴക്കം എഴുന്നൂറോളം വര്‍ഷം പഴക്കമുള്ളതായിരിക്കാം കോട്ടയെന്ന് അധ്യാപകനും പത്രപ്രവര്‍ത്തകനുമായിരുന്ന മലര്‍ ജയറാം റായ് പറയുന്നു. ജലഗതാഗതം വഴി വാണിജ്യ ഇടപാടുകള്‍ നടത്തിയിരുന്ന കാലത്ത് പോര്‍ച്ചുഗീസുകാരുമായി നടത്തിയ ചെറുത്തുനില്‍പിന്റെ കഥകള്‍ തോറ്റംപാട്ടുകളിലുണ്ട്.
കെളദി രാജവംശത്തിന്റെയോ ഇക്കേരി രാജവംശത്തിന്റെയോ കാലത്തായിരിക്കാം കോട്ട പണിതത്. രാമക്ഷത്രിയ, കോട്ടെയാരു വിഭാഗത്തില്‍പെട്ട കുടുംബങ്ങളുടെ കണ്ണിയായി ഒരു കുടുംബം ഇപ്പോഴും ബത്തേരിക്കല്‍ കടപ്പുറത്ത് താമസമുണ്ട്. കോട്ട കാവലിനു നിയോഗിച്ചവരുടെ പിന്തുടര്‍ച്ചക്കാരായിരിക്കാം ഈ കുടുംബം. കോട്ടയുടെ സമീപത്തുള്ള മൈതാനം പോലെയുള്ള സ്ഥലമുണ്ട്. ഇതു കുതിര പടയോട്ടം നടത്തുന്നതിനുള്ള പരിശീലന കേന്ദ്രമായി ഉപയോഗിച്ചതായിരിക്കാമെന്നു പറയുന്നു. ഈ സ്ഥലം ഇപ്പോള്‍ സ്വകാര്യഭൂമിയാണ്. കോട്ടയുടെ സ്ഥലം 8.40 ഏക്കര്‍ ഉണ്ടായിരുന്നുവെന്നു പൊതുപ്രവര്‍ത്തകന്‍ അബ്ദുല്‍റഹ്മാന്‍ ബന്തിയോട് പറയുന്നു. കോട്ടയും പരിസരവും സംരക്ഷിച്ചു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കണമെന്നാണ് ഇരുവരുടെയും ആവശ്യം. ഇതിനുള്ള പദ്ധതി ജില്ലാ പഞ്ചായത്തിനു സമര്‍പ്പിച്ചിട്ടുണ്ടെന്നു മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോട് പറഞ്ഞു.
https://www.facebook.com/Malayalivartha