എല്ലാ മലകളും കീഴടക്കാനുള്ളതല്ലെന്ന് ട്രെക്കിംഗിന് പോകുന്നവര്‍ ഓര്‍ക്കണം
സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഹരമാണ് ട്രെക്കിംഗ്. പ്രകൃതിയിലേക്ക് ഇറങ്ങി നടന്നുള്ള കാഴ്ചകള്‍ ആവേശം നല്‍കുന്നതാണെങ്കിലും വേണ്ട മുന്‍കരുതലില്ലാതെ ട്രെക്കിംഗ് നടത്തുന്നത് വന്‍ അപകടം വിളിച്ചു വരുത്തുന്നതാണ്. അടുത്തിടെയുണ്ടായ അപകടങ്ങള്‍ സൂചിപ്പിക്കുന്നതും അതുതന്നെ, ട്രെക്കിംഗിന് പോകുന്നവര്‍ സുരക്ഷയ്ക്കായി ചില കാര്യങ്ങള്‍ ഓര്‍മ്മിക്കണം.
ട്രെക്കിംഗിന് പോകുന്നവര്‍ ശ്രദ്ധിക്കേണ്ടത്
1, നമ്മുടെ കാടുകളില്‍ ട്രെക്കിംഗിനു പറ്റിയ സമയം ഒക്ടോബര്‍ തുടങ്ങി ജനുവരി വരെ ആണ്. ജനുവരിക്ക് ശേഷം കാടുകള്‍ എല്ലാം തന്നെ വരണ്ടുണങ്ങി കിടക്കും. നല്ല ചൂടാണ്, കാട്ടുതീക്കുള്ള സാധ്യതയും കൂടുതലാണ്. കാണാന്‍ കാടിന്റെ മനോഹാരിതയും അധികമുണ്ടാവില്ല. വേനലില്‍ കാട്ടില്‍ കൂടിയുള്ള നടത്തം നാട്ടില്‍ നടക്കുന്നത് പോലെയേ ഉള്ളൂ. മഴക്കാലത്തുള്ള ട്രെക്കിംഗും അപകടം പിടിച്ചതാണ്. അഞ്ച് പേരില്‍ അധികം ഒന്നിച്ചു ട്രെക്കിംഗിന് പോകരുത്. ഒരാള്‍ മിസ് ആയാല്‍ പോലും ബാക്കിയുള്ളവര്‍ അറിഞ്ഞെന്ന് വരില്ല.
2, ട്രെക്കിംഗിന് പോകുന്നവര്‍ ഡിപ്പാര്‍ട്‌മെന്റിന്റെ പെര്‍മിഷന്‍ എടുത്ത് അവരുടെ ഗൈഡിന്റെ ഒപ്പം പോകുന്നതാണ് നല്ലത്. ഗൈഡ് ആ സ്ഥലത്തെ കുറിച്ചു നല്ല ധാരണയുള്ളവര്‍ ആയിരിക്കും. പല വഴികള്‍ അറിഞ്ഞിരിക്കുന്നത് കൊണ്ട് എന്തെങ്കിലും അപകടം പിണഞ്ഞാല്‍ ഉപകാരപ്പെടും. അവിടുള്ള ജീവ ജാലങ്ങളെ പറ്റിയും അറിവുള്ള ആള്‍ ആയിരിക്കണം ഗൈഡായി വരുന്ന ആള്‍.
3, എത്ര മിടുക്കന്‍ ഗൈഡാണെങ്കിലും ട്രെക്കിംഗ് അപകടം പിടിച്ച ഒന്നാണ്. ഒറ്റയാന്‍, ഒറ്റക്ക് നില്‍ക്കുന്ന കാട്ടുപോത്ത്, കരടി തുടങ്ങിയവയെ ഒന്നും പെട്ടെന്ന് കണ്ടെത്താന്‍ പറ്റില്ല. അതുകൊണ്ടാണ് കാട്ടില്‍ ജനിച്ചു വളര്‍ന്ന ആദിവാസി സഹോദരന്‍മാര്‍ പോലും അപകടത്തില്‍ പെടുന്നത്.
4, കാട്ടുതീ പിടിച്ചാല്‍ കാറ്റ് അടിക്കുന്ന സൈഡിലേക്ക് വളരെ പെട്ടെന്ന് തീ പടരും. എവര്‍ ഗ്രീന്‍ സ്ഥലത്തേക്ക് മാറുക, പുല്ലില്ലാത്ത പാറക്കെട്ടിലേക്ക് കയറുക, അരുവിയുള്ളിടത്തേക്ക് മാറുക ഇതൊക്കെയാണ് രക്ഷപ്പെടാനുള്ള മാര്‍ഗം. അതറിയാനും സ്ഥല പരിചയമുള്ള ആള്‍ കൂടെ വേണം.
5, പുകവലി നിര്‍ബന്ധമായും കാട്ടില്‍ ഒഴിവാക്കുക. ക്യാമ്പ് ഫയര്‍, കാട്ടിലെ പാചകം എന്നിവയും ഒഴിവാക്കേണ്ടതാണ്.
6, സഫാരി വണ്ടികള്‍ ഉള്ളിടത്തു അത് പ്രയോജനപ്പെടുത്തുക. ഫോട്ടോഗ്രാഫേഴ്‌സിന് നല്ല പടങ്ങളും കിട്ടും. നടന്നെടുക്കുന്ന പടത്തിനു മുന്‍ഗണന ഉണ്ടാകണമെന്നില്ല. ഫോട്ടോഗ്രാഫര്‍ സബ്‌ജെക്റ്റുമായി സേഫ് ഡിസ്റ്റന്‍സ് സൂക്ഷിക്കുക. കഴിവതും ഉയര്‍ന്ന ഫോക്കല്‍ ലെങ്ത് ഉള്ള ലെന്‍സ് ഉപയോഗിക്കുക.
7, അപകടം വന്നാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗം സ്വയം കണ്ടെത്തേണ്ടി വരും. തേനിയില്‍ ഉണ്ടായ തീ പിടുത്തത്തില്‍ വഴികാട്ടി ഓടി രക്ഷപെട്ടു. ബാക്കിയുള്ളവരില്‍ പലരും കുടുങ്ങി. അടുത്ത ദിനങ്ങളില്‍ തന്നെയാണ് കബനിയില്‍ ഐ എഫ് എസ് ഉദ്യോഗസ്ഥന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അവിടെയും സഹപ്രവര്‍ത്തകര്‍ എല്ലാം ഓടി. അദ്ദേഹത്തിന് പെട്ടെന്ന് മാറാന്‍ പറ്റിയില്ല. നമ്മളെ രക്ഷിക്കാന്‍ നമ്മളെ ഉള്ളൂ എന്നറിയുക.
8, കാട്ടിലുള്ള ജലാശയത്തില്‍ ഇറങ്ങുമ്പോഴും സൂക്ഷിക്കുക. ആഴം, ചുഴി ഇവയൊക്കെ അപകടം വരുത്തും.
ആത്യന്തികമായി ഒരു കാര്യം എപ്പോഴും മനസില്‍ കുറിച്ചിടുക. എല്ലാ മലകളും കീഴടക്കാനുള്ളതല്ല!
https://www.facebook.com/Malayalivartha