കേരളത്തിന്റെ ഗ്രാമ്യഭംഗിയും കായല്‍ സൗന്ദര്യവും ലോകത്തോട് വിളിച്ചുപറയാന്‍ 28 രാജ്യങ്ങളില്‍ നിന്നുള്ള ബ്ലോഗര്‍മാര്‍
ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി കുമരകത്തിന്റെ ഗ്രാമ്യഭംഗി നുകര്‍ന്ന് അന്താരാഷ്ട്ര ബ്ലോഗര്‍മാര്‍. 28 രാജ്യങ്ങളില്‍ നിന്നുള്ള ബ്ലോഗര്‍മാരാണ് കായല്‍ സൗന്ദര്യം ആസ്വദിച്ചും ഗ്രാമീണ ജീവിത രീതികള്‍ കണ്ടറിഞ്ഞും സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ബ്ലോഗേഴ്‌സ് എക്‌സ്പ്രസിന്റെ ഭാഗമായത്.
സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജിന്റെ ഭാഗമായി വിവിധ പരമ്പരാഗത കാഴ്ച്ചകള്‍ കണ്ടറിയാനും അനുഭവിക്കാനുമാണ് അന്താരാഷ്ട്ര ബ്ലോഗര്‍മാര്‍ കേരളത്തിലെത്തിയത്. ഇത് അഞ്ചാം തവണയാണ് സംസ്ഥാന ടൂറിസം വകുപ്പ് ബ്ലോഗേഴ്‌സ് എക്‌സ്പ്രസ് സംഘടിപ്പിച്ചത്.
കുമരകം കവണാറ്റിന്‍ കരയിലെത്തിയ ബ്ലോഗര്‍മാരെ സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കായല്‍ സൗന്ദര്യം ആസ്വദിക്കാനും ഗ്രാമീണ ജീവിത രീതികള്‍ കണ്ടറിയാനും ബ്ലോഗര്‍മാര്‍ മത്സരിക്കുകയായിരുന്നു. കയര്‍ പിരിക്കലും തെങ്ങ് കയറ്റവും ഓലമെടയലും തഴപ്പായനെയ്ത്തുമെല്ലാം അവര്‍ ആവോളം അസ്വദിച്ചു. കൂട്ടത്തിലുള്ള ചിലര്‍ തെങ്ങുകയറാനും അനുഭവം പങ്കുവയ്ക്കാനും തയ്യാറായി.
ഗ്രാമവാസികള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും അവര്‍ സമയം കണ്ടെത്തി. ഓണ്‍ലെന്‍ വോട്ടിംഗിലൂടെയാണ് 28 രാജ്യങ്ങളില്‍ നിന്നുള്ള 42 ബ്ലോഗര്‍മാരെ കേരളം തിരഞ്ഞെടുത്തത്.
മൂന്നാഴ്ച്ചക്കാലം അവര്‍ കേരളത്തിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. കേരളത്തിലെ അനുഭവങ്ങളും കുമരകത്തിന്റെ മനോഹാരിതയുമെല്ലാം ഇനി ഈ ബ്ലോഗര്‍മാര്‍ ലോകത്തിന് പരിചയപ്പെടുത്തും.
https://www.facebook.com/Malayalivartha