കോള്‍ പാടങ്ങളിലേക്ക് വിനോദയാത്ര നടത്താം; വയല്‍കാറ്റ് ആസ്വദിക്കാം, ദേശാടന പക്ഷികളെ കാണാം
തൃശൂരിന്റെ കോള്‍ പാടങ്ങളിലൂടെ സഞ്ചരിച്ച് അപൂര്‍വ്വങ്ങളായ ദേശാടനപക്ഷികളെയും നാടന്‍ കിളികളെയും കണ്ട് മറ്റ് അനവധി വ്യത്യസ്ത അനുഭവങ്ങളുമായൊരു യാത്രയ്ക്ക് അവസരം ഒരുങ്ങുന്നു. ഇത്തരമൊരു യാത്രയ്ക്ക് അവസരമൊരുക്കിയിരിക്കുന്നത് കേരള ടൂറിസം വകുപ്പിനു കീഴിലുള്ള അതിരപ്പിള്ളി-വാഴച്ചാല്‍-തുമ്പൂര്‍മുഴി ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലാണ്.
കോള്‍പാടങ്ങള്‍ കൂടാതെ, ചേറ്റുവ കായല്‍, കാനോലി കനാലില്‍ കണ്ടല്‍ കാടുകള്‍ക്കിടയിലൂടെ ബോട്ടിംഗ്, ചാവക്കാട് ബീച്ച് എന്നിവയെല്ലാം ഉള്‍പ്പെടുന്ന പാക്കേജാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. രാവിലെ ഏഴിന് ചാലക്കുടി പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നിന്ന് ആരംഭിച്ച് 7.30-ന് തൃശൂരില്‍ എത്തി കോള്‍പാടങ്ങളിലൂടെ സഞ്ചരിച്ച് പക്ഷികളെ അടുത്തറിഞ്ഞ് വയല്‍ കാറ്റേറ്റ് നീങ്ങാം.
ഇതോടൊപ്പം പ്രഭാതഭക്ഷണം പാടവരമ്പത്തെ ചെറിയ നാടന്‍ ചായക്കടയില്‍ നിന്നാണ്. തുടര്‍ന്ന് ചേറ്റുവയിലേക്ക്. ഇവിടെ കായലിനോടു ചേര്‍ന്നുള്ള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ റസ്‌റ്റോറന്റില്‍ ഉച്ചഭക്ഷണം ലഭ്യമാക്കും. തുടര്‍ന്ന് ചേറ്റുവ കായലും കാനോലി കനാലും ഇഴചേരുന്ന പക്ഷികളുടെ പറുദീസയായ കണ്ടല്‍ കാടുകള്‍ക്കിടയിലൂടെ ബോട്ടിംഗ്.
കേരളത്തിലെ കണ്ടല്‍സൗന്ദര്യത്തെക്കുറിച്ചുള്ള വിവരണത്തോടൊപ്പമാണ് ബോട്ട് സവാരി. കണ്ടലുകള്‍ക്കിടയിലുള്ള അപൂര്‍വ്വയിനം ജലജീവികളെയും കാണാനാകും.സായാഹ്നസൂര്യന്റെ സൗന്ദര്യം നുകര്‍ന്ന് ചാവക്കാട് ബീച്ചിലേക്ക്. ബാല്യകാല സ്മരണകളെ ഓര്‍മപ്പെടുത്തിക്കൊണ്ട് പട്ടം പറത്തിക്കൊണ്ട് ബീച്ചിലൂടെയുള്ള നടത്തം നവ്യമായ ഒരനുഭവമാകും.
അവിടെനിന്ന് തിരിച്ച് രാത്രി എട്ടിന് ചാലക്കുടിയില്‍ എത്തുന്ന വിധമാണ് ക്രമീകരണങ്ങള്‍. ഈ യാത്രയ്ക്ക് 850 രൂപ മാത്രമാണ് നിരക്ക്. വിശദവിവരങ്ങള്ക്കും ബുക്കിംഗിനുമായി 0480 2769888, 9497069888 നമ്പറുകളില്‍ വിളിക്കാം.
https://www.facebook.com/Malayalivartha