ഊഞ്ഞാപ്പാറ ഗ്രാമം വിനോദസഞ്ചാരികളെക്കൊണ്ടു പൊറുതിമുട്ടി!
ഇരുചക്രവാഹനങ്ങളുടെയും മറ്റും വിപണി ശക്തമായതോടെ ആഭ്യന്തരടൂറിസം സ്‌പോട്ടുകളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരവധി പ്രദേശങ്ങള്‍ ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സഞ്ചാരങ്ങള്‍ ദുരിതത്തിലാക്കുന്നവരെപ്പറ്റി സഞ്ചാരികള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ സഞ്ചാരികള്‍ മൂലം ദുരിതത്തിലായ ഒരു ഗ്രാമമുണ്ട് കോതമംഗലത്ത്. ആ കഥയാണ് ഇനി പറയുന്നത്.
കോതമംഗലത്ത് കീരംപാറ പഞ്ചായത്തിലെ ഊഞ്ഞാപ്പാറയിലാണ് ആയിരങ്ങളെ ആകര്‍ഷിക്കുന്ന നീര്‍പ്പാലം. ഭൂതത്താന്‍കെട്ട് ഡാമില്‍ നിന്ന് ജല അതോറിറ്റിയുടെ കോതമംഗലത്തെ ജലസംഭരണിയിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ പാച്ചിറ ഭാഗത്തെ നീര്‍പ്പാലമാണിത്. സമൂഹമാധ്യമങ്ങളിലൂടെ പ്രദേശത്തെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് തണുത്ത വെള്ളത്തില്‍ മതിമറന്ന് കുളിക്കാനായി സഞ്ചാരികള്‍ ഇവിടെ കൂട്ടമായി എത്തി തുടങ്ങിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഭൂതത്താന്‍കെട്ട് , തട്ടേക്കാട്, ഇടമലയാര്‍ തുടങ്ങിയ പ്രദേശങ്ങള്‍ അടുത്തുള്ളതും യുവാക്കള്‍ സംഘമായി ഇങ്ങോട്ടെത്തുന്നതിന് പ്രധാന കാരണമാണ്.
സമൂഹമാധ്യമങ്ങളിലൂടെയാണ് സഞ്ചാരലോകത്ത് കോതമംഗലം ഊഞ്ഞാപ്പാറയിലെ നീര്‍പ്പാലം ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് ഇപ്പോള്‍ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍. സഞ്ചാരികളുടെ തിരക്കേറിയതോടെ ദുരിതത്തിലായിരിക്കുകയാണ് നാട്ടുകാര്‍. നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനടക്കം ഉപയോഗിക്കുന്ന വെള്ളം സോപ്പും എണ്ണയും കലര്‍ത്തി വിനോദസഞ്ചാരികള്‍ ്മലിനമാക്കുന്നതാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. അവധിക്കാലം തുടങ്ങിയതോടെ ഇങ്ങോട്ട് വന്‍ ജനപ്രവാഹമാണ്. വേനല്‍ക്കാലത്ത് ശുദ്ധ ജലത്തില്‍ കുളിച്ച് തിമിര്‍ക്കാന്‍ ഇതിലും പറ്റിയ ഇടമില്ലെന്നാണ് സഞ്ചാരികള്‍ പറയുന്നത്. എന്നാല്‍ ജനബാഹുല്യത്തില്‍ കുടിവെള്ളം മലിനമാകുന്നുവെന്നും നീര്‍്പ്പാലത്തിന് ബലക്ഷയമുണ്ടാകുമെന്നുമാണ് നാട്ടുകാരുടെ പരാതി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പെരിയാര്‍വാലി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയിരിക്കയാണ് നാട്ടുകാര്‍.
വിനോദസഞ്ചാരകേന്ദ്രത്തിന് വേണ്ട യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത സ്ഥലത്തേക്ക് നിത്യേന ആയിരക്കണക്കിന് പേര്‍ എത്തുന്നത് സൈ്വരജീവിതം തകര്‍ക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. നീര്‍പ്പാലത്തില്‍ ഒരേ സമയം ഇത്രയധികം ആളുകള്‍ കയറുന്നത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകുമെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
നേരത്തെ കനാലില്‍ നിന്ന് നേരിട്ട് കുടിവെള്ളം ശേഖരിച്ചിരുന്ന നാട്ടുകാര്‍ക്ക് ഇപ്പോള്‍ അതിനും കഴിയാത്ത സ്ഥിതിയാണ്. നിരവധി പേര്‍ കുളിക്കുന്നത് മൂലം ജലഅതോറിറ്റി വഴി വിതരണം ചെയ്യേണ്ട ജലം മലിനമാകുന്നുവെന്നും പരാതിയുണ്ട് . നൂറോളം പ്രദേശവാസികള്‍ ചേര്‍ന്നാ ണ് ഊഞ്ഞാപ്പാറ കനാല്‍ സംരക്ഷണ ജനകീയ സമിതി രൂപീകരിച്ച് പെരിയാര്‍വാ ലി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ഭീമഹര്‍ജി നല്‍കിയിരിക്കുന്നത്.
ഊഞ്ഞാപ്പാറയിലെ ഈ കഥ ഒറ്റപ്പെട്ടതാവണമെന്നില്ല. സഞ്ചാരികളുടെ ഒഴുക്കു മൂലം ദുരിതം അനുഭവിക്കുന്നവര്‍ പലയിടങ്ങളിലും ഇനിയുമുണ്ടാകും. അതിനാല്‍ യാത്രകളൊക്കെ വെറും കെട്ടുകാഴ്ചകളാവാതിരിക്കാന്‍ സഞ്ചാരികള്‍ ശ്രദ്ധിക്കുക. ചെന്നെത്തുന്ന ഇടങ്ങളെക്കുറിച്ച് ബോധവാന്മാരാകുക. അവിടങ്ങളിലെ മനുഷ്യജീവിതങ്ങളെക്കുറിച്ച് ഒരുനിമിഷമെങ്കിലും ചിന്തിക്കുക.
(
https://www.facebook.com/Malayalivartha