രാമക്കല്‍മേട്ടിലെ ടൂറിസം വികസനത്തിന് 1.38 കോടിയുടെ പദ്ധതികളുടെ രൂപരേഖ തയാറായി
രാമക്കല്‍മേട്ടിലെ ടൂറിസം വികസനത്തിനായി അനുവദിച്ച 1.38 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ രൂപരേഖ തയാറായതായി ഡി.ടി.പി.സി. സെക്രട്ടറി ജയന്‍ പി.വിജയന്‍ അറിയിച്ചു. ടൂറിസം വികസനത്തിനും, അടിസ്ഥാന സൗകര്യ വികസനത്തിനുമായി 1.38 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ടൂറിസം സീസണിന് മുന്നോടിയായി രാമക്കല്‍മേട്ടില്‍ ഡി.ടി.പി.സി.യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെയും, ജനപ്രതിനിധികളുടെയും, പോലീസ്, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ വിവിധ പദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ടൂറിസം വികസന പദ്ധതികളുടെ ഉദ്ഘാടനം ഏപ്രില്‍ അവസാന വാരത്തോടെ സംഘടിപ്പിക്കാനാണ് ഡി.ടി.പി.സി.യുടെ പദ്ധതി. ഇതോടൊപ്പം 30 ലക്ഷം രൂപ മുടക്കി നിര്‍മിച്ച വാച്ച് ടവറിന്റെ ഉദ്ഘാടനവും നടക്കും.
രാമക്കല്‍മേട്ടില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളേര്‍പ്പെടുത്താനാണ് പദ്ധതികള്‍ തയാറാക്കിയിരിക്കുന്നത്. ആധുനിക ടിക്കറ്റ് കൗണ്ടര്‍, സഞ്ചാരികള്‍ക്ക് നടപ്പാതകള്‍, പാര്‍ക്കിങ് സൗകര്യം എന്നിവയ്ക്കാണ് പ്രഥമ പരിഗണന. രാമക്കല്‍മേടിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്തുന്നതിനും, കുടിവെള്ളം, വിശ്രമകേന്ദ്രം, മാലിന്യ സംസ്‌കരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പദ്ധതികളുണ്ട്.
മൊട്ടക്കുന്നിന്റെ പച്ചപ്പ് നിലനിലനിര്‍ത്തുന്നതിനായി 'ഗ്രീന്‍ കാര്‍പ്പറ്റ്' എന്ന പേരില്‍ പ്രത്യേക പദ്ധതിയും ഇതോടൊപ്പം നടപ്പാക്കും. കുറവന്‍ കുറത്തി ശില്‍പ്പത്തിനടുത്തേക്കുള്ള റോഡിന്റെ ആറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും, ശില്‍പം രാത്രിയിലും കാണത്തക്കവിധത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. ആമക്കല്ലിലേക്കുള്ള റോപ് വേ ഉള്‍പ്പെടെയുള്ള പദ്ധതികളെക്കുറിച്ച് സാധ്യതാപഠനം നടന്നുവരികയാണ്.
https://www.facebook.com/Malayalivartha