ഡോള്‍ഫിനുകളോടൊപ്പം സായാഹ്നം ആസ്വദിക്കാന്‍ ബേപ്പൂരിലേക്ക് വരൂ
തുറമുഖവും പുലിമുട്ടും കപ്പലുകളും ഉരുവും ലൈറ്റ് ഹൗസുമെല്ലാമായി ബേപ്പൂര്‍ നിങ്ങളെ കാത്തിരിക്കുന്നു. ബേപ്പൂരും ചാലിയത്തും അഴിമുഖത്തിന് അഭിമുഖമായിപ്പണിത പുലിമുട്ടുകളാണ് മുഖ്യാകര്‍ഷണം. ഒരുകിലോമീറ്ററിലധികം ദൂരം വരുന്ന ഇന്റര്‍ലോക്ക് വിരിച്ച കടല്‍പ്പാതയിലൂടെയുള്ള നടത്തം വേറിട്ട അനുഭവമാണ്. തിരമാലകള്‍ ചുറ്റിലും ആഞ്ഞടിക്കുന്നതിനിടെ പുലിമുട്ടുകള്‍ക്ക് ഇരുവശവുമായി ചിലപ്പോഴൊക്കെ ഡോള്‍ഫിനുകളെയും കാണാം.
രാവിലെയും വൈകിട്ടുമുള്ള സൂര്യോദയ അസ്തമയ ദൃശ്യങ്ങളാണ് മറ്റൊരു കാഴ്ചഭംഗി. ബേപ്പൂര്‍ പുലിമുട്ടിലെ നടപ്പാതയിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. പക്ഷേ സമാന്തരമായി കിടക്കുന്ന ചാലിയം പുലിമുട്ടില്‍ ടൈല്‍ വിരിക്കാത്തതിനാല്‍ പുലിമുട്ടിന്നറ്റം വരെ കാറിലും ഇരുചക്രവാഹനങ്ങളിലും പോകാം. ബേപ്പൂരിലെ ജെട്ടിയില്‍ നിന്ന് ജങ്കാര്‍ വഴി അഞ്ച് മിനിറ്റുകൊണ്ട് ചാലിയത്തെത്താം. വാഹനങ്ങളുമായാണ് എത്തുന്നതെങ്കില്‍ അതില്‍ നിന്നിറങ്ങാതെ ജങ്കാറില്‍ കയറി യാത്രയാവാം. ബേപ്പൂര്‍ തുറമുഖത്തിന്റെ മൊത്തം പ്രകൃതിഭംഗി നുകരാന്‍ ജങ്കാര്‍ യാത്ര വഴിയൊരുക്കും.
ബേപ്പൂര്‍ തുറമുഖത്തിന്റെ മറുകരയാണ് കരുവന്തിരുത്തിദ്വീപ്. തൊട്ടരികിലായി പട്ടര്‍മാട് എന്ന ദ്വീപുമുണ്ട്. ബി.സി. റോഡിനടുത്ത കക്കാടത്ത് നദീമുഖത്തുകൂടെയാണ് ചാലിയാറിന്റെ കൈവഴികള്‍ ബി.സി. റോഡ് ചീര്‍പ്പ് പാലത്തിന്നടിയിലൂടെ ഒഴുകുന്നത്. കക്കാടത്ത് നദീമുഖത്തും പട്ടര്‍മാടും കരുവന്തിരുത്തിയിലും കരകൗശല വൈദഗ്ധ്യത്തിന്റെ പ്രതീകങ്ങളായ ഉരു നിര്‍മിക്കുന്ന ശാലകളാണ്.അവിടങ്ങളിലെത്തിയാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന ഉരുക്കള്‍ നിര്‍മിക്കുന്നത് കാണാം.തെങ്ങിന്തോപ്പുകളാല്‍ നിറഞ്ഞ കരുവന്തിരുത്തിയും പട്ടര്‍മാടും സഞ്ചാരികളെ കൊതിപ്പിക്കും. ബേപ്പൂര്‍ തുറമുഖത്തിന് അഭിമുഖമായി ഒരു കുടുംബം മാത്രം താമസിക്കുന്ന കോഴിത്തിരുത്തി എന്ന ദ്വീപുമുണ്ട്. കണ്ടല്‍ വനങ്ങളാല്‍ ചുറ്റപ്പെട്ട ഈ ദ്വീപ് ഒരുകാലത്ത് വിദേശ വിനോദസഞ്ചാരികളുടെ പറുദീസയായിരുന്നു. ഫറോക്കില്‍ നിന്ന് തോണികളിലാണ് സഞ്ചാരികള്‍ അവിടെ എത്തിയിരുന്നത്.
ബേപ്പൂര്‍ പുലിമുട്ട് റോഡിലെ ജെട്ടിയില്‍ നിന്ന് ജങ്കാര്‍ വഴി ചാലിയത്തെത്തിയാല്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ ബേപ്പൂര്‍ വൈറ്റ് ഹൗസ് കാണാം. കപ്പലുകള്‍ക്ക് വഴികാട്ടിയായ ഈ ലൈറ്റ് ഹൗസ് ടവറില്‍ നിന്ന് ബേപ്പൂര്‍ തുറമുഖത്തിന്റെ വിദൂര ദൃശ്യഭംഗി ആസ്വദിക്കാം. പുലിമുട്ടില്‍ നിന്ന് അല്പം വടക്ക് മാറിയാണ് ഗോതീശ്വരം ബീച്ച് റിസോര്‍ട്ട്.
ബേപ്പൂര്‍ തുറമുഖത്ത് നങ്കൂരമിട്ട യാത്രാകപ്പലുകളിലും മറ്റ് ജലയാനങ്ങളിലും കയറാം. അനുമതി വേണമെന്നു മാത്രം. ബേപ്പൂര്‍ തുറമുഖത്തേക്ക് പാസ് വഴിയായാണ് പ്രവേശനം. കസ്റ്റംസിന്റെ വിദേശനിര്‍മിത സ്പീഡ്, തീരരക്ഷാസേനയുടെ കപ്പലുകള്‍,ടഗ്ഗുകള്‍, യന്ത്രവല്‍കൃത ഉരുക്കള്‍ എന്നിവ തുറമുഖത്തെ സ്ഥിരം കാഴ്ചകളാണ്. ഉരുനിര്‍മാണത്തിന് പേരുകേട്ട ബേപ്പൂരില്‍ ഉരുവിന്റെ മാതൃകകളും ധാരാളമായി പ്രദര്‍ശനത്തിനും വില്‍പനയ്ക്കും വെച്ചിട്ടുണ്ട്. അനുമതിയോടെ ബോട്ടില്‍ ചാലിയാറിലൂടെ യാത്രയുമാവാം. ബേപ്പൂരിലും കൊളത്തറയിലും ഉല്ലാസനൗകയില്‍ യാത്രയ്ക്ക് സൗകര്യവുമുണ്ട്.
കോഴിക്കോട് നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് ബേപ്പൂര്‍ തുറമുഖം. പുലിമുട്ട് സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഡി.ടി.പി.സി ഓഫീസുമായി 0495 2720012 എന്ന നമ്പറില്‍ ബന്ധപ്പെടാം. തുറമുഖ സന്ദര്‍ശകര്‍ക്ക് 9446732148 എന്ന നമ്പറില്‍ സീനിയര്‍ പോര്‍ട്ടല്‍ കണ്‍സവേറ്റര്‍ ഡി.പി.ഗിരീഷിനെ ബന്ധപ്പെടാം. ബി.സി റോഡിലെ ഉരു നിര്‍മാണ ശാലയിലെത്തുന്നവര്‍ക്ക് ഉരുശില്‍പി എടത്തൊടി സത്യനുമായി ബന്ധപ്പെടാം. നമ്പര്‍ 9447246207.
https://www.facebook.com/Malayalivartha