കരവിരുതിന്റെ ആസ്ഥാനം സര്‍ഗാലയ
ഉത്തരവാദിത്വ ടൂറിസം എന്നനിലയില്‍ കരകൗശലമേഖലയില്‍ സംസ്ഥാനത്ത് ആദ്യമായി സ്ഥാപിതമായ ഇരിങ്ങലിലെ സര്‍ഗാലയ കലാകരകൗശല ഗ്രാമം സംസ്ഥാനസര്‍ക്കാര്‍ വിനോദസഞ്ചാരികള്‍ക്കായി തിരഞ്ഞെടുത്ത 12 മികച്ച ടൂറിസം അനുഭവങ്ങളിലൊന്നാണ്. ഈ ഗ്രാമം കുറഞ്ഞകാലംകൊണ്ടുതന്നെ രാജ്യത്തിന്റെ ശ്രദ്ധനേടി.
കേന്ദ്ര വിനോദസഞ്ചാരമന്ത്രാലയം നല്‍കുന്ന രാജ്യത്തെ ഏറ്റവും മികച്ച ഗ്രാമീണ വിനോദസഞ്ചാര പദ്ധതിക്കുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ലഭിച്ച ഒട്ടേറെ കലാകാരന്മാര്‍ ഇവിടെയുണ്ട്.
ഇരുപത് ഏക്കറില്‍ പരന്നുകിടക്കുന്ന സര്‍ഗാലയയില്‍ 27 കുടിലുകളിലായി 63 തരം കരകൗശല പവിലിയനുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവ കാണാനും വാങ്ങാനും കഴിയുന്നതോടൊപ്പം നിര്‍മാണവും നേരില്‍ മനസ്സിലാക്കാം എന്നുള്ളതാണ് സര്‍ഗാലയയുടെ പ്രത്യേകത. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള നൂറിലേറെ കലാകാരന്മാര്‍ കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നു. മുള, കൈതോല, കുളവാഴ, വാഴനാര്, കോറപ്പുല്ല്, ചകിരി, തെങ്ങിന്തടി, ചിരട്ട, നെല്‍വിത്ത്, മഞ്ചാടിക്കുരു, ചൂരല്‍ , തുടങ്ങിയ പ്രകൃതിദത്ത വിഭവങ്ങള്‍ കൊണ്ടുണ്ടാക്കിയ വൈവിധ്യമേറിയ കരകൗശല ഉല്‍പന്നങ്ങള്‍, കേരള മ്യൂറല്‍ പെയിന്റിങ്, ആഭരണങ്ങള്‍, കൈത്തറി ശില്‍പങ്ങള്‍ തുടങ്ങി ഒട്ടനവധി വൈവിധ്യങ്ങളുണ്ട്.
കുറ്റിയാടി പുഴയുടെ ഭാഗമായ കോട്ടപ്പുഴയോട് ചേര്‍ന്നുനില്‍ക്കുന്ന സര്‍ഗാലയയില്‍ എത്തുന്നവര്‍ക്ക് മോട്ടോര്‍ ബോട്ടും ശിക്കാര്‍ബോട്ടും ഉപയോഗപ്പെടുത്താം. പാറക്കുളത്തില്‍ സ്വയം പോകാന്‍ കഴിയുന്ന പെഡല്‍ ബോട്ടിങ്ങും ഉണ്ട്. കുട്ടികള്‍ക്കായി മിനി ചില്‍ഡ്രന്‍സ് പാര്‍ക്കുമുണ്ട്. അവധിക്കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമുണ്ട്. മ്യൂറല്‍ പെയിന്റിങ്, ടെറാക്കോട്ട, ക്രാഫ്റ്റ്‌സ്, മെറ്റല്‍ എന്‍ഗ്രേവിങ് ക്രാഫ്റ്റസ്, ഇക്കോ ജൂവലറി മേക്കിങ് എന്നിവയില്‍ പരിശീലനംനല്കുന്നു. നൃത്തം, സംഗീതം, ചിത്രരചന എന്നിവയും പഠിക്കാം.
കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാരുടെ വീരകൃത്യങ്ങള്‍ക്ക് താങ്ങുംതണലും സാക്ഷിയുമായ ഇരിങ്ങല്‍ പാറയുടെ പശ്ചാത്തലം ഈ ഗ്രാമത്തിലെത്തുന്നവരില്‍ ദേശാഭിമാനത്തിന്റെ സ്മരണകളും ഉണര്‍ത്തും. എല്ലാവര്‍ഷവും ഡിസംബറില്‍ ഇവിടെ അന്താരാഷ്ട്ര കരകൗശലമേള നടത്തിവരുന്നു. വിനോദസഞ്ചാരവകുപ്പിന്റെ കീഴിലുള്ള സര്‍ഗാലയയുടെ നടത്തിപ്പുചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്. സര്‍ഗാലയയില്‍ നിന്ന് ഒരുകിലോമീറ്റര്‍ മുന്നോട്ട് കോട്ടക്കല്‍ വരെ പോയാല്‍ കുഞ്ഞാലിമരയ്ക്കാരുടെ സ്മാരകഭവനവും മ്യൂസിയവും കാണാം. സമീപത്തുതന്നെയാണ് കോട്ടക്കല്‍ പള്ളിയും.
ദേശീയപാതയ്ക്ക് സമീപമാണ് ഇരിങ്ങല്‍ സര്‍ഗാലയ. കോഴിക്കോട് ഭാഗത്തുനിന്ന് ബസില്‍ വരുന്നവര്‍ വടകര മൂരാട് പാലം എത്തുന്നതിന് തൊട്ടുമുമ്പുള്ള മൂരാട് ഓയില്‍മില്‍ സ്‌റ്റോപ്പിലാണ് ഇറങ്ങേണ്ടത്. ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ ഇവിടെ നിര്‍ത്തും. ഇവിടെനിന്ന് ഇരുനൂറ് മീറ്റര്‍ പടിഞ്ഞാറോട്ട് പോയാല്‍ കോട്ടക്കല്‍ റെയില്‍വേ ഗേറ്റിനരികെയാണ് സര്‍ഗാലയ ഗ്രാമം.
തീവണ്ടിയില്‍ വരുന്നവര്‍ വടകര റെയില്‍വേ സ്‌റ്റേഷനിലിറങ്ങിയാണ് വരേണ്ടത്. വടകര ഭാഗത്തുനിന്ന് വരുമ്പോള്‍ കൊയിലാണ്ടി ഭാഗത്തേക്കുവരുന്ന ലോക്കല്‍ ബസിന് കയറിയാലും മതി. 40 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് ചാര്‍ജ്. കുട്ടികള്‍ക്ക് 30. സ്‌കൂളില്‍ നിന്ന് സംഘമായി വരുമ്പോള്‍ 20. ഭക്ഷണം, ബോട്ടിംഗ് ഉള്‍പ്പെടെയുള്ള പാക്കേജും വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായുണ്ട്. താമസസൗകര്യവുമുണ്ട്.
പത്തുമുതല്‍ ആറുവരെയാണ് സന്ദര്‍ശനസമയം. തിങ്കളാഴ്ച അവധിയാണ്.
https://www.facebook.com/Malayalivartha