കടല്‍ തീരത്തെ കാവല്‍ക്കാരന്‍
കാസര്‍കോടിലെ പള്ളിക്കര കടല്‍ തീരത്തു ഒരു കാവല്‍കാരനായി നില്‍ക്കുന്ന ബേക്കല്‍ കോട്ട കേരളത്തിലെ തന്നെ ഏറ്റവും വലിയ കോട്ടയാണ്. 1992 ല്‍ ബേക്കലിനെ സ്‌പെഷ്യല്‍ ടൂറിസം മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 95 ല്‍ ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷനും നിലവില്‍ വന്നു. കോട്ടയിലേക്കുള്ള പ്രവേശനസമയം രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചരവരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ പതിനേഴാം നൂറ്റാണ്ടില്‍ ഇക്കേരി നായ്‌ക്കരിലെ ശിവപ്പ നായിക്കാണ് നിര്‍മ്മിച്ചതെന്നു കരുതുന്നു. നാല്‍പ്പതേക്കറില്‍ ഏകദേശം വൃത്താകൃതിയില്‍ വ്യാപിച്ചു കിടക്കുന്ന കോട്ട. മൂന്നു വശവും കടലാണ്. കോട്ടയുടെ പ്രവേശന കവാടത്തിനടുത്ത് മുഖ്യപ്രാണ ആഞ്‌ജനേയ ക്ഷേത്രം. കോട്ടയുടെ തെക്കു ഭാഗത്തുള്ള ബീച്ചിനോടു ചേര്‍ന്ന് ബേക്കല്‍ ബീച്ച് ഗാര്‍ഡന്‍.
കോട്ടയുടെ പടിഞ്ഞാറു ഭാഗത്തുള്ള ചെറിയ പ്രവേശനദ്വാരം കടന്ന് പടവുകളിറങ്ങിയാല്‍ പാറക്കെട്ടുകള്‍ നിറഞ്ഞ മനോഹരമായ ബീച്ച് കാണാം. വലതു വശത്ത് കടലിലേക്ക് കൈനീട്ടിയെന്നപോലെ നില്‍ക്കുന്ന കൊത്തളം. അസ്‌തമനമാസ്വദിക്കാന്‍ പറ്റിയ അന്തരീക്ഷം. കോട്ടയുടെ നിയന്ത്രണം പൂര്‍ണ്ണമായും പുരാവസ്‌തു വകുപ്പിനാണ്. ചരിത്രപ്രധാന്യമുള്ള കേന്ദ്രമായതിനാല്‍ കോട്ടയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാണ്.
വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ കാസര്‍കോട് ജില്ലയുടെ മുഖഛായ തന്നെ മാറിമറയുകയാണിപ്പോള്‍. ബേക്കല്‍ കോട്ട കേന്ദ്രീകരിച്ച് വലിയപറമ്പ കായല്‍ യാത്ര, റാണിപുരം, കൊട്ടഞ്ചേരി, പൊസാഡിഗുംപെ ട്രക്കിങ്ങ് യാത്രകള്‍, മധൂര്‍, അനന്തപുരം ക്ഷേത്രങ്ങള്‍, മാലിക്‌ദിനാര്‍ പള്ളി എന്നിവിടങ്ങളിലേക്കുള്ള ആത്മീയ യാത്രകള്‍ എന്നിങ്ങനെ വ്യത്യസ്‌തവും ആകര്‍ഷകവുമായ സ്ഥലങ്ങള്‍ ഇവിടെയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha