സാധാരണക്കാരനായ ചാവറയച്ചന്‍ വിശുദ്ധ പദവിയിലേക്ക്
സാധാരണക്കാരില്‍ സാധാരണക്കരനായി ജനിച്ച് വളര്‍ന്ന് അവരുടെ ഇടയില്‍ ഒരാളായി പ്രവര്‍ത്തിച്ച് കര്‍മ്മനിരതവും വ്രതശുദ്ധവുമായ ജീവിതത്തിലൂടെ വിശുദ്ധ പദവിയിലേക്ക് എത്തിയിരിക്കുകയാണ് ചാവറയച്ചന്‍ എന്നറിയപ്പെടുന്ന ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍. അച്ചന്റെ അത്ഭുത സിദ്ധിയാല്‍ രോഗശാന്തിയും സമാധാനവും അനുഭവിക്കുന്ന പതിനായിരക്കണക്കിന് വിശ്വാസികള്‍ ലോകത്തിന്റെ നാനാഭാഗത്തുണ്ട്. അത്യുന്നതമായ വിശുദ്ധപദവിയില്‍ വിശ്വാസികളുടെ പ്രിയപ്പെട്ട അച്ചന്‍ എത്തുന്ന ഈ സന്ദര്‍ഭത്തില്‍ അച്ചനെ അടുത്തറിയാം.
1805 ഫെബ്രുവരി 10 ന് ആലപ്പുഴ ജില്ലയിലെ കൈനകരിയിലായിരുന്നു ചാവറയച്ചന്റെ ജനനം. കൈനകരി സീറോ മലബാര്‍ സഭയിലെ മറിയം തോപ്പിലിന്റെയും കുര്യാക്കോസ് ചാവറയുടെയും മകനായിരുന്നു കുര്യാക്കോസ് ഏലിയാസ്. കുട്ടിക്കാലത്തുതന്നെ സഹജീവികളോട് വല്ലാത്ത സഹാനുഭൂതിയുള്ളയാളായിരുന്നു ചാവറയച്ചന്‍. ദൈവികകാര്യങ്ങളോട് കുട്ടിക്കാലത്ത് തന്നെ വല്ലാത്ത മമതയായിരുന്നു. തുടര്‍ന്നാണ് പൗരോഹിത്യം പഠിക്കാന്‍ തീരുമാനിച്ചത്.
സെമിനാരി പഠനത്തിന്റെ ആരംഭകാലങ്ങളില്‍ തന്നെ അപ്പനും, അമ്മയും, ഏക സഹോദരനും പകര്‍ച്ചവ്യാധിയില്‍പ്പെട്ട് മരണമടഞ്ഞിരുന്നു. പ്രിയപ്പെട്ടവരുടെ വേര്‍പാടും, അതുമൂലം ജീവിതത്തിലുണ്ടായ ദുഖങ്ങളും വേദനകളും, മരിയ ഭക്തനായ ചാവറയച്ചന്‍ മാതാവിന്റെ കരങ്ങളില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ച് ശക്തി പ്രാപിച്ചു.
സെന്റ് ജോസഫ് പള്ളിയില്‍ വികാരിയുടെ കീഴിലാണ് ആദ്യം പൗരോഹിത്യത്തിന് പഠിച്ചു തുടങ്ങിയത്. 1818 ല്‍ പതിമൂന്നാം വയസ്സില്‍ പള്ളിപ്പുറത്തെ സെമിനാരിയില്‍ ചേര്‍ന്നു. മാല്‍പ്പന്‍ തോമസ് പാലയ്ക്കല്‍ ആയിരുന്നു റെക്ടര്‍. 1829 നവംബര്‍ 2 ന് അദ്ദേഹം പുരോഹിതനായി ചേന്നങ്കരി പള്ളിയില്‍ ആദ്യ കുര്‍ബാന നടത്തി. 1830 ലാണ് ചാവറയച്ചന്‍ മാന്നാനത്തേക്ക് പോയത്.
പുരോഹിതവൃത്തിയോടൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ജാതിമതഭേദ ചിന്തകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും പാവപ്പെട്ട ദളിത് വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യ ഭക്ഷണം നല്‍കുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരില്‍ അസമത്വം നിലനിന്നിരുന്ന അക്കാലത്ത് പുരോഹിതന്മാരുടെ ഭാഗത്ത് നിന്ന് ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ അപൂര്‍വ്വമായിരുന്നു.
എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനും ജാതിമതഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു.
സാംസ്‌കാരിക രംഗത്തും ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കോട്ടയത്തെ മാന്നാനത്ത് ഒരു മുദ്രണാലയം അദ്ദേഹം സ്ഥാപിച്ചു. നസ്രാണി ദീപിക എന്ന പേരില്‍ ഇറങ്ങിയ പത്രം അച്ചടിച്ചത് മാന്നാനം സെന്റ് ജോസഫ്‌സ് പ്രസ് എന്ന ഈ മുദ്രണശാലയിലായിരുന്നു.
1871 ജനുവരി മൂന്നിന് കൊച്ചിക്കടുത്ത് കൂനമാവില്‍ കുര്യാക്കോസ് ഏലിയാസ് അന്തരിച്ചു. അവിടെ അദ്ദേഹം ഉപയോഗിച്ചിരുന്ന മുറി വാരാപ്പുഴ സെന്റ് ഫിലോമിനാസ് പള്ളിയിലെ ചരിത്ര മ്യൂസിയത്തില്‍ ഇപ്പോള്‍ സംരക്ഷിക്കപ്പെടുന്നു. കുര്യാക്കോസ് ഏലിയാസ് അവസാന നാളുകള്‍ കഴിച്ചുകൂട്ടിയതും ഭൗതിക ശരീരം ഉള്‍ക്കൊള്ളുന്ന പുണ്യസ്ഥലവുമായ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി ഇന്ന് ഒരു തീര്‍ഥാടന കേന്ദ്രമാണ്.
ജാതി ചിന്തയ്‌ക്കെതിരെ സമൂഹ മനസ്സാക്ഷിയെ നേര്‍ വഴി നടത്തിയ ശ്രീനാരായണ ഗുരു ജനിച്ച കാലത്ത് ജാതിക്കും ഭേദ ചിന്തകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുകയും പാവപ്പെട്ട ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുകയും ചെയ്തു ചാവറയച്ചന്‍. അക്കാലത്ത് ചിന്തിക്കാന്‍ പോലുമാകാത്ത പ്രവൃത്തിയായിരുന്നു അത്.
ചാവറയച്ചന്‍ ഒരു ദൈവീക മനുഷ്യനായിരുന്നു. പരിശുദ്ധകുര്‍ബ്ബാനയുടെയും തിരുകുടുംബത്തിന്റെയും ഭക്തനായിരുന്നു. നീണ്ട മണിക്കൂറുകള്‍ അദ്ദേഹം ദിവ്യകാരുണ്യ സന്നിധിയില്‍ ചിലവഴിച്ചിരുന്നു. കേരളത്തില്‍ ആദ്യമായി 40 മണി ആരാധന അദ്ദേഹം ആരംഭിച്ചു. ഞായറാഴ്ച്ച പ്രസംഗങ്ങളും, ഇടവക ധ്യാനങ്ങളും, വൈദികര്‍ക്കും അല്‍മായര്‍ക്കും വേണ്ടിയുള്ള ധ്യാനങ്ങളും അദ്ദേഹം നടപ്പിലാക്കി പ്രചരിപ്പിച്ചു. പരിശുദ്ധ മാതാവിന്റെ മെയ്മാസവണക്കം. കുരിശിന്റെ വഴി, ദിവ്യകാരുണ്യ ഭക്തി എന്നീ ഭക്തകൃത്യങ്ങള്‍ കേരളത്തിലെ മാന്നാനത്ത് ആരംഭിച്ചു. കുര്‍ബ്ബാനക്രമം , കാനോന നമസ്‌കാരം, കുര്‍ബ്ബാന കലണ്ടര്‍, മരിച്ചവരുടെ ഓര്‍മ്മ തുടങ്ങിയ ആരാധനക്രമ നവീകരണത്തിന് അദ്ദേഹം നേതൃത്വമെടുത്തു. അങ്ങനെ ചാവറയച്ചനില്‍ നിറഞ്ഞു നിന്നിരുന്ന ദൈവസ്‌നേഹം പലവിധത്തിലും രൂപത്തിലുമായി ജനഹൃദയങ്ങളിലെത്തി.
ചാവറയച്ചന്റെ മരണ ശേഷം ഭക്തര്‍ക്ക് നിരവധി അത്ഭുതങ്ങള്‍ ഉണ്ടായിട്ടുണ്ട്. മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ പലര്‍ക്കും അത്ഭുദ രോഗശാന്തിയുണ്ടായത് അച്ചന്റെ പ്രശസ്തി കൂട്ടി. അങ്ങനെ അച്ചന്റെ വിശ്വാസികളും കൂടി.തുടര്‍ന്നാണ് 1986 ഫെബ്രുവരി 8 ന് കോട്ടയത്ത് മാര്‍പ്പാപ്പ ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
വീണ്ടും അത്ഭുതങ്ങള്‍ തുടരവേ അച്ചന്‍ വിശുദ്ധ പദവിയിലുമായി. ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചതിനു പ്രധാനപ്പെട്ട അത്ഭുതങ്ങളിലൊന്നായി കണക്കാക്കുന്നത് മരിയയുടെ സൗഖ്യമാണ്. പാലാ കൊട്ടാരത്തില്‍ ജോസ്‌മേരിക്കുട്ടി ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവളാണു മരിയ ജന്മനാ അന്ധയായിരുന്നു. ചാവറയച്ചന്റെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥിച്ചാണ് മരിയയ്ക്ക് കാഴ്ച തിരിച്ചു കിട്ടിയത്.
വിശ്വാസികളെ സംബന്ധിച്ച് ഇത് അഭിമാന നിമിഷമാണ്. ചാവറയച്ചന്‍ ഇനി വിശുദ്ധനാണ് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha