എവുപ്രാസ്യമ്മ: സ്‌നേഹത്തിന്റെ അമ്മ
വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള രണ്ടുപേര്‍ കൂടി വിശുദ്ധ പദവിയിലേക്കെത്തുന്നു. ചാവറയച്ചനും എവുപ്രാസ്യമ്മയും. അല്‍ഫോന്‍സാമ്മയാണ് കത്തോലിക്കാ സഭയില്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ വിശുദ്ധ. ചാവറയച്ചനുമായി അഗാധമായ ആത്മീയബന്ധം ഉണ്ടായിരുന്നു അല്‍ഫോന്‍സാമ്മയ്ക്ക്. എവുപ്രാസ്യമ്മ ചാവറയച്ചന്‍ സ്ഥാപിച്ച സഭയിലെ അംഗവും.
ചാവറയച്ചന്‍ സ്ഥാപിച്ച സി.എം.സി. സന്യാസസഭയിലെ അംഗമായിരുന്നു സിസ്റ്റര്‍ എവുപ്രാസ്യമ്മ. തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂര്‍ ഗ്രാമത്തില്‍ എലുവത്തിങ്കല്‍ ചേര്‍പ്പുക്കാരന്‍ തറവാട്ടില്‍ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായാണ് റോസ എന്ന എവുപ്രാസ്യമ്മ ജനിച്ചത്. ഒമ്പതാം വയസില്‍തന്നെ കര്‍മലീത്താ സഭയില്‍ അംഗമായി. പിന്നീട് സഭാവസ്ത്രം സ്വീകരിച്ച് എവുപ്രാസ്യമ്മ എന്ന പേരു സ്വീകരിച്ചു. ഒല്ലൂര്‍ സെന്റ് മേരീസ് മഠത്തില്‍ 45 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 1987ല്‍ സഭ ദൈവദാസിയായി പ്രഖ്യാപിച്ചു. പ്രാര്‍ത്ഥിക്കുന്ന അമ്മ എന്ന് ഇവരെ വിളിച്ചിരുന്നു
ചാവറയച്ചന്‍ സ്ഥാപിച്ച കര്‍മല മഠത്തിലെ അംഗമാണ് ചാവറയച്ചനോടൊപ്പം വിശുദ്ധയാക്കപ്പെടുന്ന എവുപ്രാസ്യമ്മ. മരിക്കുന്നതിനു അഞ്ചുവര്‍ഷം മുമ്പ് 1866 ലാണ് ഈ സന്യാസിനി സമൂഹത്തിനു ചാവാറയച്ചന്‍ തുടക്കമിട്ടത്. ആദ്യ സന്യാസിനികളില്‍ രണ്ടുപേര്‍ വിധവകളായിരുന്നു. വൈധ്യവും തൊട്ടുകൂടായ്മയായി കരുതിയിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഇത്. മഠം ആരംഭിച്ച് 31 വര്‍ഷത്തിനുശേഷം കര്‍മലമഠത്തില്‍ അംഗമായി ചേര്‍ന്ന എവുപ്രാസ്യമ്മ വിശുദ്ധയാക്കപ്പെടുമ്പോള്‍ ഇത്തരമൊരു അംഗീകാരം മറ്റൊരു സന്യാസസഭയ്ക്കും അവകാശപ്പെടാനാവില്ല.
ഒന്‍പതാമത്തെ വയസില്‍ ദൈവത്തിനു സ്വയം സമര്‍പ്പിച്ച ജീവിതം. പന്ത്രണ്ടാമത്തെ വയസില്‍ തിരുക്കുടുംബത്തിന്റെ അത്ഭുത ദര്‍ശനം. അഞ്ചു ദശാബ്ദത്തിലധികം നീണ്ട സന്യാസജീവിതം ആധ്യാത്മിക പ്രഭ നിറച്ചതായിരുന്നു. നിരന്തരമായ പ്രാര്‍ത്ഥനയായിരുന്നു എവുപ്രാസ്യമ്മയുടെ ജീവിതം. പ്രാര്‍ത്ഥിക്കുന്ന അമ്മ എന്നാണ് അവര്‍ അറിയപ്പെടുന്നത്. സക്രാരിയുടെ മുന്നിലായിരുന്നു അവരുടെ ജീവിതം. രാത്രിയും പകലും ജപമാലയര്‍പ്പണത്തില്‍ മുഴുകി. മധ്യസ്ഥ പ്രാര്‍ത്ഥനയിലൂടെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റി. രണ്ടു കാന്‍സര്‍ രോഗികളുടെ അത്ഭുതകരമായ രോഗശാന്തിയാണ് എവുപ്രാസ്യമ്മയെ വാഴ്ത്തപ്പെട്ടവളും വിശുദ്ധയുമായി ഉയര്‍ത്താനുള്ള കാരണമായി സഭ കണ്ടെത്തിയത്.
പണത്തില്‍ കുറഞ്ഞാലും പുണ്യത്തില്‍ കുറയരുത് എന്ന എവുപ്രാസ്യമ്മയുടെ ആഹ്വാനം സമൂഹത്തെ സ്വാധീനിച്ചു. ലാളിത്യവും എളിമയും നിറഞ്ഞതായിരുന്നു അമ്മയുടെ ജീവിതം. അത് കണ്ട് ധാരാളം പേര്‍ അതു ജീവിതത്തില്‍ സ്വായത്തമാക്കി.
കുടുംബങ്ങളുടെ മധ്യസ്ഥയായാണ് എവുപ്രാസ്യമ്മ അറിയപ്പെടുന്നത്. സ്വത്തുതര്‍ക്കം, കുടുംബങ്ങള്‍ തമ്മിലുള്ള ഭിന്നത, മക്കളില്ലായ്മ, വിവാഹതടസം, സാമ്പത്തിക ബാധ്യതകള്‍, രോഗങ്ങള്‍, മനോവൈകല്യങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളുമായി അവര്‍ അവരുടെ അടുത്തെത്തി. സാന്ത്വനം നേടി അവര്‍ മടങ്ങി.
2006 ഡിസംബര്‍ മൂന്നിന് കത്തോലിക്കാ സഭ എവുപ്രാസ്യമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha