ഇന്ന് മകരവിളക്ക്... ദര്‍ശന പുണ്യം തേടിയെത്തിയ ഭക്തരുടെ മനസില്‍ ഒരേ ഒരു ചിന്ത; സ്വാമിയേ ശരണമയ്യപ്പ
ദര്‍ശന പുണ്യം തേടിയെത്തിയ കോടിക്കണക്കിന് ഭക്തര്‍ക്ക് സായൂജ്യം നല്‍കി ഇന്ന് മകര വിളക്ക്. ആ പുണ്യമുഹൂര്‍ത്തങ്ങള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. എല്ലാം മറന്ന് പൊന്നമ്പലമേട്ടിലേയ്ക്ക് ഭക്ത്യാദരപൂര്‍വം കാത്തിരിക്കുകയാണ് ഭക്തലക്ഷങ്ങള്‍.
ഇന്നു വൈകിട്ട് കിഴക്കേ ചക്രവാളത്തില്‍ ഉദിച്ചുയരുന്ന മകരസംക്രമനക്ഷത്രവും പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും തിരുവാഭരണം ചാര്‍ത്തിയ ഭഗവത് സ്വരൂപവും കണ്ട് സായുജ്യമടയാന്‍ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് ശബരിമലയില്‍. നിന്നുതിരിയാന്‍ ഇടമില്ലാത്തവിധം ഭക്തരെക്കൊണ്ട് ശബരിമല നിറഞ്ഞുകഴിഞ്ഞു.
വൈകിട്ട് 6.40 ഓടെ മകരജ്യോതി തെളിയും . തൊട്ടുപിന്നാലെ 7.28 ന് മകരസംക്രമപൂജയും നടക്കും. ഏറെ നാളുകള്‍ക്കുശേഷമാണ് രണ്ട് പുണ്യമുഹൂര്‍ത്തങ്ങളും അടുത്തുവരുന്നത്.
പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചരയോടെ ശരംകുത്തിയിലെത്തും. കുത്തുവിളക്കിന്റെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ദേവസ്വം ജീവനക്കാരുള്‍പ്പെടുന്ന പ്രത്യേകസംഘം ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറുമ്പോള്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ സ്വീകരിക്കും. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ശ്രീലകത്തേക്ക് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. നടതുറക്കുന്നതോടെ ശരണംവിളികള്‍ ഉച്ചസ്ഥായിയിലെത്തും. തൊട്ടുപിന്നാലെ പൊന്നമ്പലമേടിന്റെ നെറുകയില്‍ ഇടവിട്ട് മൂന്ന് തവണ മകരദീപം തെളിയുന്നതോടെ പൂങ്കാവനം ഭക്തിയുടെ കൊടുമുടികയറും. സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സംക്രമിക്കുന്ന 7.28 ന് മകരസംക്രമപൂജ നടക്കും.
തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്റെ നേതൃത്വത്തില്‍ കന്നിഅയ്യപ്പന്‍മാര്‍ കൊണ്ടുവരുന്ന മുദ്രയിലെ നെയ്യാണ് ഈ സമയം അഭിഷേകം ചെയ്യുക. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീണ്ടും തിരുവാഭരണം ചാര്‍ത്തും. രണ്ട് പുണ്യമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യംവഹിച്ച് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്നതോടെ ഒരു മകരവിളക്ക് ഉത്സവംകൂടി സമാപിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha