മഹാശിവരാത്രി, ശിവക്ഷേത്രങ്ങളില്‍ ഉത്സവമേളം
കുംഭമാസത്തിലെ ചതുര്‍ദശി ദിനമായ മഹാശിവരാത്രി. സംസ്ഥാനത്തെ ശിവ ക്ഷേത്രങ്ങളെല്ലാം ആഘോഷങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു ഈ ദിവസം ഉപവാസം അനുഷ്ഠിച്ച് ഉറക്കമിളച്ച് ശിവാര്‍ച്ചന ചെയ്താല്‍ ശിവസായൂജ്യം പ്രാപിക്കുമെന്നാണ് വിശ്വാസം. രാത്രിയില്‍ ഉറങ്ങാതെ ശിവപൂജാനുഷ്ഠാനത്തോടെ വ്രതമനുഷ്ഠിച്ചാല്‍ ലൗകിക ദുഃഖമോ ശാരീരിക ക്ലേശങ്ങളോ ഉണ്ടാവുകയില്ലെന്ന് കരുതുന്നു. ശിവരാത്രിയുമായി ബന്ധപ്പെട്ട് പല ഐതീഹ്യങ്ങളുമുണ്ട്.
ദേവന്‍മാരും അസുരന്‍മാരും ചേര്‍ന്ന് പാലാഴി കടയുമ്പോള്‍ കാളകൂട വിഷം ഉയര്‍ന്നു വന്നു. പ്രപഞ്ചത്തെയൊന്നാകെ നശിപ്പിക്കുവാന്‍ പ്രാപ്തിയുള്ള വിഷം ഭൂമിയില്‍ പതിക്കാതെ ഭഗവാന്‍ ശിവന്‍ കുടിക്കുന്നു. അത്രയും മാരകമായ വിഷം അദ്ദേഹത്തിന്റെ ഉള്ളില്‍ ചെല്ലുന്നതു തടയാനായി ദേവി ശിവന്റെ കണ്ഠത്തില്‍ മുറുകെ പിടിച്ചു. വിഷം പുറത്തേക്കു വരാതെ ദേവന്‍മാര്‍ അദ്ദേഹത്തിന്റെ വായും അടച്ചു പിടിച്ചു. ഒടുവില്‍ വിഷം ഭഗവാന്റെ കണ്ഠത്തില്‍ തന്നെ ഉറഞ്ഞു കൂടുകയും അന്നു മുതല്‍ മഹാദേവന് നീലകണ്ഠന്‍ എന്ന നാമം ലഭിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ഭര്‍ത്താവിനു വേണ്ടി പാര്‍വതി ദേവി ഉറങ്ങാതിരുന്ന രാത്രിയാണ് ശിവരാത്രിയായി കൊണ്ടാടുന്നതെന്ന് ചിലര്‍ പറയുന്നു. അതിനാല്‍ മംഗല്യസിദ്ധിക്കും ദീര്‍ഘ മംഗല്യത്തിനും ശിവരാത്രി വ്രതം ഉത്തമമാണെന്ന് വിശ്വാസമുണ്ട്. ഭക്തിയും മുക്തിയും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ശിവരാത്രിവ്രതം അനുഷ്ഠിക്കണമെന്നാണ് വിശ്വാസം. സ്ത്രീകളും കുട്ടികളുമടക്കം ആര്‍ക്കു വേണമെങ്കിലും വ്രതം അനുഷ്ഠിക്കാവുന്നതാണ്.
ആലുവാ ശിവരാത്രി ആഘോഷമാണ് ഏറെ പ്രശസ്തം. ശിവരാത്രി നാളില്‍ ആലുവാ മണപ്പുറം നിറയുന്ന ഭക്തര്‍ പെരിയാറില്‍ പിതൃതര്‍പ്പണം നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്ത് ലക്ഷത്തിലധികം പേരാണ് ബലിതര്‍പ്പണത്തിന് ആലുവ ശിവരാത്രി മണപ്പുറത്ത് എത്തുന്നത്. 200 ഓളം ബലിത്തറകളാണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. പെരിയാറിന് കുറുകെ നിര്‍മിച്ച താത്കാലിക ഇരുമ്പ് നടപ്പാലം തുറന്നുകഴിഞ്ഞു. ഇത്തവണ സൗജന്യമായാണ് പാലത്തിലൂടെ യാത്ര ചെയ്യാന്‍ കഴിയുക.പുഴയ്ക്കക്കരെ അദൈ്വതാശ്രമത്തില്‍ ശിവരാത്രി നാളില്‍ ഒരേസമയം 2500 ഓളം പേര്‍ക്ക് ബലിയിടാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക കുളിക്കടവും ബലിയിടാനുള്ള സൗകര്യവുമുണ്ട്.
ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവര്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് സ്‌നാനാദി കര്‍മ്മങ്ങള്‍ക്ക് ശേഷം ഭക്തിയോടെ ശിവസ്തുതിയും പഞ്ചാക്ഷര മന്ത്രവും ജപിക്കും. പകലും രാത്രിയും ശിവക്ഷേത്ര ദര്‍ശനം നടത്തുകയോ ക്ഷേത്രത്തില്‍ തന്നെ കഴിയുകയോ ചെയ്യും. പകല്‍ ഉപവസിച്ച് രാത്രി ഉറക്കമൊഴിഞ്ഞ ശേഷം അടുത്ത ദിവസം ശിവപൂജയ്ക്കു ശേഷമാണ് വ്രതം അവസാനിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha