ആറ്റുകാല്‍ അമ്മയ്ക്ക് പ്രണാമം: പൊങ്കാല മഹാത്മ്യം
കുംഭമാസത്തിലെ കാര്‍ത്തിക നാളില്‍ കാപ്പുകെട്ടി കൊടുങ്ങല്ലൂരമ്മയെ ആവാഹിച്ചു പച്ച പന്തലിലിരുത്തുകയും പൂരം നാളില്‍ പൊങ്കാല നടത്തുകയും ചെയ്യുന്നു. പൊങ്കാല സമര്‍പ്പണത്തിന് പോകുന്ന ഭക്തജനങ്ങള്‍ കാപ്പുകെട്ടിന്റെ തലേന്നു മുതല്‍ പകലുറക്കവും മത്സ്യമാംസാദികളുടെ ഉപയോഗവും സഹശയനവും ഉപേക്ഷിച്ചു വ്രതമെടുക്കണം. പൊങ്കാലയിടുന്നത് പുത്തന്‍ മണ്‍കലത്തിലായിരിക്കണം. പൊന്‍കലം എന്നാണ് സങ്കല്‍പം. ഭക്തര്‍ പൊങ്കാലയിലൂടെ സ്വന്തം ആത്മാവിനെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നു. ജലപാനം പോലും ചെയ്യാതെ വേണം പൊങ്കാലയിടാന്‍. പൊങ്കാല തിളയ്ക്കുന്നതുവരെ ഈ നിഷ്ഠ ആവശ്യമാണ്. പൊങ്കാലയിടുന്ന സ്ഥലം വൃത്തിയും വെടിപ്പുമുള്ളതായിരിക്കണം. ക്ഷേത്രം വക പൊങ്കാല അടുപ്പില്‍ (പണ്ഡാരയടുപ്പ്) നിന്നും പകര്‍ന്നു കിട്ടുന്ന തീകൊണ്ടു മാത്രമേ പൊങ്കാലയടുപ്പില്‍ തീകൂട്ടാന്‍ പാടുള്ളൂ. പൊങ്കാലയിടുന്ന സമയത്ത് ദേവീനാമങ്ങള്‍ ഉരുവിട്ട് മാത്രമേ പൊങ്കാലയര്‍പ്പിക്കാവൂ.
പൊങ്കാലയിടുന്ന കലം അക്ഷയപാത്രമായതിനാല്‍ വീട്ടില്‍ കൊണ്ടുവന്ന് ധാന്യങ്ങള്‍ നിറച്ച് വയ്‌ക്കേണ്ടതാണ് . അമ്മ കഴിച്ച പാത്രമായതിനാല്‍ ശുദ്ധവൃത്തിയോടെ സൂക്ഷിക്കേണ്ടതാണ്. കടം വാങ്ങി പൊങ്കാലയിടാന്‍ പാടുള്ളതല്ല. എല്ലാ മാസവും വെളുത്തവാവിന് ദേവി സന്നിധിയില്‍ ഐശ്വര്യ പൂജ നടക്കാറുണ്ട്. ഇതില്‍ പങ്കെടുത്ത് പ്രാര്‍ഥിച്ചാല്‍ അഭീഷ്ടസിദ്ധിയുണ്ടാകും. പൊങ്കാല ദിവസം അന്നദാനവും ജലദാനവും സഹായ പ്രവര്‍ത്തനങ്ങളും നല്‍കുന്നവര്‍ക്ക് ദേവി സകല ഐശ്വര്യങ്ങളും നല്‍കും. ഉത്സവത്തിന് കൊടുങ്ങല്ലൂരമ്മ എത്തുന്നു എന്നാണ് സങ്കല്‍പം. ഭക്തര്‍ വയ്ക്കുന്ന അപേക്ഷകള്‍ കൊടുങ്ങല്ലൂരമ്മയുടെ സാമീപ്യത്തില്‍ വിശദമായി പരിശോധിച്ചു നടക്കേണ്ട കാര്യങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് നടപ്പിലാക്കുന്നു. എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച അഖണ്ഡനാമാര്‍ച്ചന ഉണ്ടായിരിക്കും. ഇതിന് എല്ലാ ഭക്തര്‍ക്കും പങ്കെടുക്കാവുന്നതാണ്. ദേവി കാണിച്ചുകൊടുത്ത സ്ഥലത്താണ് ക്ഷേത്രം പണിഞ്ഞത്. വടക്കു ദര്‍ശനമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഉഗ്രരൂപിണിയായ ഭദ്രകാളിയെയാണ് വടക്കു ദര്‍ശനമായി പ്രതിഷ്ഠിക്കുന്നത്. വടക്കോട്ട് ദര്‍ശനമുള്ള ക്ഷേത്രങ്ങളില്‍ ഉഗ്രത കുറയ്ക്കുവാന്‍ ശിവനെ പ്രതിഷ്ഠിക്കുകയും മുന്‍ഭാഗത്ത് കുളം നിര്‍മിക്കുകയും ചെയ്യും. ഇതു രണ്ടും ആറ്റുകാലിലുണ്ട്. 2000 ല്‍ നടന്ന ദേവപ്രശ്‌നത്തെത്തുടര്‍ന്ന് ആറ്റുകാലില്‍ പടിഞ്ഞാറു ദര്‍ശനമായി മഹാദേവനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. പടിഞ്ഞാറോട്ടുള്ള പ്രതിഷ്ഠ അതീവ ശക്തി കൂടിയതാണ്. കേരളം, തമിഴ്‌നാട്, വാസ്തു ശില്‍പശൈലി സമന്വയമാണ് ആറ്റുകാല്‍ ക്ഷേത്രനിര്‍മ്മാണത്തിലുള്ളത്.
പൊങ്കാലയിട്ടു വന്നിട്ട് അന്ന് കുളിക്കാന്‍ പാടില്ല. ദേവീ ചൈതന്യം ശരീരത്തില്‍ നിലനില്‍ക്കുന്നതിനാല്‍ കുളിക്കരുത്. പൊങ്കാലയുടെ പിറ്റേന്നാണ് കാപ്പഴിക്കല്‍. അന്നും വ്രതശുദ്ധി ആവശ്യമാണ്. ദേവിയുടെ പേരില്‍ നടക്കുന്ന ആഘോഷത്തിന് ശുദ്ധമായ പ്രസാദം ആരു തന്നാലും കഴിക്കാം. ഒരു ലക്ഷം രൂപ മുടക്കി പ്രസാദമൂട്ട് നടത്തുന്നവര്‍ക്ക് പ്രസാദം കഴിക്കുന്ന ഭക്തര്‍ ഇന്ന വ്യക്തിയുടെ പ്രസാദമൂട്ട് എന്ന് പറയുമ്പോള്‍ 10 ശതമാനം പുണ്യം കഴിക്കുന്ന വ്യക്തികള്‍ക്ക് ലഭിക്കുന്നതാണ്. ഭക്തന്റെ ഒരംശം പുണ്യം നടത്തുന്ന വ്യക്തിക്കും ഇതു കേള്‍ക്കുന്ന വ്യക്തിക്കും ലഭിക്കും.
ദേവിയെ വിചാരിച്ച് ഏതു സ്ഥലത്ത് പ്രസാദം വച്ചാലും ദേവി സ്വീകരിക്കുകയും കാര്യ സാധ്യം നടത്തുകയും ചെയ്യും.
ജാതി മതഭേതമെന്യേ എല്ലാപേര്‍ക്കും പ്രവേശനമുള്ള ക്ഷേത്രമാണിത്. അമ്മയില്‍ വിശ്വസിക്കുന്ന ആര്‍ക്കും പൊങ്കാലയര്‍പ്പിക്കാം.
പുത്തന്‍ കലത്തില്‍ പൊങ്കാലയിടുന്നതെന്തെന്നാല്‍ മണ്ണ് ശരീരത്തെയും കലം താഴികക്കുടത്തെയും സൂചിപ്പിക്കുന്നു. ഞാന്‍ എന്ന ഭാവം വെടിഞ്ഞ് ആത്മാവ് ദേവിക്ക് സമര്‍പ്പിക്കുന്നു എന്നതാണ് ഇതിന്റെ സങ്കല്‍പം.
ആറ്റുകാലിലെ ഏറ്റവും വലിയ വഴിപാട് സ്ത്രീകളര്‍പ്പിക്കുന്ന പൊങ്കാലയാണ്. അതുപോലെ തന്നെ അഖണ്ഡനാമ അര്‍ച്ചനയും ദേവിക്ക് നേരിട്ട് നിവേദ്യം സമര്‍പ്പിക്കാവുന്ന ഒരേ ഒരവസരമാണ് ഇത്. പൊങ്കാല ദിവസം അപകടങ്ങള്‍ ഒഴിവാകുന്നതിനു നല്ലത് പരുത്തിവസ്ത്രം ധരിക്കുന്നതാണ്. മറ്റുള്ളത് തീ പെട്ടെന്ന് പടര്‍ന്ന് പിടിക്കാന്‍ ഇടയാക്കും. ധരിക്കുന്ന വസ്ത്രം കോടിയായും പഴയതായാലും നനച്ച് ശുദ്ധി വരുത്തി മാത്രമേ ഉപയോഗിക്കാവൂ. കോടിവസ്ത്രം കൈകാര്യം ചെയ്യുന്നവരുടെ ശുദ്ധി നമുക്കറിയുകയില്ലല്ലോ?
പുതിയ ചുടുകല്ല് വച്ച് കിഴിക്കോട്ടോ വടക്കോട്ടോ നോക്കി തീകത്തിക്കാന്‍ പാകത്തിന് അടുപ്പു കൂട്ടാം. ആദിത്യഭഗവാനെ സങ്കല്‍പിച്ചതിനുശേഷം മാത്രമേ അടുപ്പു കത്തിക്കാവൂ. പശുവിന്റെ രക്തത്തില്‍ നിന്നുണ്ടാകുന്ന പാല്‍ ഉപയോഗിച്ചുള്ള സാധനം കഴിച്ചിട്ട് പൊങ്കാലയര്‍പ്പിക്കുന്നതു ശരിയല്ല.
കുത്തിയോട്ട നേര്‍ച്ചയുമായുള്ള ഐതിഹ്യം എന്തെന്നാല്‍ മഹിഷാസുരനുമായി ദേവി ഏറ്റുമുട്ടിയപ്പോള്‍ മുറിവു പറ്റിയ സേനാംഗങ്ങള്‍ എന്നതാണ് കുത്തിയോട്ട ബാലന്മാരെ സങ്കല്‍പിക്കുന്നത്. അതായത് ദേവിയുടെ സേനാംഗങ്ങള്‍ അകമ്പടിയായി പൊങ്കാലയുടെ അന്ന് രാത്രിയില്‍ യാത്ര തിരിച്ച് പിറ്റേ ദിവസം രാവിലെ മണക്കാട് ശാസ്താ ക്ഷേത്രത്തില്‍ എത്തും. (ദേവിയുടെ സഹോദരനാണ്.) അവര്‍ തമ്മില്‍ ഒരു വര്‍ഷക്കാലം നടന്ന കാര്യങ്ങള്‍ കൈമാറും. 12 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കേ കുത്തിയോട്ടം നടത്താവൂ. ഉത്സവത്തിന്റെ മൂന്നാം ദിവസമാണ് കുത്തിയോട്ടത്തിന് കുട്ടികളെ ക്ഷേത്രത്തിലാക്കുന്നത്. ഏഴു ദിവസം കൊണ്ട് 1008 നമസ്‌കാരം നടത്തും മാത്രവുമല്ല അമ്മയുടെ മുന്നില്‍ ഈ ദിവസങ്ങള്‍ ഭജനമിരിക്കും. ഏതു ക്ഷേത്രത്തിലായാലും ദൈവത്തിന്റെ നേര്‍ച്ചകള്‍ കുട്ടികള്‍ക്കു നടത്തുന്നതു നല്ലതാണ്, സ്ത്രീകളുടെ ശബരിമല എന്നാണല്ലോ പറയപ്പെടുന്നത്.് 7 വയസിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് താലപ്പൊലിയും നടത്താവുന്നതാണ്. അയതിനാല്‍ വളര്‍ന്നുവരുന്ന കുട്ടിക്ക് ഐശ്വര്യം ഉണ്ടാകുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha