പെസഹാ വ്യാഴാഴ്ചയുടെ പ്രസക്തിയെന്ത്?
ഈജിപ്തില്‍ അടിമകളാക്കപ്പെട്ടിരുന്ന യഹൂദാ വംശജരെ ദൈവം വിടുവിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് പെസഹാ അഥവാ പാസ്ഓവര്‍ഫീസ്റ്റ്. പെസഹ എന്ന എബ്രായ പദത്തിന് കടന്നു പോവുക എന്ന അര്‍ത്ഥമാണുള്ളത്. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ എന്നും പെസഹാ ദിനത്തെ വിശേഷിപ്പിക്കാറുണ്ട്. ക്രിസ്തുവും ശിഷ്യരുമൊത്ത് പെസഹ ആചരിച്ചതാണ് അന്ത്യ അത്താഴം എന്ന രീതിയില്‍ പ്രസിദ്ധമായത്.
പെസഹാ വ്യാഴാഴ്ച ആചരിക്കുകയും ഈസ്റ്റര്‍ ആഘോഷിക്കുകയും ചെയ്യുന്നു എന്നാണ് പറയാറുള്ളത്. അതായത് ക്രൂശീകരണത്തിനു തൊട്ടു മുമ്പിലത്തെ ദിവസമായ വ്യാഴാഴ്ചയായിരുന്നു അന്നത്തെ പാസ് ഓവര്‍ഫീസ്റ്റ്. തന്‍മൂലം ഇന്ന് വിവിധ ക്രൈസ്തവ സഭകള്‍ വ്യത്യസ്ത രീതികളില്‍ പെസഹ ആചരിക്കുമെങ്കിലും രണ്ട് ചടങ്ങുകള്‍ മിക്കവാറും ഇടങ്ങളില്‍ അനുഷ്ഠിക്കപ്പെടാറുണ്ട്.
പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിനെ അനുസ്മരിപ്പിക്കുന്ന അപ്പവും വീഞ്ഞും കഴിക്കുന്ന ഹോളി കമ്മ്യൂണിയനും കാല്‍കഴുകല്‍ ശുശ്രൂഷയുമാണ് പെസഹാ ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ അനുഷ്ഠിക്കപ്പെടുന്ന രണ്ട് ചടങ്ങുകള്‍.
ക്രൂശിക്കപ്പെടുന്നതിനുമുമ്പ് പെസഹ ആചരിക്കാന്‍ എവിടെയാണ് സ്ഥലം ഒരുക്കേണ്ടതെന്ന് ക്രിസ്തു അറിയിച്ച പ്രകാരമാണ് ശിഷ്യന്മാര്‍ ചെയ്തത്. അന്നു രാത്രിയില്‍ ശിഷ്യന്മാരില്‍ ഒരാള്‍ തന്നെ ചതിക്കുമെന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. അന്ന് അപ്പത്തേയും വീഞ്ഞിനേയും വാഴ്ത്തി ശിഷ്യന്മാര്‍ക്കു നല്‍കുമ്പോള്‍ പാപമോചനത്തിനായി നുറുക്കപ്പെടുന്ന തന്റെ ശരീരമാണതെന്നും അതിനായി ചൊരിയുന്ന രക്തമാണ് വീഞ്ഞെന്നുമാണ് ക്രിസ്തു പറഞ്ഞത്.
പുളിപ്പ് എന്നു പറയുന്നത് പാപമാണ്. പുളിപ്പില്ലാത്ത അപ്പം എന്നു പറയുന്നത് പാപം വിട്ടൊഴിഞ്ഞ ജീവിതമാകണം എന്ന അര്‍ത്ഥത്തിലാണ് . പെസഹാ വ്യാഴാഴ്ചയില്‍ പാപജീവിതം ഉപേക്ഷിച്ച് പുതിയ ജീവിതത്തിനായി ഒരുക്കപ്പെടണമെന്ന ആശയം നല്‍കപ്പെടുന്നു എന്നതാണ് പെസഹാ വ്യാഴത്തിന്റെ പ്രാധാന്യം.
അന്ത്യ അത്താഴ രാത്രിയില്‍ യേശു തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയിരുന്നു. വലിയവന്‍ ആകാന്‍ ആഗ്രഹിക്കുന്നവന്‍ എളിമയോടെ മറ്റുള്ളവര്‍ക്ക് സേവനം ചെയ്യണം എന്ന സന്ദേശവും അപ്പോഴാണ് ക്രിസ്തു നല്‍കിയത്.
പാപം വിട്ടൊഴിയുവാനും , എളിമയുള്ള ജീവിതം നയിക്കുവാനും ആഹ്വാനം നല്‍കപ്പെട്ട പാസ്-ഓവര്‍ ഫീസ്റ്റായിരുന്നു ക്രിസ്തു ക്രൂശിക്കപ്പെട്ട വെള്ളിയാഴ്ചയ്ക്കു മുമ്പ് ആചരിച്ച പെസഹ എന്നതാണ് പെസഹ വ്യാഴാഴ്ചയുടെ പ്രസക്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha