ദു:ഖ വെള്ളിയാഴ്ച \'ഗുഡ് ഫ്രൈഡേ\' ആകുന്നതെന്തുകൊണ്ട്?
ക്രിസ്തീയ വിശ്വാസ പ്രകാരം പിതാവായ ദൈവം ദൈവമക്കളായ യഹൂദാ വംശജരോട് നേരിട്ട് ഇടപെട്ടുകൊണ്ടിരുന്ന ആദിമ കാലഘട്ടത്തേയാണ് ബൈബിളില്‍ പഴയ നിയമ പുസ്തക കാലഘട്ടം എന്നു വേര്‍തിരിച്ചിരിക്കുന്നത്.
ദൈവം സൃഷ്ടിച്ച് ഏദന്‍ തോട്ടത്തിലാക്കിയിരുന്ന ആദമിനോടും ഹൗവ്വയോടും, തോട്ടത്തിനു നടുവില്‍ നില്‍ക്കുന്ന, വൃക്ഷത്തിലെ ഫലം മാത്രം തിന്നരുതെന്ന് ദൈവം കല്പിച്ചിരുന്നു. എന്നാല്‍ പിശാചിന്റെ വശീകരണത്തില്‍പ്പെട്ട ഹൗവ്വ ഫലം പറിച്ചു തിന്നുകയും ആദമിനു കൊടുക്കുകയും ചെയ്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇപ്രകാരം അനുസരണക്കേട് എന്ന ആദ്യ പാപം മൂലം അവര്‍ ഭൂമിയില്‍ കഷ്ടപ്പെട്ട് അധ്വാനിച്ചു ജീവിക്കേണ്ടതിനായി സ്വര്‍ഗ്ഗീയ തോട്ടത്തില്‍ നിന്നും പുറന്തള്ളപ്പെട്ടു.
പാപം ചെയ്ത ആദമില്‍ നിന്നു ജനിച്ച മനുഷ്യകുലത്തിലുള്ളവരെല്ലാം തന്മൂലം ജനിക്കുന്നതേ പാപികളായിട്ടാണെന്നാണ് വിവക്ഷിക്കപ്പെടുന്നത്. പാപം ചെയ്തവരായതിനാലാണ് പാപത്തിന്റെ ശമ്പളമായ മരണമുണ്ടാകുന്നത് എന്നു വിശ്വസിക്കപ്പെടുന്നു.
പഴയ നിയമ കാലഘട്ടത്തില്‍ പാപം ചെയ്തവര്‍ ദൈവ ശിക്ഷയില്‍ നിന്നൊഴിവാക്കപ്പെടണമെങ്കില്‍ മൃഗങ്ങളെ യാഗമര്‍പ്പിക്കണമെന്നുണ്ടായിരുന്നു. അപ്രകാരം ബലി നല്‍കി കഴിഞ്ഞാല്‍ പാപമോചനമായിയെന്നും ആത്മാവിന് മരണശിക്ഷ നേരിടേണ്ടി വരികയില്ലെന്നും കരുതിപ്പോന്നിരുന്നു. പിശാചിന്റെ വശീകരണത്താല്‍ അനുസരണക്കേടുകാട്ടിയതിനാല്‍ പാപിയായി തീര്‍ന്നവരുടെ ആത്മാവിനെ ദൈവം കൈക്കൊള്ളുകയില്ല എന്ന ചിന്തയാണ് ഇതിന് അടിസ്ഥാനം.
ദൈവം സൃഷ്ടിച്ച മനുഷ്യരെ പിശാച് അവന്റെ വശീകരണത്തില്‍പ്പെടുത്തി ദൈവത്തിന്റെ അടുക്കല്‍ നിന്നും അകറ്റി കളഞ്ഞതിനാല്‍ അവരെ തിരികെ ദൈവത്തിങ്കലേയ്ക്ക് കൊണ്ടു വരേണ്ടത് ദൈവത്തിന്റെ ഉത്തരവാദിത്തമായി. അപ്രകാരം ആദം എന്ന ഒരു മനുഷ്യന്റെ പാപം മൂലം സമസ്ത മനുഷ്യരും മരണം എന്ന ശിക്ഷ ഏറ്റു വാങ്ങുന്നതില്‍ നിന്നും മനുഷ്യരെ രക്ഷിയ്ക്കാന്‍, ഒരു മനുഷ്യന്‍ പൂര്‍ണ്ണമനസ്സോടെ ദൈവത്തെ അനുസരിയ്ക്കുന്നതിലൂടെ സാധ്യമാക്കുന്നതിനുള്ള ദൈവികപദ്ധതിയായിരുന്നു ക്രിസ്തുവിന്റെ ക്രൂശു മരണം.
യേശു മനുഷ്യപുത്രനായി ജനിച്ച്, ക്രൂശുമരണം നേരിടണമെന്നുള്ളതാണ് പിതാവായ ദൈവത്തിന്റെ ഇഷ്ടം എന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. ദൈവ ഹിതത്തിനോട് അനുസരണക്കേട് എന്ന പാപം കാട്ടാതെ, ക്രൂശു മരണത്തിലേയ്ക്ക് കടക്കപ്പെടുന്നതിനു മുമ്പ്, കഴിയുമെങ്കില്‍ ഈ പാന പാത്രം എങ്കല്‍ നിന്നു നീക്കേണമേ എന്ന് ദൈവത്തോട് അപേക്ഷിക്കുക മാത്രമാണ് ചെയ്തത്. തുടര്‍ന്ന്, എങ്കിലും എന്റെ ഇഷ്ടമല്ല, അവിടത്തെ ഇഷ്ടമാണ് നിറവേറേണ്ടത് എന്ന് പൂര്‍ണ്ണ മനസ്സോടെ അനുസരിക്കയാണ് ചെയ്തത്.
ഇപ്രകാരം ആദമിന്റെ അനുസരണക്കേടു മൂലമുണ്ടായ മരണം എന്ന ശിക്ഷയെ, ക്രിസ്തുവിന്റെ അനുസരണമൂലം മനുഷ്യകുലത്തില്‍ നിന്നു നീക്കി ആത്മാവിനെ തിരികെ ദൈവ പക്ഷത്ത് എത്തിച്ച പ്രക്രിയയാണ് ദു:ഖ വെള്ളിയാഴ്ച നടന്ന ക്രൂശു മരണം. ക്രിസ്തുവിന്റെ പീഢകള്‍ ദു:ഖമുളവാക്കുന്നവയാണെങ്കിലും അതിലൂടെ ദൈവഭാഗത്തു നിന്നും പിശാചിന്റെ ഭാഗത്തെത്തിപ്പോയ മനുഷ്യരെ തിരികെ ദൈവവുമായി കൂട്ടിച്ചേര്‍ത്ത ദൈവിക പദ്ധതിയുടെ വിജയമാണ് ക്രൂശുമരണം എന്നതിനാല്‍ ദു:ഖവെള്ളിയാഴ്ച വാസ്തവത്തില്‍ ഗുഡ്‌ഫ്രൈഡേയാകുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha