ചരിത്രമുറങ്ങുന്ന തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം
ക്ഷേത്രങ്ങളുടെ നഗരമാണ് തഞ്ചാവൂര്‍. ഇവിടെയുള്ള ബൃഹദേശ്വര ക്ഷേത്രം ലോക ശ്രദ്ധയാകര്‍ഷിച്ചതാണ്. യുനസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റിലും ഈ അമ്പലം ഇടം നേടിയിട്ടുണ്ട്. പെരുവുടയോര്‍ കോവില്‍, രാജ രാജേശ്വര ക്ഷേത്രം, വലിയമ്പലം എന്നീ പേരുകളിലെല്ലാം ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ശിവനാണ് പ്രധാന ആരാധനാമൂര്‍ത്തി. അതി പുരാതനമായ ഈ ക്ഷേത്രത്തിന് വളരെ പ്രത്യകതകളാണുള്ളത്. 1,30,0000 ടണ്‍ കല്ല് കൊണ്ടാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും കല്ലില്‍ നിര്‍മ്മിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രമാണിത്.
രാജഭരണകാലത്ത് നിത്യപൂജക്കുള്ള നൂറുകണക്കിന് ബ്രാഹ്മണപുരോഹിതര്‍ കൂടാതെ 400 ദേവദാസികള്‍, 57 സംഗീതന്ജ്ഞര്, കണക്കുകള്‍ സൂക്ഷിക്കുന്ന ഗുമസതര്‍,നര്‍ത്തകര്‍, ശില്‍പ്പികള്‍, കരകൌശലവസ്തുക്കളുടെ നിര്‍മ്മാതാക്കള്‍,
പൂ കച്ചവടക്കാര്‍, പാല്‍-നെയ് കച്ചവടക്കാര്‍ ഇങ്ങനെ ആയിരത്തിലധികം പേര്‍ ക്ഷേത്രത്തെ ആശ്രയിച്ചു ജീവിച്ചിരുന്നതായി ഇവിടത്തെ ശിലാലിഖിതങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. രാജഭരണകാലത്തെ സുപ്രധാനചടങ്ങുകള്‍, പൊതുപരിപാടികള്‍, ഘോഷയാത്രകള്‍, യാഗങ്ങള്‍, കലാപരിപാടികള്‍ എന്നിവക്കെല്ലാം വേദിയായിരുന്നു ഇവിടം.
പരമ്പരാഗതമായി കല്ലില്‍ ശില്‍പ്പവേല ചെയ്യുന്നവരുടെ പിന്തുടര്‍ച്ചക്കാര്‍ ഇന്നും തന്ചാവൂരിലുണ്ട്. ചെറിയ ചെറിയ ക്ഷേത്രംപണികളും വിഗ്രഹം കൊത്തലുമായി അവര്‍ കാലം കഴിക്കുന്നു.
പുരാതനകാലത്തെ ചുമര്‍ചിത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്ന ഡി-സ്റ്റക്കോ എന്ന സാങ്കേതികവിദ്യ ലോകത്ത് ആദ്യമായി നടപ്പിലാക്കിയത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ്. 1980ഇല്‍ ഈ ക്ഷേത്രത്തിലാണ് അവര്‍ ഇത് വിജയകരമായി പൂര്‍ത്തിയാക്കിയത്. ആയിരം വര്‍ഷം പഴക്കമുള്ള ചോളരാജഭരണകാലത്തെ ചുമര്‍ചിത്രങ്ങള്‍ക്ക് മേലെ സൂപ്പര്‍ഇമ്പോസ് ചെയ്തിരുന്ന പതിനാറു നായക് ചിത്രങ്ങള്‍ ഈ രീതിയില്‍ വേര്‍തിരിച്ചിട്ടുണ്ട്. നാനൂറു വര്‍ഷത്തെ പഴക്കം കണക്കാക്കുന്ന ഈ നായക് ചിത്രങ്ങള്‍ തന്ജാവുര്‍ മ്യൂസിയത്തിലെ ഒരു പവലിയനില്‍ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്.
ശിലാഫലകങ്ങളിലും ചെമ്പ് തകിടുകളിലും തന്റെ ഭരണകാലത്തെ ചരിത്രം ഭാവിതലമുറകള്‍ക്ക് വേണ്ടി ആലേഖനം ചെയ്തു സൂക്ഷിച്ച ദക്ഷിണേന്ത്യയിലെ ആദ്യത്തെ ചോളരാജാവാണ് രാജരാജചോളന്‍. പതിനൊന്നാം നൂറ്റാണ്ടിലെ ഭരണസംവിധാനങ്ങള്‍, സമൂഹം, മനുഷ്യന്‍, പ്രകൃതി എന്നിവയെകുറിച്ചെല്ലാം വ്യക്തമായ വിവരങ്ങള്‍ ചരിത്രകാരന്മാര്‍ക്ക് കിട്ടിയത് ഈ ഫലകങ്ങളിലൂടെയാണ്.
https://www.facebook.com/Malayalivartha