മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം എഴുന്നള്ളത്തും പൂജയും കണ്ട് ആയിരങ്ങള്‍ നിര്‍വൃതി നേടി
മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ ആയില്യം എഴുന്നള്ളത്തും പൂജയും നടന്നു. പുലര്‍ച്ചെ നട തുറന്ന് അഭിഷേകങ്ങള്‍ പൂര്‍ത്തിയാക്കി കുടുംബ കാര്‍ണവര്‍ ആയില്യം നാളിലെ പൂജകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഇല്ലത്ത് നിലവറയ്ക്ക് സമീപം ഭക്തജനങ്ങള്‍ക്ക് അമ്മ ദര്‍ശനം നല്‍കി. ഉച്ചപൂജയ്ക്ക് ശേഷം കുടുംബക്കാര്‍ണവരുടെ നേതൃത്വത്തില്‍ നിലവറയോട് ചേര്‍ന്നുള്ള തളത്തില്‍ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കുള്ള നാഗപത്മക്കളം വരച്ചു. കളം പൂര്‍ത്തിയായതോടെ അമ്മ തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ക്ഷേത്രത്തിലെത്തി. ഇളയമ്മ, കുടുംബത്തിലെ മുതിര്‍ന്ന കാരണവന്മാര്‍ എന്നിവര്‍ അമ്മയെ അനുഗമിച്ചു. അമ്മ ശ്രീകോവിലില്‍ പ്രവേശിച്ചതിന് ശേഷം ശ്രീകോവിലില്‍ നിന്നും കുത്തുവിളക്കിലേക്ക് കുടുംബക്കാര്‍ണവര്‍ ദീപം പകരുന്നതോടെ എഴുന്നള്ളത്തിന് മുന്നോടിയായി ശംഖ്, തിമിലപ്പാണി, വായ്ക്കുരവ എന്നിവ മുഴങ്ങി.
വലിയമ്മ ഉമാദേവി അന്തര്‍ജനം നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും, ഇളയമ്മ സാവിത്രി അന്തര്‍ജനം സര്‍പ്പയക്ഷിയമ്മയുടെയും കാരണവന്‍മാരായ പരമേശ്വരന്‍ നമ്പൂതിരി നാഗചാമുണ്ഡിയമ്മയുടെ വിഗ്രഹവും വാസുദേവന്‍ നമ്പൂതിരി നാഗയക്ഷിയമ്മയുടെ വിഗ്രഹവുമായി ക്ഷേത്രത്തിന് വലം വച്ച് ഇല്ലത്തേക്ക് എത്തി. രാജചിഹ്നങ്ങളായ ഛത്രചാമരധ്വജങ്ങള്‍, പഞ്ചവാദ്യം, നാഗസ്വരം, തകില്‍, ചെണ്ട, തിമില തുടങ്ങിയ വാദ്യങ്ങളുടെയും അകമ്പടിയോടെയായിനുന്നു എഴുന്നള്ളത്ത്. എഴുന്നള്ളത്ത് കണ്ട് അമ്മയെ വണങ്ങാന്‍ ഭക്തജനങ്ങള്‍ വഴിയുടെ ഇരുവശങ്ങളിലും തൊഴുകൈകളോടെ നിന്നിരുന്നു. ഇല്ലത്ത് എത്തി അമ്മയുടെ പതിവ് പൂജകള്‍ക്ക് ശേഷം ആയില്യം പൂജ ആരംഭിച്ചു. രാത്രി ഒന്‍പതു മണിയോടെ പൂജകള്‍ സമാപിച്ചു. അമ്മയുടെ നിര്‍ദേശ പ്രകാരം ആയില്യം എഴുന്നള്ളത്തും ചടങ്ങുകളും പതിവിലും നേരത്തെയാണ് നടന്നത്. അടുത്ത മാസം നാലിനാണ് മണ്ണാറശാല ആയില്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha