ഇനി വ്രതശുദ്ധിയുടെ നാളുകള്‍ ; ഓര്‍മ്മ പുതുക്കാനായി അയ്യപ്പ ചരിതം
കലിയുഗ വരദനായ സാക്ഷാല്‍ ശ്രീ ധര്‍മ്മശാസ്താവിന്റെ കഥകള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. അയ്യപ്പന്റെ പ്രശസ്തി ഭാരതവും കടന്ന് പോയിട്ടുണ്ട്. പല രാജ്യങ്ങളിലും അയ്യപ്പ ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. അതോടെ ശബരിമലയുടെ ഖ്യാതിയും വര്‍ധിക്കും. വ്രതശുദ്ധിയുടെ നാളുകളാണ് ഇനിയുള്ളത്. ഈയവസരത്തില്‍ അയ്യന്റെ കഥ നമുക്കോര്‍ത്തെടുക്കാം.
അയ്യപ്പനെ കുറിച്ച് പല ഐതിഹ്യ കഥകള്‍ നിലവിലുണ്ടെങ്കിലും പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പ്രസിദ്ധം. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തിലെത്തിയപ്പോള്‍ പമ്പാതീരത്ത് വച്ച് കഴുത്തില്‍ മണി കെട്ടിയ സുന്ദരനായ ഒരാണ്‍കുഞ്ഞിനെ കണ്ടെത്തി. ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവില്‍ ജനിച്ച പുത്രനാണിതെന്ന് വിശ്വാസം. കഴുത്തില്‍ സ്വര്‍ണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് മണികണ്ഠന്‍ എന്നു പേരിട്ട് രാജാവ് കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.
ആയോധന കലയിലും വിദ്യയിലും നിപുണനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാല്‍ രാജ്ഞിയും മന്ത്രിയും ചേര്‍ന്ന് ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു. ഇതിനായി മന്ത്രി രാജ്ഞിയെ വശത്താക്കുകയും, അവരുടെ ഗൂഢപദ്ധതി പ്രകാരം രാജ്ഞി വയറുവേദന അഭിനയിക്കുകയും ചെയ്തു. തുടര്‍ന്ന് കൊട്ടാരവൈദ്യന്‍ പുലിപ്പാല്‍ മരുന്നായി നിശ്ചയിച്ചു. ഗൂഢപദ്ധതിയനുസരിച്ച് പുലിപ്പാല്‍ കാട്ടില്‍ നിന്നും കൊണ്ടുവരാന്‍ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് പറഞ്ഞയക്കുന്നത്. എന്നാല്‍ മഹിഷിയെയും വധിച്ച് അയ്യപ്പന്‍ തന്റെ അവതാര ഉദ്ദേശം നടപ്പിലാക്കി. തുടര്‍ന്ന് പുലിപ്പാല്‍ കറന്നെടുക്കുന്നതിനായി പുലികളേയും കൂട്ടി പുലിപ്പുറത്ത് അയ്യപ്പന്‍ കൊട്ടാരത്തിലേക്കു വന്നു. ഇതോടെ രാജ്ഞിയും മന്ത്രിയും അയ്യപ്പന്റെ ശക്തിക്കുമുമ്പില്‍ പതറി.അയ്യപ്പന്‍ ദൈവത്തിന്റെ പ്രതിരൂപമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവിനോട് അയ്യപ്പന്‍ തന്റെ അവതാരോദ്ദേശം പറഞ്ഞു. തുടര്‍ന്ന് അയ്യപ്പന്റെ നിര്‍ദേശപ്രകാരം ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അതിനായി സ്ഥാനം കണ്ടതും അയ്യപ്പനാണ്. അയ്യപ്പന്‍ തൊടുത്തു വിട്ട അമ്പിന്റെ സ്ഥാനത്താണ് ക്ഷേത്രം പണിതത്. ഇതാണ് ശബരിമല.
പുലിപ്പാല്‍ കൊണ്ടുവരാന്‍ കാട്ടിലേക്ക് പോകുമ്പോള്‍ തയ്യാറാക്കിയതാണ് ഇരുമുടിക്കെട്ട് എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തില്‍ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വര്‍ഷംതോറുമുള്ള തീര്‍ത്ഥയാത്രയും എന്നാണ് ഐതിഹ്യം.
ഇതോടൊപ്പം മത സൗഹാര്‍ദ്ദത്തിന്റെ കഥയും പ്രസിദ്ധമാണ്. വാവരുമായി ഏറ്റുമുട്ടുകയും തുടര്‍ന്ന് വാവര്‍ അയ്യപ്പന്റെ ഉറ്റ ചങ്ങാതിയായെന്നും കഥയുണ്ട്. അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് ശബരിമലയില്‍ വാവര്‍ക്ക് ഒരു സ്ഥാനം നല്‍കിയതെന്നും വിശ്വസിക്കുന്നു. എരുമേലി വാവരു പള്ളിയില്‍ കയറിയാണ് ഓരോ അയ്യപ്പനും ഇപ്പോഴും പേട്ട തുള്ളുന്നത്. ഇത് കൂടാതെ ബുദ്ധമതവുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. എങ്കിലും ഭക്തരുടെ മനസില്‍ പതിഞ്ഞ കഥയാണ് ഇത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha