ഇന്ന് ധനുമാസത്തിലെ തിരുവാതിര ഉത്തമ ഭര്‍ത്താവിനു വേണ്ടി സ്തീകള്‍ തിരുവാതിര വ്രതം ആചരിക്കുന്നു
ശ്രീപരമേശ്വരന്റെ ജന്മനാളാണ് ധനുമാസത്തിലെ തിരുവാതിര . അന്നേ ദിവസം മംഗല്യവതികളായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ യശസ്സിനും നെടുമംഗല്യത്തിനു വേണ്ടിയും കന്യകമാര്‍ ഉത്തമ ഭര്‍ത്താവിനെ ലഭിക്കാന്‍ വേണ്ടിയും തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു. ശിവഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആദ്യമായി തിരുവാതിരവ്രതം അനുഷ്ഠിച്ചത് പാര്‍വ്വതീ ദേവിയായിരുന്നു. കൂടാതെ ശ്രീപരമേശ്വരനും പാര്‍വ്വതീ ദേവിയും തമ്മിലുളള വിവാഹം നടന്നത് തിരുവാതിര നാളിലാണെന്നും ഐതീഹ്യമുണ്ട്. ശക്തി ശിവനോടൊപ്പം ചേരുന്ന ഈ തിരുവാതിര ദിനത്തില്‍ വ്രതം അനുഷ്ഠിച്ചാല്‍ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകുമെന്നാണ് വിശ്വാസം.
മകയിരം, തിരുവാതിര എന്നീ രണ്ടു ദിനങ്ങളിലും വ്രതമാചരിക്കുന്നത് ഉത്തമമാണ്. മകയിരം നോയമ്പും തിരുവാതിരനോയമ്പും ഒരു ദിനത്തിനു പകരം ഒരു നാളു തുടങ്ങുന്നതു മുതല്‍ അവസാനിക്കുന്നതവരെയാണെന്ന പ്രത്യേകയുണ്ട്. അതനുസരിച്ച് 2015 ധനുമാസത്തിലെ മകയിരം നോയമ്പ് ഡിസംബര്‍ 24 പകല്‍ 12.30 ന് തുടങ്ങി ഡിസംബര്‍ 25 പകല്‍ 11.30ന് അവസാനിക്കുന്നു. ഡിസംബര്‍ 24ാം തീയതി രാത്രിയിലാണ് എട്ടങ്ങാടി നിവേദ്യം. ഇത്തവണ ക്രിസ്മസ് ദിനത്തിലാണ് തിരുവാതിര ആഘോഷം. അതായത് ഡിസംബര്‍ 25ാം തീയതി പകല്‍ 11.30ന് തിരുവാതിരവ്രതം ആരംഭിക്കുകയും പിറ്റേന്ന് ഡിസംബര്‍ 26 തീയതി 10.30ന് അവസാനിപ്പിക്കുകയും വേണം.
മകയിരം നോയമ്പ് മക്കളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യത്തിനും വേണ്ടിയാണ്. മകയിരദിനത്തില്‍ എട്ടങ്ങാടി ചുട്ട് നിവേദിക്കണമെന്നാണ് ചിട്ട. കാച്ചില്‍, ചേന, കൂര്‍ക്ക, നനകിഴങ്ങ്, ചെറുകിഴങ്ങ്, ചെറു ചേമ്പ്, വലിയ ചേമ്പ്, മധുരക്കിഴങ്ങ് എന്നീ എട്ട് കിഴങ്ങുകള്‍ ചുട്ടെടുത്ത് ശര്‍ക്കരപാവു കാച്ചി, നാളികേരവും, പഴവും, വന്‍പയര്‍ വേവിച്ചത്,കരിമ്പും മറ്റും ചേര്‍ത്താണ് എട്ടങ്ങാടി വിഭവം തയാറാക്കുന്നത്. ഗണപതിക്കും ശിവനും പാര്‍വ്വതിക്കും നേദിച്ച ശേഷം പ്രസാദമായി എല്ലാവര്‍ക്കും ഭക്ഷിക്കാം.
തിരുവാതിരനാള്‍ തുടങ്ങുന്നതു മുതല്‍ അവസാനിക്കുന്ന സമയം വരെയാണ് തിരുവാതിര നോയമ്പ്. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിര പൂത്തിരുവാതിര എന്നറിയപ്പെടുന്നു. തിരുവാതിരദിനത്തില്‍ അതിരാവിലെ ഉണര്‍ന്ന് ശരീരശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുക. ഗായത്രി മന്ത്രം ചൊല്ലുന്നത് നന്ന്. അതിനുശേഷം വാലിട്ട് കണ്ണെഴുതുകയും മഞ്ഞളും ചന്ദനവും ചേര്‍ത്ത് കുറി തൊടുകയും, സീമന്തരേഖയില്‍ പാര്‍വ്വതീ ദേവിയെ സ്മരിച്ചുകൊണ്ട് സിന്ദൂരം അണിയുകയും ചെയ്യുക. അരിയാഹാരം ഒഴിവാക്കി, തിരുവാതിരപ്പുഴുക്ക്, കൂവ കുറുക്കിയത്, ഗോതമ്പ്, പഴങ്ങള്‍, കരിക്കിന്‍ വെളളം എന്നിവ കഴിക്കാം. പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്‌തോത്രം, ശിവപുരാണം, ശിവസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നത് ശിവപ്രീതിക്ക് എളുപ്പ മാര്‍ഗമാണത്രേ. അന്നേ ദിവസം ശിവക്ഷേത്രത്തില്‍ ജലധാര നടത്തുന്നതും, കൂവളമാല സമര്‍പ്പിക്കുന്നതും ഉത്തമം .തിരുവാതിരനാള്‍ തീരുന്ന സമയം വരെ ഉറക്കമിളക്കണം. തിരുവാതിര രാത്രിയിലാണ് പാതിരാപ്പൂചൂടല്‍. സ്ത്രീകള്‍ ഒത്തു കൂടി തിരുവാതിര കളിച്ചതിനു ശേഷം പാതിരാപ്പൂചൂടല്‍ ചടങ്ങുകള്‍ ആരംഭിക്കും. ചടങ്ങില്‍ ആദ്യം ദശപുഷ്പങ്ങള്‍ ഭഗവാനു സമര്‍പ്പിക്കാന്‍ യാത്ര തിരിക്കുന്നു. ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്നവരാണ് കത്തിച്ച വിളക്ക്, ദശപുഷ്പങ്ങള്‍, അഷ്ടമംഗല്യം, കിണ്ടിയില്‍ ശുദ്ധ ജലം എന്നിവ പിടിക്കേണ്ടത് മറ്റുളളവര്‍ ഇവരെ അനുഗമിച്ചുകൊണ്ട് \'\'ഒന്നാകും മതിലകത്ത് ഒന്നല്ലോ പൂത്തിലഞ്ഞി....\'\' എന്നു തുടങ്ങുന്ന പാട്ട് കൈകൊട്ടി ഉച്ചത്തില്‍ പാടും. ഓരോ പുഷ്പങ്ങളെക്കുറിച്ച് പാടുമ്പോള്‍ ആ പുഷ്പങ്ങള്‍ കൈയില്‍ എടുത്ത് പാട്ട് അവസാനിപ്പിക്കുമ്പോള്‍ ദശപുഷ്പം ചൂടി മങ്കമാര്‍ മംഗല ആതിര (മംഗല ആതിര നല്‍പുരാണം....) പാടിക്കളിക്കണം. ദശപുഷ്പത്തിലെ ഓരോ പൂവ് ചൂടുന്നതിനും ഓരോരോ ഫലങ്ങളാണ്. തിരുവാതിരനാള്‍ കഴിഞ്ഞ് അരിഭക്ഷണം കഴിച്ചോ, ശിവക്ഷേത്ര ദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ചോ വ്രതം അവസാനിപ്പിക്കാം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha