ശബരിമലയില്‍ മണ്ഡലപൂജ തൊഴുത് ഭക്തലക്ഷങ്ങള്‍ മലയിറങ്ങി, ക്ഷേത്രനട അടച്ചു
കഠിനവ്രതത്തോടെ ശബരിമല ശാസ്താവിനെ കാണാന്‍ പതിനെട്ട് പടവുകള്‍ കടന്നെത്തിയ ഭക്തലക്ഷങ്ങള്‍ മണ്ഡലപൂജ തൊഴുതു. ഭക്തിയുടെ പ്രഭാപൂരം നിറഞ്ഞ അന്തരീക്ഷത്തില്‍ മിന്നിത്തിളങ്ങിയ ശബരീശന്റെ പുണ്യരൂപവും മനസിലേറ്റി തീര്‍ഥാടകര്‍ മലയിറങ്ങി. മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയാക്കി അയ്യപ്പ ക്ഷേത്രനട അടച്ചു.
ഇന്നലെ രാവിലെ ഒന്‍പതോടെയാണ് നെയ്യഭിഷേകം പൂര്‍ത്തിയാക്കി മണ്ഡലപൂജയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. ആദ്യം 25 കലശമാടി. ആഘോഷമായ പ്രദക്ഷിണത്തോടെ കളഭം നിറച്ച ബ്രഹ്മകലശം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം കഴിച്ചു. പിന്നെയായിരുന്നു ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ആഘോഷമായി കൊണ്ടുവന്ന തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ. അങ്കി ചാര്‍ത്തി കുംഭംരാശി മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് മണ്ഡലപൂജ നടത്തിയപ്പോള്‍ തങ്കശോഭയില്‍ മിന്നിത്തിളങ്ങിയ അയ്യപ്പ സ്വാമിയുടെ ദിവ്യരൂപം ഭക്തര്‍ക്ക് സുകൃത ദര്‍ശനമായി.
ഈ സമയം ശരണംവിളികളും മണിനാദങ്ങളും അന്തരീക്ഷത്തെ അവാച്യമായ അനുഭൂതിയിലാറാടിച്ചു.
രാത്രി അത്താഴ പൂജയ്ക്കു ശേഷം മേല്‍ശാന്തി എസ്. ഇ. ശങ്കരന്‍ നമ്പൂതിരി അയ്യപ്പ വിഗ്രഹത്തില്‍ ഭസ്മാഭിഷേകം നടത്തി ധ്യാനനിരതനാക്കി നട അടച്ചു. മകരവിളക്ക് തീര്‍ഥാടനത്തിനായി ഇനി ബുധനാഴ്ച വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 15ന് ആണ് മകരവിളക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha