തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം... ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു
തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം 26 മുതല്‍ ജനുവരി ആറുവരെ നടക്കും. ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഗായിക കെ എസ് ചിത്ര ഉദ്ഘാടനം ചെയ്തു. ഞായര്‍മുതല്‍ www.thiruvairanikkulamtemple.org എന്ന വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാവുന്നതാണ്.
വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് ദേവസ്വം പാര്‍ക്കിങ് ഗ്രൗണ്ടുകളായ സൗപര്‍ണിക, കൈലാസം എന്നിവിടങ്ങളിലെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ ബുക്കിങ് രസീത് നല്‍കി ദര്‍ശന പാസ് വാങ്ങാനാകും.
ബുക്ക് ചെയ്യാത്തവര്‍ക്ക് സാധാരണ ക്യൂവിലൂടെയും ദര്‍ശനം അനുവദിക്കും. ചടങ്ങില്‍ ക്ഷേത്രം മാനേജര്‍ എം കെ കലാധരന്‍, സെക്രട്ടറി കെ എ പ്രസൂണ്‍കുമാര്‍, മറ്റു ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി.
അതേസമയം ധനുമാസത്തില്‍ തിരുവാതിരനാള്‍ മുതല്‍ 12 ദിവസം മാത്രമേ ശ്രീപാര്‍വ്വതിയുടെ നട തുറക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളില്‍ ഭക്തജനത്തിരക്ക് വളരെ കൂടുതലാണ്. ഭക്തജനങ്ങളില്‍ നല്ലൊരുഭാഗവും സ്ത്രീകളാണ്. തന്മൂലം, ഈ ക്ഷേത്രത്തിന് സ്ത്രീകളുടെ ശബരിമല എന്നൊരു അപരനാമവുമുണ്ട്.
ശിവന് കുംഭമാസത്തില്‍ തിരുവാതിര ആറാട്ടായി എട്ടുദിവസത്തെ ഉത്സവമുണ്ട്. ഇവ കൂടാതെ ശിവരാത്രി, നവരാത്രി, മണ്ഡലകാലം തുടങ്ങിയവയും ഇവിടെ വിശേഷമാണ്. അകവൂര്‍, വെടിയൂര്‍, വെണ്മണി എന്നീ മൂന്ന് ഇല്ലക്കാര്‍ ചേര്‍ന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.
ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ധനുമാസത്തിലെ തിരുവാതിര മുതല്‍ പന്ത്രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പു മഹോത്സവം. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഈ വിശേഷച്ചടങ്ങ് ഇവിടെ തുടങ്ങാന്‍ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെയാണ് പണ്ടുകാലത്ത്, ക്ഷേത്രത്തില്‍ ദേവീനട എല്ലാ ദിവസവും തുറന്നിരുന്നു. അക്കാലത്ത്, ക്ഷേത്രത്തില്‍ ഭഗവാന്റെ നിവേദ്യം തയ്യാറാക്കുന്നതുപോലും ദേവിയായിരുന്നത്രേ. ഈ സങ്കല്പത്തില്‍, നിവേദ്യത്തിനായുള്ള വസ്തുക്കള്‍ തിടപ്പള്ളിയിലെത്തിച്ചാല്‍ പിന്നീട് അത് അടച്ചിടുന്ന പതിവുണ്ടായിരുന്നു.
നിശ്ചിതസമയം കഴിഞ്ഞ് തുറന്നുനോക്കുമ്പോഴേയ്ക്കും നിവേദ്യം തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകും! ഇതുമൂലമാണ് ദേവിതന്നെയാണ് ഉണ്ടാക്കുന്നതെന്ന വിശ്വാസം പരന്നത്. ഇതിനെക്കുറിച്ച് അന്വേഷിയ്ക്കുന്നതിനായി ക്ഷേത്രം ഊരാളന്മാര്‍ ഒരു ദിവസം ക്ഷേത്രത്തിലെത്തി.
നിവേദ്യം തയ്യാറാക്കുന്നതിനായി സാധനങ്ങള്‍ തിടപ്പള്ളിയില്‍ കയറ്റി വാതിലടച്ചശേഷമാണ് അവര്‍ ദര്‍ശനത്തിനെത്തിയത്. നിശ്ചിതസമയത്തിനുമുമ്പ് വാതില്‍ തുറന്നുനോക്കിയ അവര്‍ കണ്ടത് സര്‍വ്വാഭരണവിഭൂഷിതയായ പാര്‍വ്വതീദേവി ഭക്ഷണം പാചകം ചെയ്യുന്നതാണ്! ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയ ഊരാളന്മാര്‍ അമ്മേ ദേവീ ജഗദംബികേ എന്ന് ഉറക്കെ വിളിച്ചു.
തന്റെ രഹസ്യം പുറത്തായതില്‍ ദുഃഖിതയായ ദേവി, താന്‍ ക്ഷേത്രം വിട്ടിറങ്ങാന്‍ പോകുകയാണെന്ന് ഊരാളന്മാരോട് പറഞ്ഞു. ഇതില്‍ ദുഃഖിതരായ മൂവരും ദേവിയുടെ പാദങ്ങളില്‍ വീണ് മാപ്പപേക്ഷിച്ചപ്പോള്‍ എല്ലാ വര്‍ഷവും തന്റെ പതിയുടെ ജന്മനാളായ ധനുമാസത്തിലെ തിരുവാതിര മുതല്‍ പന്ത്രണ്ടുദിവസം ദര്‍ശനം നല്‍കുന്നതാണെന്നും ആ സമയത്തുവന്ന് ദര്‍ശനം നടത്തുന്നത് പുണ്യമായിരിയ്ക്കുമെന്നും ദേവി അരുള്‍ചെയ്തു. ഇതിനെത്തുടര്‍ന്നാണ് നടതുറപ്പ് മഹോത്സവം ആരംഭിച്ചത്.
https://www.facebook.com/Malayalivartha