ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം... ഇന്ന് കര്‍ക്കിടകം ഒന്ന്
ഇന്ന് കര്‍ക്കിടകം ഒന്ന്. ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭിക്കുകയാണ്. വേദങ്ങളിലും വേദാംഗങ്ങളിലും കര്‍ക്കിടകമാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ദുര്‍ഘടം നിറഞ്ഞ മാസം എന്നു വിളിക്കുമെങ്കിലും കര്‍ക്കിടകം പുണ്യമാസമാണ്.
കര്‍ക്കിടകം രാശിയുടെ ആദ്യബിന്ദുവിലൂടെ സൂര്യന്‍ കടന്നു പോകാന്‍ എടുക്കുന്ന സമയമാണ് കര്‍ക്കിടക സംക്രാന്തി. കര്‍ക്കിടകം രാശിയില്‍ നിന്നും ചിങ്ങം രാശിയിലേക്കു സൂര്യന്‍ മാറുന്ന സമയം വരെയുള്ള ഒരു മാസം കര്‍ക്കിടകത്തിന്റെ പുണ്യകാലമാവുന്നു.
മലയാള വര്‍ഷത്തിന്റെ അവസാന മാസമായ കര്‍ക്കിടകത്തിനെ വൃത്തിയോടേയും, ശുദ്ധിയോടേയും കാത്തു സൂക്ഷിക്കണം. രാമശബ്ദം പരബ്രഹ്മത്തിന്റെ പര്യായവും, രാമനാമജപം ഹൃദയങ്ങളെ വേണ്ടവിധം ശുദ്ധീകരിക്കുകയും മനുഷ്യരെ മോക്ഷപ്രാപ്തിക്ക് അര്‍ഹരാക്കുകയും ചെയ്യുന്നു. അജ്ഞാതമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തണം. അതിനു വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത്.
കര്‍ക്കിടകം ഒന്നു മുതല്‍ മാസം തീരും വരെ കേരളത്തിലെ എല്ലാ വീട്ടിലും ശ്രീഭഗവതിയെ വരവേല്‍ക്കാനായി ശീവോതിക്കു (ശ്രീഭഗവതി) വെക്കല്‍ എന്ന ചടങ്ങ് അനുഷ്ഠിക്കും. മച്ചില്‍ നിലവിളക്കു കൊളുത്തി അതിന്റെ പിന്നിലാണ് ശീവോതിക്കു വയ്ക്കുന്നത്. ചിലര്‍ പൂമുഖത്താണ് വിളക്ക് വയ്ക്കുക. ശ്രീഭഗവതിയെ വീട്ടിലേക്ക് സ്വീകരിക്കാനായാണ് ഈ ചടങ്ങ് നടത്തുന്നത്.
രാവിലെ കുളിച്ച് പലകയിലോ പീഠത്തിലോ ഭസ്മം തൊടുവിത്ത് നാക്കില വച്ച് അതില്‍ രാമായണം, കണ്ണാടി, കണ്‍മഷി, കുങ്കുമം, വസ്ത്രം, പണം, തുളസി, അഷ്ടമംഗല്യം, നിറപറ, നിറനാഴി, ദശപുഷ്പം, വെറ്റില, അടക്ക എന്നിവ വയ്ക്കുന്നു. പൂമുഖത്ത് കത്തിച്ചുവയ്ക്കുന്ന വിളക്ക് വൈകീട്ടേ മാറ്റാറുള്ളു. രാത്രിയായാല്‍ മുടങ്ങാതെ രാമായണം വായിക്കുകയും ചെയ്യും.
വ്രതനിഷ്ഠകളാല്‍ സമ്പന്നമാണ് കര്‍ക്കിടകം. ആദ്യ ഏഴു ദിവസങ്ങളില്‍ ഏഴു തരം സസ്യങ്ങള്‍ കൊണ്ടുള്ള കറികള്‍ ഭക്ഷിക്കുന്ന രീതി പണ്ടേയുണ്ട്. കര്‍ക്കിടകത്തിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് കര്‍ക്കിടകവാവ്. വാസ്തുശാസ്ത്രപരമായും കര്‍ക്കിടകത്തിനു പ്രാധാന്യമുണ്ട്. കാക്ക പോലും കൂടുകൂട്ടാത്ത കര്‍ക്കിടകത്തില്‍ ഗൃഹനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും പാടില്ല.
രാമായണ മാസമായ കര്‍ക്കിടകത്തില്‍ പ്രസിദ്ധമായി നടന്നു വരുന്നതാണ് നാലമ്പല തീര്‍ത്ഥാടനയാത്ര. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മല്‍ ശത്രുഘ്നക്ഷേത്രം എന്നീ നാലമ്പലങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നത് ശ്രേയസ്‌ക്കരമെന്നാണ് വിശ്വാസം. ഓരോ വര്‍ഷവും നാലമ്പല ദര്‍ശനം നടത്തുന്ന വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.
ശരീരപുഷ്ടിക്കുള്ള ചികിത്സകള്‍ക്ക് അനുയോജ്യമാണ് കര്‍ക്കിടകം. കഴിക്കുന്ന മരുന്നുകളും ചെയ്യുന്ന ചികിത്സകളും ശരീരത്തില്‍ പിടിക്കും. അതുകൊണ്ടു തന്നെ സുഖചികിത്സയ്ക്കു ഉത്തമമാണു കര്‍ക്കിടകം. മരുന്നു കഞ്ഞി കുടിച്ച് ദഹനശേഷി വര്‍ദ്ധിപ്പിച്ച് ശരീരത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ പ്രാപ്തമാക്കാം. ഔഷധകഞ്ഞി കുടിക്കുമ്പോള്‍ ദഹനം വര്‍ദ്ധിക്കും. ആന്തരീകാവയവങ്ങളുടെ പ്രതിരോധ ശേഷി കൂട്ടാനും ഔഷധമരുന്നുകഞ്ഞി സഹായകരമാണ്.
https://www.facebook.com/Malayalivartha