ഐശ്വര്യങ്ങള്‍ നിറഞ്ഞ മണ്ണാര്‍ശാല
ഭാരതത്തിലെ പ്രധാനപ്പെട്ട നാഗരാജ ക്ഷേത്രമാണു മണ്ണാറശാല. മണ്ണാറശാല ഇല്ലക്കാരുടേതാണ് ഈ ക്ഷേത്രം. കിഴക്കോട്ടു ദര്‍ശനവും ശൈവ വൈഷ്ണവ സങ്കല്പവും ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ശൈവ നാഗങ്ങളായ വാസുകിയും നാഗയക്ഷിയുമാണ് ഇല്ലത്തെ നിലവറയില്‍. വിഷ്ണു സ്വരൂപമായ അനന്തന്‍ ചിരംജീവിയായി കുടികൊളളുന്നു. ഇല്ലത്തിലെ പൂര്‍വിക തലമുറയിലെ അമ്മയുടെ മകനായി പിറന്ന അഞ്ചു മുഖമുളള നാഗശിശുവാണു വിഷ്ണു സ്വരൂപമായ അനന്തന്‍, ശാസ്താവ്, ഭദ്രകാളി, ശിവന്‍, ഗണപതി, ദുര്‍ഗ എന്നിവര്‍ ഉപദേവതമാരായും കുടികൊളളുന്നു. പടിഞ്ഞാറായി ഒരു കൂവളത്തറയും കാവുകള്‍ക്കുളളില്‍ നിരവധി കുളങ്ങളുമുണ്ട്. വടക്കു കിഴക്കെ കുളത്തില്‍ പൂജാ കര്‍മങ്ങള്‍ ചെയ്യുന്നവര്‍ കുളിച്ചിട്ടു മാത്രമേ കയറാവൂ. പടിഞ്ഞാറെ നടയില്‍ ഉളള കുളമാണു ഭക്തര്‍ക്കായി ഉളളത്. നാഗരാജാവിന്റെ അവതാരദിനമായി പ്രസിദ്ധമായി ആചരിക്കുന്നതു കന്നിമാസത്തിലെ ആയില്യമാണെങ്കിലും തുലാമാസത്തിലെ ആയില്യമാണ് മണ്ണാറശാല ആയില്യമെന്ന പേരില്‍ പ്രസിദ്ധമായത്.
ഇതിനു പിന്നില്‍ ഒരു ചരിത്രമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് ഇവിടത്തെ കന്നിമാസത്തിലെ ആയില്യം ദിവസം തൊഴുക പതിവായിരുന്നു. ഒരിക്കല്‍ മഹാരാജാവിനു കന്നി മാസത്തിലെ ആയില്യം തൊഴാനും എഴുന്നളളത്തു ദര്‍ശിക്കാനും കഴിയാതെ വന്നുവത്രേ. തുലാം മാസത്തിലെ ആയില്യത്തിനാണ് എത്തിയത്. അതു രാജകീയ പ്രൗഢിയോടെ ആഘോഷിക്കുകയും ചെയ്തു. തുടര്‍ന്ന് കന്നി, തുലാം മാസങ്ങളിലെ ആയില്യങ്ങള്‍ തുല്യപ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. തുലാമാസത്തിലെ ആയില്യം കൂടുതല്‍ പ്രസിദ്ധവുമായി. സ്ത്രീകളാണു മുഖ്യപൂജാരിണികള്‍ എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത,
ക്ഷേത്ര ഐതിഹ്യം : കാര്‍ത്തവീര്യാര്‍ജുനനുമായി നടന്ന യുദ്ധത്തില്‍ പരശുരാമന്‍ ക്ഷത്രിയവംശത്തെ ഉന്മൂലനം ചെയ്യാനായി അനവധി ക്ഷത്രിയരെ നിഗ്രഹിച്ചു. ഗോകര്‍ണത്തില്‍ നിന്നു മഴുവെറിഞ്ഞു കന്യാകുമാരി വരെ സൃഷ്ടിച്ചു. ഇവിടെ ക്ഷാരാധിക്യത്താല്‍ വാസ യോഗ്യമല്ലായിരുന്നു. ശക്തമായ സര്‍പ്പശല്യവും ശുദ്ധ ജല ലഭ്യതക്കുറവും ഉപ്പിന്റെ അംശവും ഉണ്ടായിരുന്നു. അതുകൊണ്ട് ബ്രാഹ്മണര്‍ ഇവിടം വിട്ടുപോകാന്‍ ഇടയായി. അപ്പോള്‍ പരമശിവന്റെ നിര്‍ദേശാനുസരണം പരശുരാമന്‍ നാഗരാജാവിനെ തപസ്സു ചെയ്തു. നാഗരാജാവ് പ്രത്യക്ഷമായി. വിഷജ്വാലകളാല്‍ ഈ ഭൂപ്രദേശം ഫലഭൂയിഷ്ഠമാക്കി. പൂമരങ്ങളും വൃക്ഷലതാതികളും നിറഞ്ഞ ഇവിടെ നാഗരാജാവിന്റെ നിത്യസാന്നിധ്യമുണ്ടാകുമെന്നും പറഞ്ഞു. അങ്ങനെയാണ് ഇവിടെ പ്രതിഷ്ഠ ഉണ്ടായത്. തന്റെ ശിഷ്യരില്‍ പെട്ട ഒരു ഉത്തമ ബ്രാഹ്മണനെ പിന്‍ഗാമിയാക്കി, എന്നാല്‍ ഒരു കന്നിമാസത്തിലെ പൂയം നാളില്‍ പൂജാരിക്ക് അശുദ്ധിയുണ്ടാകുകയും പൂജ മുടങ്ങുകയും ചെയ്തു. അന്നു മുതല്‍ മണ്ണാറശാല ഇല്ലത്തിലെ അമ്മമാരാണു പ്രധാന പൂജകള്‍ ചെയ്യുന്നത്.
മണ്ണാറശാലയിലെ പൂജാദി കര്‍മങ്ങള്‍ നിര്‍വഹിക്കുന്നത് അന്തര്‍ജനങ്ങളാണ്. വലിയമ്മ എന്ന് ഇവരെ നാമകരണം ചെയ്യുന്നു. ഒരു കന്നി മാസത്തിലെ ആയില്യത്തിന് അവിടത്തെ പൂജാരിക്ക് അശുദ്ധി സംഭവിച്ചതിനാല്‍ പൂജ നടത്താന്‍ കഴിയാതെ പോയി. പൂജ മുടങ്ങാന്‍ പാടില്ലായിരുന്നു. നാഗരാജാവിന്റെ കോപമുണ്ടാകും. അന്ന് ഇല്ലത്തില്‍ ഭക്തയും സാത്വികയുമായ ഒരു അന്തര്‍ജനം ഉണ്ടായിരുന്നു. അവര്‍ ൈദവത്തെ ധ്യാനിച്ച് അപകടങ്ങളൊന്നും വരരുതെന്നു പ്രാര്‍ഥിച്ചു വന്നു കുളിച്ചു പൂജാദികര്‍മങ്ങള്‍ നിര്‍വഹിച്ചു. അപ്പോള്‍ ഒരു അശരീരി ഉണ്ടായി. ഉച്ചപൂജയും ആയില്യപൂജയും അന്തര്‍ജനം തന്നെ ഇനിമേല്‍ നടത്തണം എന്നായിരുന്നു ആ അശരീരിയുടെ പൊരുള്‍. അതിനുശേഷം മുതല്‍ ഇല്ലത്തെ അന്തര്‍ജനം തന്നെയാണു പൂജകള്‍ നിര്‍വഹിക്കുന്നത്. മണ്ണാറശാല ഇല്ലത്തില്‍ വധുവായി എത്തുന്ന ഏറ്റവും മുതിര്‍ന്ന സ്ത്രീയാണു മണ്ണാറശാല അമ്മയായി അവരോധിക്കപ്പെടുന്നത്. ഇവര്‍ക്കു ദിനചര്യകളില്‍ ചിട്ടകളുണ്ട്. പുറംലോകമായും കുടുംബജീവിതവുമായും ഇവര്‍ക്കു വിലക്കുണ്ട്. തികച്ചും ബ്രഹ്മചര്യം നിര്‍ബന്ധമാണ്. മണ്ണാറശാലയില്‍ ഉണ്ടായിരുന്ന അനവധി വല്യമ്മമാരില്‍ സാവിത്രി അന്തര്‍ജനം എന്ന വല്യമ്മ ഇവരില്‍ മുഖ്യയായിരുന്നു. ഇവരുടെ സിദ്ധി വിശേഷങ്ങള്‍ അവര്‍ണനീയമായിരുന്നു എന്ന് അനുഭവസ്ഥര്‍ പറയുന്നു. ഒരു തപസ്വിനിയെ പോലെ ജീവിച്ചു പുണ്യമടഞ്ഞവരാണ്. ഇവര്‍ പതിനാലാം വയസ്സില്‍ അമ്മയായവരായിരുന്നു. 90നു ശേഷം ദിവംഗതയാകയും ചെയ്തു. ഇത്രയും കാലം അമ്മയാകാനുളള ഭാഗ്യം ലഭിച്ച ഇവരുടെ മടിയില്‍ സര്‍പ്പ ക്കുഞ്ഞുങ്ങള്‍ ഇഴയുമായിരുന്നു എന്നാണു കേള്‍വി. ഇവര്‍ പ്രത്യക്ഷ ദേവതയായിരുന്നു എന്നും കേള്‍വിയുണ്ട്. ഇപ്പോള്‍ ഉമാദേവി അന്തര്‍ജനമാണ്. ഉമാദേവി അന്തര്‍ജനത്തിന്റെ നേതൃത്വത്തിലാണു പൂജകളും മറ്റും നടക്കുന്നത്.
മണ്ണാറശാല എന്ന പേര് വന്നതെങ്ങനെ?
ഒരിക്കല്‍ ഈ പ്രദേശം കാട്ടുതീയിലകപ്പെട്ടു. നാഗങ്ങള്‍ രക്ഷ തേടി അഗ്‌നി അകന്നുനിന്ന മണ്ണ് ആറിയ ഈ ഇല്ലത്തില്‍ അഭയം തേടി. അനപത്യതാ ദുഃഖത്തോടെ കഴിഞ്ഞിരുന്ന വാസുദേവനും ശ്രീദേവിയുമായിരുന്നു അവിടത്തെ നാഗോപാസകര്‍. പൊളളലേറ്റ് എത്തിയ സര്‍പ്പങ്ങളെ ഇല്ലത്തിലുളളവര്‍ വളരെ സ്‌നേഹത്തോടെ ശുശ്രൂഷിച്ചു. അപ്പോള്‍ നാഗരാജാവ് ദര്‍ശനം നല്‍കി. അമ്മയ്ക്കു മകനായി പിറക്കുമെന്നനുഗ്രഹിച്ചു. അങ്ങനെ ശ്രീദേവി ഗര്‍ഭിണിയായി. തേജസ്വികളായ രണ്ടു ശിശുക്കളെ പ്രസവിച്ചു. ഒരു മനുഷ്യശിശുവും അഞ്ചു ഫണങ്ങളോടു കൂടിയ ഒരു നാഗശിശുവും. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ നാഗശിശു നിലവറയില്‍ ഏകാന്തവാസം ആരംഭിച്ചു. മറ്റുളളവരില്‍ നിന്ന് അകന്ന്. ഇന്നും ചിരംജീവിയായി നിലവറയില്‍ വസിക്കുന്നുവത്രേ.
ആയില്യം എഴുന്നളളത്ത്
ആയില്യം നാളില്‍ അമ്മ വാസുകിയെ ഇല്ലത്തേക്ക് എഴുന്നളളിക്കുന്ന അനുഷ്ഠാനമാണ് ആയില്യം എഴുന്നളളത്ത്. ഇളയമ്മ സര്‍പ്പ യക്ഷിയുടെയും കാരണവന്മാര്‍ നാഗചാമുണ്ഡി, നാഗയക്ഷി എന്നിവരുടെ വിഗ്രഹങ്ങളുമായി അമ്മയെ അനുഗമിക്കാം. ഇവിടെ ദര്‍ശനം നടത്തിയാല്‍ സര്‍വ ദുരിതങ്ങളില്‍ നിന്നും മോചനവും സര്‍വ ഐശ്വര്യങ്ങളും ലഭിക്കുമെന്നാണു വിശ്വാസം. ശിവരാത്രി നാളില്‍ മാത്രമാണ് ഇവിടെ ദീപാരാധനയുളളത്. വലിയ അമ്മ തന്നെ സര്‍പ്പബലി നടത്തും. പുലര്‍ച്ചെ വരെ ചടങ്ങുകള്‍ നീളും. നിലവറയില്‍ ശിവരാത്രി പൂജയ്ക്കു മാത്രമേ പൂജയുളളൂ.
നാഗാരാധനയ്ക്ക് ഉത്തമം നാഗപഞ്ചമി
നാഗാരാധനയ്ക്ക് ഏറ്റവും ഉത്തമം നാഗപഞ്ചമിയാണെന്നു വിശ്വസിക്കപ്പെടുന്നു. ചിങ്ങമാസത്തിലെ വെളുത്ത പക്ഷ പഞ്ചമി (ശ്രാവണ പഞ്ചമി) യാണു നാഗപഞ്ചമി. ആസ്തികമുനി, നാഗരക്ഷ ചെയ്തതു നാഗപഞ്ചമിക്കാണെന്നും അതിനാല്‍ അന്നു പൂജ നടത്തിയാല്‍ നാഗങ്ങള്‍ അത്യധികം അഹ്ലാദിക്കുമെന്നും പറയപ്പെടുന്നു. ശ്രീകൃഷ്ണന്‍ കാളിയമര്‍ദനം നടത്തിയ ദിനമാണു നാഗപഞ്ചമി.
മണ്ണാറശാലയില്‍ ഒരു ദിവസം
രാവിലെ 5 മണിക്ക് നടതുറക്കും. പളളിയുണര്‍ത്തല്‍ കഴിഞ്ഞ് നിര്‍മാല്യ ദര്‍ശനം, അഭിഷേകാദികള്‍ കഴിഞ്ഞും. ഉഷഃപൂജയും പാലും പഴവും നിവേദ്യം, മലര്‍ നിവേദ്യം, ഉഷ പൂജ സമാപിച്ചാല്‍ നടയടച്ചു പൂജയാണ്. പിന്നെ ഉച്ചപൂജ, പായസം, വെണ്ണ, നിവേദ്യവും. ഉച്ചയ്ക്ക് 12 മണിക്ക് നടയയ്ക്കുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്കും. ചക്കപ്പഴം, കരിക്ക്, മലര്‍ കദളിപ്പഴം, അപ്പം, ശര്‍ക്കര മധുരം തുടങ്ങിയവ നിവേദ്യം ഉച്ചയ്ക്കുണ്ട്. വൈകിട്ട് 5.30 ന് നട തുറക്കും. വിളക്കു കത്തിക്കും. മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനത്തിന്റെ തൊഴലിനു ശേഷം നടയടയ്ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha