മകരവിളക്ക് മഹോത്സവത്തിന് സമാപനം... നാളെ ശബരിമലനട അടയ്ക്കും
മകരവിളക്ക് മഹോത്സവത്തിന് സമാപനം... നാളെ ശബരിമലനട അടയ്ക്കും .ഇന്ന് വലിയ ഗുരുതി നടക്കും. രാത്രി 11ന് നടഅടച്ചശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നില്‍ പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മ്മയുടെ സാന്നിദ്ധ്യത്തിലാകും വലിയ ഗുരുതി നടക്കുക.
ഇന്നലെ തിരുവാഭരണം ചാര്‍ത്തിയുള്ള ദര്‍ശനവും തീര്‍ത്ഥാടനകാലത്തെ അവസാനത്തെ കളഭാഭിഷേകവും നടന്നു. രാത്രി മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്ന് താളമേളങ്ങളുടെയും തീവെട്ടികളുടെയും അകമ്പടിയോടെ ആഘോഷപൂര്‍വം ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടന്നു. ശരംകുത്തിയില്‍ വേട്ടക്കുറുപ്പന്മാരുടെ നേതൃത്വത്തില്‍ നായാട്ടുവിളി നടന്നു. ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഇന്നലെ ദര്‍ശനത്തിനെത്തിയത്.
അതേസമയം നാളെ രാജപ്രതിനിധിക്ക് മാത്രമാണ് സന്നിധാനത്ത് ദര്‍ശനമുള്ളത്. രാവിലെ 5ന് നടതുറന്നശേഷം കിഴക്കേമണ്ഡപത്തില്‍ ഗണപതിഹോമം. തുടര്‍ന്ന് രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പ ദര്‍ശനം നടത്തുന്നതാണ്. അദ്ദേഹം മടങ്ങിയ ശേഷം മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി അയ്യപ്പനെ ഭസ്മാവിഭൂഷിതനാക്കി കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും അണിയിച്ച് യോഗനിദ്യയിലാക്കുകയും ചെയ്യും.
തുടര്‍ന്ന് ഹരിവരാസനം പാടി ശ്രീലകത്തെ വിളക്കുകളണച്ച് മേല്‍ശാന്തി പിന്നോട്ട് ചുവടുവച്ച് പുറത്തിറങ്ങി ശ്രീകോവില്‍ നടയടയ്ക്കും. തുടര്‍ന്ന് താക്കോല്‍ക്കൂട്ടവും പണക്കിഴിയുമായി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനില്‍ക്കുന്ന രാജപ്രതിനിധിക്ക് കൈമാറുകയും ചെയ്യും. ഇവ സ്വീകരിച്ച ശേഷം മേല്‍ശാന്തിക്ക് തിരികെ നല്‍കി,തുടര്‍ന്നുള്ള ഒരു വര്‍ഷത്തെ പൂജകള്‍ നടത്താന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്യും.
തുടര്‍ന്ന് പന്തളത്തേക്ക് ാജപ്രതിനിധി തിരുവാഭരണത്തോടൊപ്പം മടക്കയാത്ര ആരംഭിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha