ശിവഭക്തരെ വരവേല്‍ക്കാന്‍ ശിവാലയ ക്ഷേത്രങ്ങളില്‍ പ്രത്യേക ഒരുക്കങ്ങള്‍...

ശിവരാത്രിയോടനുബന്ധിച്ച് ശിവഭക്തരെ വരവേല്‍ക്കാന്‍ കന്യാകുമാരി ജില്ലയിലെ ശിവാലയ ക്ഷേത്രങ്ങളില്‍ പ്രത്യേക ഒരുക്കങ്ങള്‍ പൂര്‍ണ്ണമായി.
ശിവരാത്രിയുടെ ഭാഗമായി കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളില്‍ ഭക്തര്‍ ഓടി ദര്‍ശനം നടത്തുന്ന അത്യപൂര്‍വമായ ആചാരമാണ് ശിവാലയ ഓട്ടം.
ഇത് ശിവരാത്രിയുടെ മുന്‍ ദിവസമായ ഇന്ന് ഫെബ്രുവരി 25 ന് തുടങ്ങും. മഹാശിവരാത്രി 26നാണ്. ശിവാലയ ഓട്ടത്തില്‍ 'ഗോവിന്ദാ.... ഗോപാലാ...' എന്ന നാമജപവുമായാണ് ഭക്തര്‍ ശിവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത്. കന്യാകുമാരി ജില്ലയിലെ വിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലായി സ്ഥിതി ചെയ്യുന്ന 12 ശിവക്ഷേത്രങ്ങളില്‍ ഒരു രാത്രിയും ഒരു പകലും കൊണ്ട് നഗ്ന പാദരായി നടത്തുന്ന ദര്‍ശനമാണിത്.
തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നീ 12ക്ഷേത്രങ്ങളിലും ഒരു ദിവസംകൊണ്ടു ഓടി ദര്‍ശനം നടത്തുന്ന ആചാരമാണിത്. ഇന്ന് സന്ധ്യയ്ക്ക് കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്‍ സന്ധ്യാദീപം ദര്‍ശിച്ച് ഓട്ടമാരംഭിക്കും. വെള്ളമുണ്ടോ കാവി മുണ്ടോ ആണ് വേഷം. കൈകളില്‍ വിശറിയുണ്ടാകും.
വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളില്‍ ഒന്നില്‍ പ്രസാദ ഭസ്മവും മറ്റേതില്‍ വഴിയാത്രയ്ക്കാവശ്യമായ പണവും കരുതും. ' ഗോവിന്ദാ ഗോപാല' എന്ന നാമം ഉദ്ധരിച്ച് പന്ത്രണ്ട് ക്ഷേത്രത്തിലും എത്തുന്നു. ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലെത്തി ഓട്ടത്തിന് സമാപനമാകുന്നു. 25-ന് ആരംഭിക്കുന്ന ഓട്ടം 26 പിന്നിട്ട് 27-ന് രാവിലെവരെയുണ്ടാകും.
https://www.facebook.com/Malayalivartha