വിഘ്നം മാറ്റുന്ന ഗണപതി ക്ഷേത്രങ്ങൾ
ഹിന്ദു മത വിശ്വാസമനുസരിച് പ്രഥമ സ്ഥാനമാണ് ഗണപതിക്ക് നൽകിയിട്ടുള്ളത്. ഏത് സത്കര്‍മ്മങ്ങള്‍ നടത്തുമ്പോളും ഗണപതിയേ പ്രീതിപ്പെടുത്താനുള്ള പൂജകള്‍ നടത്തുന്നത് ഇതിന് ഉദാഹരണമാണ്. സകല വിഘ്നങ്ങളും ഗണപതി മാറ്റുമെന്ന വിശ്വാസമാണ് ഇതിന് പിന്നില്‍. ഏതൊരു കാര്യവും ചെയ്യുന്നതിന് മുൻപ് ഗണപതിയെ പ്രീതിപ്പെടുത്തിയാൽ ആ കാര്യത്തിന് തടസ്സം നേരിടില്ല എന്നാണ് വിശ്വാസം. ഇന്ത്യയില്‍ എവിടെ ചെന്നാലും അവിടെ ഒരു ഗണപതി ക്ഷേത്രം കാണാതിരിക്കില്ല. ഗണപതിക്കുള്ള ജനപ്രീതിയ്ക്ക് ഏറ്റവും വലിയ ഉദാഹരണമാണ് ഇത്.
കേരളത്തിലെ വടക്കന്‍ ജില്ലയായ കാസര്‍കോട് മുതല്‍ കര്‍ണാടകത്തിലെ ഗോകര്‍ണം വരെയുള്ള തീരദേശത്ത് 6 ഗണപതി ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. കേവലം മൂന്നൂറു കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ ആറു ക്ഷേത്രങ്ങളില്‍ ഒറ്റ ദിവസത്തിനുള്ളില്‍ ദര്‍ശനം നടത്താന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ ക്ഷേത്രങ്ങളിൽ ഒരുദിവസം തൊഴുത്തുവരാനായാൽ സകല തടസങ്ങളും മാറുമെന്നാണ് പറയപ്പെടുന്നത്.
മധൂര്‍ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രം
ആറ് ഗണപതി ക്ഷേത്രങ്ങളില്‍ ഒരു ക്ഷേത്രം കേരളത്തിലെ കാസര്‍കോടാണ് അതിനാല്‍ അവിടെനിന്ന് ആകാം ആദ്യ ദര്‍ശനം. മധൂര്‍ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രത്തിലാണ്. കാസര്‍കോട് നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ശിവ ക്ഷേത്രം
ഗണപതിയുടെ പേരില്‍ അറിയപ്പെടുന്നു എങ്കിലും ഇത് ശിവക്ഷേത്രമാണ്. ആദ്യകാലത്ത് ഇവിടെ ശിവ പ്രതിഷ്ട മാത്ര ഉണ്ടായിരുന്നുള്ളു. പിന്നീട് ചില പൂജാരിമാര്‍ പ്രശ്നം വച്ചതിനേത്തുടര്‍ന്ന് ഇവിടെ ഗണപതിയുടെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നാണ് ഇവിടെ ഗണപതി പ്രതിഷ്ട നടത്തിയത്.
മൂടപ്പ സേവ ഉദയാസ്തമയ പൂജകളാണ് ഇവിടുത്തെ പ്രധാന വഴിപാട്. ഉണ്ണിയപ്പമാണ് ഇവിടെ പ്രസാദമായി ലഭിക്കുന്നത്. ഗണപതിക്ക് ഉണ്ണിയപ്പം ഏറേ ഇഷ്ടമാണെന്നാണ് വിശ്വാസം. ഗണപതിയെ ഉണ്ണിയപ്പത്തില്‍ മൂടുന്ന ഒരു ചടങ്ങും ഇവിടെ നടക്കാറുണ്ട്. മൂടപ്പ സേവ എന്നാണ് ഇത് അറിയപ്പെടുന്നത്.
ഷറാവ് മഹാഗണപതി ക്ഷേത്രം
മാധൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം നേര പോകേണ്ടത് മംഗലാപുരത്തേക്കാണ്. കാസര്‍കോട് നിന്ന് ഏകദേശം ഒരു മണിക്കൂര്‍ യാത്രയേയുള്ളു ഇവിടേയ്ക്ക്. മംഗലാപുരത്താണ് രണ്ടാമത്തെ ഗണപതി ക്ഷേത്രമായ ഷറാവ് ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കുംബാശിയിലെ ഗണപതി
മംഗലാപുരത്ത് നിന്ന് എകദേശം ഒന്നര മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ നിങ്ങള്‍ക്ക് കുംബാശിയില്‍ എത്താം അവിടെയാണ് പ്രശസ്തമായ മറ്റൊരു ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആനേഗുദ്ദി ശ്രീ വിനായക ക്ഷേത്രം (Annegudde Sri Vinayaka Temple) എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ ദര്‍ശനം കഴിഞ്ഞാല്‍ നമുക്ക് യാത്ര ചെയ്യേണ്ടത് ഉടുപ്പി ജില്ലയിലെ കുന്ദാപുര താലൂക്കില്‍ സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമത്തിലാണ്.
സിദ്ധി വിനായക ക്ഷേത്രം
ഉടുപ്പി ജില്ലയിലെ കുന്ദാപുര താലൂക്കിലെ കൊച്ചു ഗ്രാമമായ ഹട്ടിയങ്ങടിയിലാണ് (Hattiangadi) ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രം കാലങ്ങളായി പുതുക്കി പണിതിട്ടുണ്ട്. ഒറ്റക്കല്ലില്‍ തീര്‍ത്ത, ഗണപതിയുടെ 2.5 അടി ഉയരമുള്ള ഒരു വിഗ്രഹമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
ഇഡഗുഞ്ചി ഗണപതി ക്ഷേത്രം
ഹട്ടിയങ്ങടിയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയായുള്ള ഇടുഗുഞ്ചി എന്ന സ്ഥലത്തേക്കാണ് നമ്മുടെ അടുത്ത യാത്ര. ഉഡുപ്പി ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ ഇടുഗുഞ്ചി ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഈ ക്ഷേത്രത്തില്‍ ഭക്ഷണം സൗജന്യമാണ്. പ്രസാദമായി കിട്ടുന്ന ഉച്ചഭക്ഷണത്തിന് ശേഷം ഗോകര്‍ണത്തിലേക്ക് യാത്ര തിരിക്കാം.
ഗോകര്‍ണ ഗണപതി ക്ഷേത്രം
നമ്മുടെ യാത്ര അവസാനിക്കുന്നത് ഗോകര്‍ണത്തുള്ള ഗണപതി ക്ഷേത്രത്തിലാണ്. ഇടുഗുഞ്ചിയില്‍ നിന്ന് 65 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം ഇവിടെയെത്താന്‍. ഗോകര്‍ണത്തെ പ്രശസ്ത ക്ഷേത്രമായ മഹാബലേശ്വര്‍ ക്ഷേത്രത്തിന് അടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹബലേശ്വര്‍ ക്ഷേത്ര സന്ദര്‍ശിക്കാന്‍ എത്തുന്ന ഭക്തര്‍ ഇവിടെ സന്ദര്‍ശിക്കുക പതിവാണ്.
https://www.facebook.com/Malayalivartha