തൈപ്പൂയം കൊണ്ടാടുന്ന മലേഷ്യയിലെ മുരുകന്‍ കോവില്‍
തൈപ്പൂയം എന് കേട്ടിട്ടുണ്ടല്ലോ? തമിഴ്നാട്ടിലെ ഒരു പ്രധാന ആഘോഷമാണത്. എന്നാൽ അതിലും വലിയ രീതിയിൽ തൈപ്പൂയം കൊണ്ടാടുന്ന ഒരു സ്ഥലമുണ്ട്. മലേഷ്യയിലെ ബാത്തു മലൈ മുരുകൻ കോവിലിലാണ് ഇത്തരത്തിൽ തൈപ്പൂയം കൊണ്ടാടുന്നത്. ബാത്തു മലൈ മുരുകന്‍ മലേഷ്യയിലെ ഇന്ത്യന്‍ വംശജരുടെ പ്രധാന ആരാധന മൂര്‍ത്തിയാണ്.ഒപ്പം പ്രമുഖമായ ടൂറിസ്റ്റ് ആകര്‍ഷണവും. ക്വലാ ലംപൂരിനു വടക്കു ഭാഗത്തുള്ള ബാത്തു മലയുടെ മുകളില്‍ പ്രകൃതിദത്തമായ ഗുഹാന്തര്‍ഭാഗത്താണ് മുരുകന്റെ കോവില്‍ സ്ഥിതി ചെയ്യുന്നത്. താഴെ കവാടത്തിനരികെയുള്ള വേല്‍ മുരുകന്റെ കൂറ്റന്‍ പ്രതിമയാണ് കോവിലിന്റെ മുഖമുദ്രയും പ്രധാന ആകർഷണവും. 130 അടിയാണ് ഈ പ്രതിമയുടെ ഉയരം. അതുകൊണ്ടു തന്നെ വളരെ അകലെ നിന്ന് തന്നെ മുരുകനെ കാണാം. മൂന്നു വര്‍ഷം കൊണ്ടാണ് ശില്‍പ്പത്തിന്റെ പണി പൂര്‍ത്തിയായത്.
വൃത്തിയായി പാകിയതും കുത്തനെയുള്ളതുമായ 272 പടികള്‍ കയറിയാല്‍ മലയുടെ മുകളിലുള്ള ഗുഹയിലെത്താം. പടവുകളില്‍ നിറയെ കുരങ്ങന്‍മാര്‍. സദാ വെള്ളമൂറി നില്‍ക്കുന്ന ചുണ്ണാമ്പു കല്ലില്‍ കാലം തീര്‍ത്ത വിശാലമായ ഗുഹാമുഖം. അവിടെനിന്നും അതിവിശാലമായ കല്‍ത്തളത്തിലേക്കിറണം. ഈ തളത്തിന്റെ വശങ്ങളില്‍ പഴനിയാണ്ടവനേയും ഗണപതിയേയും മറ്റു മൂര്‍ത്തികളേയും കാണാം. വീണ്ടും കയറിയാലുള്ള പരന്ന കല്‍ത്തട്ടിലാണു കോവില്‍. ഇതിനു മേൽക്കൂരയില്ല എന്നതും ഒരു സവിശേഷതയാണ്. ബാത്തു മുരുകന്റെ കോവില്‍ ചെറുതാണ്. ആര്‍ഭാടരഹിതവും. ചെറിയൊരു മണ്ഡപവും ഗര്‍ഭഗൃഹവും ചേർന്നതാണിത്.
അമ്പലത്തില്‍ കയറമണമെങ്കില്‍ പ്രത്യേക നിർദ്ദേശങ്ങളോ ചിട്ടകളോ ആചാര മര്യാദകളോ ഒന്നും തന്നെയില്ല. നിയന്ത്രണങ്ങള്‍ ഒന്നുമില്ല. ദിവസവും മൂവായിരത്തിലധികം പേര്‍ ബാത്തു ഗുഹ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്. മഹാമാരിയമ്മന്‍ ദേവസ്ഥാനമാണ് ക്ഷേത്ര നടത്തിപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. 1892 മുതൽക്കാണ് ഇവിടെ തൈപ്പൂയ ആഘോഷം തുടങ്ങിയത്. ഇന്ന് മൂന്നു ദിവസം നീളുന്ന തൈപ്പൂയ ഉത്സവത്തിന് പത്തു ലക്ഷത്തോളം പേരാണ് ഇവിടെ ഒത്തു കൂടുന്നത്. തമിഴ്‌നാട്ടില്‍ ഒരു കോവിലില്‍പോലും ഇത്രയും പേര്‍ തൈപ്പൂയത്തില്‍ പങ്കെടുക്കുന്നില്ല എന്നാണ് അറിഞ്ഞത്.
തൈപ്പൂയ ദിവസം ക്വലാലംപൂരിലെ മഹാമാരിയമ്മന്‍ കോവിലില്‍ നിന്നും ആയിരങ്ങള്‍ കാവടിയെടുത്തും, കവിളും നാവും തുളച്ചും, സ്ത്രീകള്‍ പാല്‍ക്കുടം തലയിലേറ്റിയും ബാത്തുവിലെത്തി 'സുഗൈ ബാതു' നദിയില്‍ കുളിച്ച് മല കയറും. തൈപൂയം മലേഷ്യയില്‍ പൊതുഅവധിയാണ്.പല സ്ഥലങ്ങളിൽ നിന്നും ഇവിടെക് ആളുകൾ എത്താറുണ്ട്.
ബാത്തു ഗുഹയുടെ സമീപത്തുള്ള രണ്ടു വെവ്വേറെ ഗുഹകളില്‍ തിരുവള്ളുവര്‍ കൃതികള്‍ കൊത്തിവെച്ച വള്ളുവര്‍ കൊട്ടം, ശില്‍പ്പങ്ങളും ചിത്രങ്ങളും നിറഞ്ഞ ആര്‍ട്ട് ഗ്യാലറി എന്നീ കാഴ്ച്ചകള്‍ കാണാം.
ഇവിടെ സഞ്ചാരികൾക്കായി മലേഷ്യന്‍ നാച്ച്വര്‍ സൊസൈറ്റി അഡ്വന്‍ച്വര്‍ ട്രിപ്പുകള്‍ നടത്തുന്നുണ്ട്. റോക്ക് ക്ലൈമ്പിങ്ങിനുള്ള സൗകര്യവും ഇവിടെയുണ്ട്. തൊട്ടടുത്തുതന്നെ ബാത്തു റെയില്‍വെസ്റ്റേഷന്‍.
https://www.facebook.com/Malayalivartha