താളലയങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന തഞ്ചാവൂര്‍
കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പഴമയുടെ ഗന്ധം പേറുന്ന, ഏറെയൊന്നും പുതിയ നിര്‍മ്മിതികളില്ലാത്ത ഒരു ഇടത്തരം നഗരമാണ് തഞ്ചാവൂര്‍. തമിഴ്‌നാടിന്റെ അന്നദാദാവ് എന്നും തഞ്ചാവൂർ അറിയപ്പെടുന്നു. കാലാവസ്ഥാവ്യതിയാനങ്ങളും കാവേരിനദിയും തുണച്ചാല്‍ അവിടം കര്‍ഷകന്റെ കലവറ നിറക്കും. തഞ്ചാവൂർ എന്ന പേരിനു പിറകിൽ ഒരു ഐതിഹ്യം ഉണ്ട്. തഞ്ചനൻ എന്ന അസുരൻ പണ്ടു ഈ നഗരത്തിൽ നാശ നഷ്ടങ്ങൾ സൃഷ്ടിക്കുകയും അവസാനം ശ്രീ ആനന്ദവല്ലി ദേവിയും നീലമേഘ പെരുമാളും (വിഷ്ണു) ചേർന്നു വധിക്കുകയും ചെയ്തു. മരിക്കുന്നതിനു മുൻപ് ഈ അസുരൻ നഗരം പുന:സൃഷ്ടിക്കുമ്പോൾ തന്റെ പേരു നൽകണമെന്നു യാചിക്കുകയും കരുണതോന്നിയ ദൈവങ്ങൾ അതനുവദിച്ചു നൽകുകയും അങ്ങനെ നഗരത്തിനു ആ പേരു നൽകുകയും ചെയ്തു എന്നും ഐതിഹ്യങ്ങൾ പ്രചാരമുണ്ട്.
കലകളുടെ വിളനിലമാണ് തഞ്ചാവൂർ. പാട്ടും നൃത്തവും ഉപകരണ സംഗീതവും ചിത്രകലയും ശില്പകലയും അങ്ങനെ വൈവിധ്യമാർന്ന കലകളുടെ വിളനിലമായ തഞ്ചാവൂർ ഒരു ക്ഷേത്രനഗരം കൂടിയാണ്.
സംഗീതത്തിലെ ത്രിമൂര്‍ത്തികളായ ത്യാഗരാജ സ്വാമി, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവരുടെ ജന്മംകൊണ്ട് പവിത്രമാണ് തഞ്ചാവൂര്‍. വര്‍ഷത്തിലൊരിക്കലായി നടക്കുന്ന തഞ്ചാവൂര്‍ നൃത്തോത്സവവും ത്യാഗരാജസ്വാമികളുടെ പേരില്‍ തിരുവയ്യാറിലെ സംഗീതോത്സവവും ഇവിടുത്തെ കലാകാരന്‍മാര്‍ക്കും കലകള്‍ക്കും നല്‍കുന്ന ആദരംകൂടിയാണ്. കാവേരിനദിയിലെ ജലം കൃഷിക്കെന്നപോലെ നനച്ചു വളര്‍ത്തിയ ഒരു മഹാസംസ്‌കൃതിയുടെ തറവാടാണ് തഞ്ചാവൂര്‍. നാടകം, ചിത്രകല സാഹിത്യം, ഭരതനാട്യം, കര്‍ണാടകസംഗീതം ഇവകൂടാതെ മറ്റനേകം ദ്രാവിഡകലകളും പൂത്തുതളിര്‍ത്തതും, തഞ്ചൈ നാല്‍വരും സംഗീത ത്രിമൂര്‍ത്തികളും, ചരിത്രകാരന്‍ എസ്.കെ.അയ്യങ്കാര്‍, ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ആര്‍.വെങ്കിട്ടരാമന്‍, ഗണിത ശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജനും കവി അഭിരാമിഭട്ടര്‍, ജീവനകലയുടെ ആചാര്യനായ ശ്രീശ്രീ രവിശങ്കര്‍ ഇങ്ങനെ പലരുടെയും ജനനവും ഇവിടമായിരുന്നു. തഞ്ചാവൂർ പുണ്യ ഭൂമി എന്ന് പറയാൻ ഇനി വേറെ എന്തുവേണം അല്ലെ.
ദക്ഷിണമേരു എന്നറിയപ്പെടുന്ന ശ്രീ ബൃഹദ്ദേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്തഞ്ചാവൂരാണ്.പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നും ഇത് അറിയപ്പെടുന്നു. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ഏക ക്ഷേത്രമായി ഇത് കണക്കാക്കപ്പെടുന്നു. 66മീറ്റർ ഉയരമുള്ള ഗോപുരത്തിനു മുകളിൽ ഗോളാകൃതിയിലുള്ള വലിപ്പമേറിയ കലശം ഉണ്ട്. 16 അടി നീളവും 13 അടി ഉയരവും ഉള്ള ഒറ്റക്കല്ലിൽ തീർത്ത നന്ദിയുടെ ശില്പമുണ്ട്.400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഉണ്ട്. കൂഞ്ച്രമല്ലൻ പെരുന്തച്ചൻ എന്ന ശില്പിയാണ് ഈ ബൃഹത്ത് ക്ഷേത്രം രൂപകല്പനചെയ്തത് എന്ന് വിശ്വസിക്കപ്പെടുന്നു. യുനസ്കോ ലോക പൈതൃക സ്ഥാനമായി ബൃഹതീശ്വരക്ഷേത്രത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ആദ്യ കവാടം അറിയപ്പെടുന്നത് കേരളാന്തകന്‍ തിരുവഴി എന്നാണ്. എവിടെ നോക്കിയാലും ശിലയഴകില്‍ മയങ്ങുന്ന കലയുടെ ഉദാത്ത ഭാവങ്ങള്‍.
ഇവിടുത്തെ ഭീമാകാരമായ ശിവലിംഗത്തിനുമുണ്ട് കഥകള്‍. മുജ്ജന്മത്തെ പാപപരിഹാരത്തിനുള്ള ഏകമാര്‍ഗ്ഗം നര്‍മദാ നദിയില്‍ നിന്നു മുങ്ങിയെടുക്കുന്ന ശിവലിംഗത്തെ സ്വന്തം രാജ്യത്തു പ്രതിഷ്ഠിക്കുക എന്നതായിരുന്നു. അങ്ങനെ നര്‍മദയിലേക്കു തിരിച്ച രാജാവ് ശിവലിംഗം എടുപ്പിച്ചു. ജലത്തില്‍ നിന്നുയര്‍ന്നുവന്നപ്പോള്‍ തന്നെ അത് ഭീമാകാരമായി വളര്‍ന്നെന്നും അതുകൊണ്ടാണ് ബൃഹദീശ്വരം എന്നു പേരുവന്നതെന്നുമാണ് ഐതിഹ്യം. ചോളരാജാക്കന്മാരുടെ ഭരണകാലത്ത് രാജരാജചോളനാണ് ഈ ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. ഒരിക്കലെങ്കിലും ഇവിടം കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ് എന്ന് പറയാം. ഗോപുരത്തിലും ചുറ്റുമതിലിലും തൂണുകളിലും ഒക്കെ ശില്പ വിസ്മയങ്ങൾ തീർത്തിരിക്കുന്നു. എങ്ങോട്ട് തിരിഞ്ഞാലും കണ്ണിന് വിരുന്നൊരുക്കുന്ന കാഴ്ചകള്‍. ഈ ക്ഷേത്രനിര്‍മ്മിതിക്ക് ഒന്നരലക്ഷം ടണ്‍ ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.
ക്ഷേത്രഗോപുരത്തിന്റെ ഏറ്റവും ഉയരത്തിലെ ശിലാമകുടത്തിന് 80 ടണ്ണോളം ഭാരം വരുന്നു എന്നതാണ്. ഈ മഹാശിലയെ 216 അടി ഉയരത്തില്‍ എത്തിച്ചതും ഒരു വിസ്മയംതന്നെ. ആയിരക്കണക്കിന് ആനകളും അതിലേറെ മനുഷരും മറ്റു മൃഗങ്ങളും ഈ ക്ഷേത്ര നിര്‍മ്മിതിക്ക് ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നതാണ് ചരിതത്തിലൂടെ അറിയുന്നത്.
https://www.facebook.com/Malayalivartha