മഴക്കാടുകള്‍ക്കിടയില്‍ ഗോപാല്‍സ്വാമി ബേട്ട
നീലഗിരി മലനിരകള്‍ അതിരിടുന്ന ഗോപാല്‍സ്വാമി ബേട്ട ഒരു നിഴല്‍ ചിത്രം പോലെ മനോഹരമാണ്. ഗുണ്ടല്‍പ്പേട്ടയില്‍ നിന്നും നൂലു പിടിച്ചതുപോലെയുള്ള പാതയിലൂടെ പൂപ്പാടങ്ങള്‍ പിന്നിട്ടാല്‍ ഗോപാല്‍സ്വാമി അമ്പലത്തിന്റെ കവാടമായി.
കര്‍ണ്ണാടക വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് വനജ്യോത്സനകള്‍ തിടമ്പേറ്റി നില്‍ക്കുന്ന ഈ പരിസരമൊന്നാകെ. സമുദ്ര നിരപ്പില്‍നിന്നും രണ്ടായിരത്തിലധികം അടി ഉയരത്തിലുള്ള മാനം തൊടുന്ന മലനിരകളിലേക്ക് ചുരം കയറി വേണം എത്താന്‍. ഇരുവശത്തും മഴക്കാടുകളുണ്ട്. ഉയരത്തിലെത്തുമ്പോഴും താഴ്വാരങ്ങളില്‍ മേഞ്ഞു നടക്കുന്ന വന്യമൃഗങ്ങളെ കാണാം.
പാറക്കല്ലുകള്‍ പോലെ ചെറുതായി ആനക്കൂട്ടങ്ങള്‍ മേഞ്ഞു നടക്കുന്ന കാഴ്ച ഗോപാല്‍സ്വാമി ബേട്ടയിലെ മാത്രം കാഴ്ചയാണ്. സദാസമയവും മഞ്ഞു പുതഞ്ഞുനില്‍ക്കുന്ന ക്ഷേത്രം തീര്‍ത്ഥാടകരുടെ പുണ്യഭൂമിയാണ്. കൃഷ്ണനും രാധയുമാണ് പ്രതിഷ്ഠ. 14-ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം മഞ്ചണ്ഡ രാജവംശം പണികഴിപ്പിക്കുന്നത്.
മഞ്ചണ്ഡ രാജാവ് സഹോദരരായ ശത്രുക്കളില്‍ നിന്നും ഭയന്നോടി ഈ മലയുടെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു എന്ന ചരിത്രവുമുണ്ട്. ഇതിന്റെ വിഷമം തീര്‍ക്കാന്‍ കൂടിയാണ് മാധവ ദണ്ഡനായകന്‍ എന്ന മഞ്ചണ്ഡ രാജാവ് മലമുകളില്‍ ദൈവ പ്രതിഷ്ഠ നടത്തിയത് എന്നൊരു ഐതിഹ്യവുമുണ്ട്.
പ്രത്യേക പൂജകളും വഴിപാടുകളുമായി അതിരാവിലെ തന്നെ ക്ഷേത്രമുണരും. ദര്‍ശനത്തിനായി വരുന്ന തീര്‍ത്ഥാടകരുടെയും ടൂറിസ്റ്റുകളുടെയും നീണ്ടനിരകള്‍ മലമുകളില്‍ നിന്നും കാണാം. ചുട്ടുപൊള്ളുന്ന കര്‍ണ്ണാകയിലെ കാലാവസ്ഥയില്‍ നിന്നും വിഭിന്നമാണ് ഈ മലമുകളിലെ അന്തരീക്ഷം.
തൊട്ടടുത്ത നീലഗിരിയില്‍ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റാണ് ഗോപാല്‍സ്വാമി ബേട്ടയെ കുളിരു പുതപ്പിക്കുന്നത്. ഒരു കാലത്ത് ചന്ദന കള്ളക്കടത്തുകാരന്‍ വീരപ്പന്റെ സന്ദര്‍ശനം കൊണ്ട് ഈ ക്ഷേത്രം വാര്‍ത്തകളില്‍ ഇടം തേടിയിരുന്നു. കനത്ത സുരക്ഷാ സംവിധാനമൊരുക്കി വീരപ്പനെ വലയിലാക്കാന്‍ ടാസ്‌ക് ഫോഴ്‌സുകള്‍ നിരവധി ഓപ്പറേഷനുകള്‍ ഇവിടെ നടത്തിയിരുന്നു. ഇതിനെയെല്ലാം വെല്ലുവിളിച്ച് വീരപ്പന്‍ പലതവണ ഇവിടെ വന്നുപോയിരുന്നു.
https://www.facebook.com/Malayalivartha