അക്ഷരക്കൊടിയേറ്റത്തിനുള്ള ഒരുക്കത്തില്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം
തുളുനാട്ടില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരു ക്ഷേത്രം... ശ്രീശങ്കരനോടൊപ്പം മലയാളക്കരയിലേക്ക് പുറപ്പെട്ട മൂകാംബികാദേവിയാണ് കൊല്ലൂരില്‍ കുടികൊള്ളുന്നതെന്നാണ് ഐതിഹ്യം. ആ ചൈതന്യം തേടി ദിവസേന എത്തുന്ന ഭക്തരില്‍ മലയാളികളുടെ ആധിക്യത്തിനു കാരണവും ഈ കഥതന്നെ.
ഒരുദിവസം മലയാളികളാരും എത്താതിരുന്നാല്‍, ദേവി മലയാളനാട്ടിലേക്കുവരുമെന്ന സങ്കല്പം എല്ലാവര്‍ക്കുമറിയാം. എന്നിട്ടും ആര്‍ക്കും തടുക്കാനാവാത്ത ഒരു ആകര്‍ഷണം അനേകം മലയാളികളെ ദിവസേന മൂകാംബികാ സന്നിധിയിലെത്തിക്കുന്നു. ജാതി, മത ഭേദങ്ങള്‍ക്കതീതരായി ഈ നടയിലെത്തുന്നവരെല്ലാം അവാച്യമായ ആത്മസ്പന്ദനം തിരിച്ചറിയുന്നു.
വാക്കുകള്‍ക്ക് വിവരിക്കാനാവാത്ത വാഗ്‌ദേവതാ സന്നിധി ഒരിക്കല്‍ക്കൂടി കൊടിതോരണങ്ങള്‍ അണിയാനൊരുങ്ങുകയാണ്. അക്ഷരവെളിച്ചത്തിന്റെ, കലയുടെ നിറവിന്റെ, ഭക്തി ലയത്തിന്റെ നാളുകളിലേക്ക്... അക്ഷരക്കൊടിയേറ്റത്തിനുള്ള ഒരുക്കത്തിലാണ് കൊല്ലൂര്‍. സെപ്റ്റംബര്‍ 21 ന് തുടങ്ങുന്ന നവരാത്രിവ്രതം 30 ന് വിജയദശമിനാളില്‍ വിദ്യാരംഭത്തോടെ പരിസമാപ്തിയിലെത്തും.
മൂകാംബിക എന്നപേരിനുപിന്നില്‍ ഒരു അസുരനിഗ്രഹകഥയുണ്ട്. ഒരിക്കല്‍ കൗമാസുരന്‍ അമരത്വത്തിനായി ശിവനെ തപസ്സുചെയ്ത് പ്രസാദിപ്പിച്ചു. പരാശക്തിയായ ദേവി ഇടപെട്ടതിനാല്‍ കൗമാസുന്‍ മൂകാസുരനായി മാറി. എല്ലാവര്‍ക്കും ശല്യമായി മാറിയ മൂകാസുരനെ നിഗ്രഹിച്ച ദേവി, മൂകാംബിക എന്നപേരില്‍ അറിയപ്പെട്ടു.
കുടജാദ്രിയുടെ അടിവാരത്തിലാണ് മൂകാംബികാദേവീക്ഷേത്രം. കുടജാദ്രിയില്‍ തപസുചെയ്ത ശങ്കരാചാര്യര്‍ പരാശക്തിയെ വാഗ്‌ദേവതാരൂപത്തില്‍ പ്രത്യക്ഷപ്പെടുത്തി. കേരളത്തിലേക്ക് കൂടെപ്പോരാന്‍ ദേവി സമ്മതിച്ചു. മുന്നില്‍ നടക്കാന്‍ ശങ്കരാചാര്യരോട് പറഞ്ഞ ദേവി, തിരിഞ്ഞുനോക്കരുത് എന്ന നിബന്ധനയും വച്ചു. കുടജാദ്രിയില്‍നിന്ന് നടന്ന് കൊല്ലൂരിലെത്തിയപ്പോള്‍ പാദസരത്തിന്റെ ശബ്ദം കേള്‍ക്കാതെ വന്നപ്പോള്‍ ശങ്കരാചാര്യര്‍ തിരിഞ്ഞുനോക്കി. അങ്ങനെ ദേവി കൊല്ലൂരില്‍ കുടികൊണ്ടു എന്നാണ് കഥ.
1200 വര്‍ഷത്തോളം പഴക്കമുണ്ടാവും ഈ ക്ഷേത്രസങ്കേതത്തിനെന്നാണ് അനുമാനം. ചെന്നമ്മറാണിയുടെ നിര്‍ദ്ദശപ്രകാരം ഹലുഗല്ലു വീരനാണ് കല്ലുകൊണ്ട് ക്ഷേത്രം നിര്‍മിച്ചത്. വിജയനഗര രാജാക്കന്മാരടക്കം കന്നടത്തിലെ രാജവംശങ്ങള്‍ ക്ഷേത്രത്തിന് അളവറ്റ സ്വത്ത് സമ്മാനിച്ചു. മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പുസുല്‍ത്താന്‍ കൊല്ലൂരില്‍ എത്തിയതായി കഥകളുണ്ട്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.ജി.രാമചന്ദ്രനാണ് ക്ഷേത്രത്തിലേക്ക് സ്വര്‍ണ വാള്‍ സമ്മാനിച്ചത്.
രണ്ടാള്‍പൊക്കമുള്ള വലിയ മതില്‍ക്കെട്ടിനുള്ളിലാണ് ക്ഷേത്രം. കിഴക്കേ ഗോപുരത്തിലൂടെയാണ് ക്ഷേത്രനടയിലേക്കുള്ള വഴി. കിഴക്കുഭാഗത്ത് ഇരുനിലയുള്ള പ്രവേശനഗോപുരം തലയുയര്‍ത്തി നില്‍ക്കുന്നു. കരിങ്കല്ലിലാണ് ഗോപുരത്തിന്റെ നിര്‍മിതി. ചില കൊത്തുവേലകളുമുണ്ട്. മുകള്‍ഭാഗം ചെമ്പുതകിട് പാകിയിരിക്കുന്നു. കഷ്ടിച്ചൊരാനയ്ക്കു കടക്കാവുന്ന വീതിയേയുള്ളൂ പ്രവേശന കവാടത്തിന്.
ക്‌ഷേത്രത്തിലേക്ക് കടക്കും മുന്‍പ് മതില്‍ക്കെട്ടിനു പുറത്തായി ബാലമുറിഗണപതിയുടെ പ്രതിഷ്ഠയുണ്ട്. വടക്കോട്ട് ദര്‍ശനമായുള്ള ചെറിയ ശ്രീകോവില്‍. ക്ഷേത്ര തന്ത്രിമാരുടെ താമസസ്ഥലവും ഇതിനടുത്തുതന്നെ.
പ്രവേശന കവാടത്തിലൂടെ അകത്തേക്ക് കടക്കുമ്പോള്‍ ഗോപുരത്തിന്റെ അകത്തെ ഇടനാഴിയില്‍ ഇരുവശങ്ങളിലുമായി രണ്ട് വെങ്കല ശില്പങ്ങള്‍ കാണാം. പ്രവേശനഗോപുരത്തിന്റെ ഉള്‍ഭാഗത്ത് ചെറിയ ബെഞ്ചുകള്‍ ഉണ്ട്. തിരക്കില്ലാത്തപ്പോള്‍ ദേവീപ്രതിഷ്ഠയ്ക്ക് അഭിമുഖമായി ഇവിടെ ഇരിക്കാം. ശാന്തമായി പ്രാര്‍ത്ഥിക്കാം.
മതില്‍ക്കെട്ടിനുള്ളില്‍ കടന്നാല്‍ ആദ്യം കണ്ണില്‍പ്പെടുന്നത് സ്തംഭവിളക്കും കൊടിമരവും തന്നെ. രണ്ടിനും ഏറെക്കുറെ ഒരേ പൊക്കം. ഭാരം താങ്ങാനാവാതെ പതിഞ്ഞു പോയ രൂപത്തിലുള്ള ഒരു ആമയുടെ മുകളില്‍ സ്തംഭവിളക്കിന്റെ ചുവട് ഉറപ്പിച്ചിരിക്കുന്നു.
ദീപസ്തഭത്തിലൊരു ആനയുടെ ശില്പമുണ്ട്. ദേവിക്ക് അഭിമുഖമായാണിത്. ആന തുമ്പികൈയില്‍ ഒരുതാമരമൊട്ട് പിടിച്ചിരിക്കുന്നു. ആനയ്ക്കു മുകളിലായി സ്തംഭഗണപതി പ്രതിഷ്ഠ. ഈ ഗണപതിയെ പൂജിച്ച ശേഷമേ ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍ തുടങ്ങുകയുള്ളു.
സ്തംഭവിളക്കിലെ ആനയുടെ പിന്‍ഭാഗത്ത് വാലിനരികില്‍ തൂങ്ങിപ്പിടിച്ചുനില്‍ക്കുന്ന രീതിയില്‍ ഒരു ആള്‍രൂപമുണ്ട്. ഈ ചെറിയ ശില്പം അത്ര പെട്ടെന്ന് കണ്ണില്‍പ്പെടണമെന്നില്ല.
ചുറ്റമ്പലവും ഏറെക്കുറെ കരിങ്കല്ലിലാണ് നിര്‍മിച്ചിരിക്കുന്നത്. അങ്ങിങ്ങായി ചില അലങ്കാര ശില്പങ്ങളുണ്ട്. കിഴക്കേ വാതിലിലൂടെയാണ് ക്ഷേത്രത്തിനുളളിലേക്ക് പ്രവേശനം. ഭക്തര്‍ തെക്കുവശത്തെ വരിയില്‍ ഇടംപിടിക്കണം. ടിക്കറ്റെടുത്ത് ദര്‍ശനം നടത്തുന്നവര്‍ക്കാണ് വടക്കുവശത്തെ വരി. ഷര്‍ട്ട്, ബനിയന്‍, ലുങ്കി, ടീഷര്‍ട്ട്, തൊപ്പി, ബര്‍മുഡ എന്നിവ ധരിച്ച് നാലമ്പലത്തിനകത്ത് പ്രവേശിക്കാനാവില്ല. പാന്റ്‌സ് ധരിക്കാം. സ്ത്രീകള്‍ക്ക് സാരി, ഹാഫ്‌സാരി, പാവാടയും ബ്ലൗസും, ചുരിദാര്‍ എന്നിവ ധരിക്കാം.
കരിങ്കല്ലില്‍ തീര്‍ത്ത ശ്രീ കോവിലിന്റെ മുകള്‍ മകുടത്തിന്റെ സ്വര്‍ണത്തിളക്കം പുറത്തുനിന്നുതന്നെ കാണാം. സര്‍വ്വാഭരണ വിഭൂഷിതയായ ദേവീ വിഗ്രത്തിനുമുന്‍പില്‍ സ്വയംഭൂശിലയും കണ്ടുവണങ്ങാം.
ദശമുഖഗണപതി പ്രതിഷ്ഠയും ശങ്കരപീഠവും നാലമ്പലത്തിനകത്താണ്. ശ്രീകോവിലിന്റെ തെക്കുകിഴക്കുഭാഗത്ത് വടക്കോട്ട് ദര്‍ശനമായിട്ടാണ് ഗണപതി. പത്തുകൈകളുള്ള ഗണപതിയാണിത്. നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറു കോണിലുള്ള ശങ്കരപീഠത്തില്‍ ശങ്കരാചാര്യരുടെ പ്രതിമയുണ്ട്. ഇവിടെയിരുന്നാണ് ശങ്കരാചാര്യര്‍ ദേവീസ്തുതിയായ സൗന്ദര്യലഹരി എഴുതിയത് എന്ന് വിശ്വസിക്കപ്പെടുന്നു. കിഴക്കേ വാതിലില്‍ക്കൂടി നാലമ്പലത്തില്‍ പ്രവേശിക്കുന്ന ഭക്തര്‍ വടക്കേ വാതിലിലൂടെയാണ് പുറത്തിറങ്ങേണ്ടത്.
നാലമ്പലത്തിനു പുറത്ത് വടക്കുഭാഗത്താണ് പ്രസാദ കൗണ്ടറുകള്‍. മിക്ക വഴിപാടുകള്‍ക്കും ഇവിടെനിന്ന് ചീട്ട് വാങ്ങാം. എപ്പോഴും കിട്ടുന്ന വഴിപാട് നിവേദ്യമാണ് ലഡു. 25 രൂപയാണ് ഒരു ലഡുവിന്റെ വില. നെയ്‌വിളക്കിന്റെ ചീട്ട് വാങ്ങിയാല്‍ പടിഞ്ഞാറേ നടയില്‍ പോകണം. ഇവിടെനിന്ന് നെയ് നിറച്ച് തിരിയിട്ടവിളക്ക് തരും. ഇവിടെത്തന്നെയുള്ള വിളക്കുമാടത്തില്‍ കത്തിച്ച് വച്ച് പ്രാര്‍ത്ഥിക്കാം.
വടക്കേ നടയില്‍നിന്ന് കിഴക്കോട്ട് &ിയുെ;നോക്കുമ്പോള്‍ വീരഭദ്രസ്വാമിയുടെ പ്രതിഷ്ഠയുള്ള ഉപക്ഷേത്രം കാണാം. ദേവിയുടെ അംഗരക്ഷകനായിട്ടാണ് വീരഭദ്രന്‍ ഇവിടെ വസിക്കുന്നത്. ഈ ശ്രീകോവിലിന്റ ഗോപുരം തമിഴ്‌ശൈലിയിലുള്ള ശില്പകലയെ ഓര്‍മിപ്പിക്കും.
വീരഭദ്രക്ഷേത്രത്തിനിടതുവശത്തായി ഒരു തുളസിത്തറയുണ്ട്. കൃഷ്ണനെ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ഭക്തര്‍ ഇവിടെ വലം വയ്ക്കുന്നത്.
ചുറ്റമ്പലത്തിന്റെ വടക്കുകിഴക്കേ കോണിലാണ് കഷായവിതരണത്തിനുള്ള സ്ഥലം. അറുപത്തിനാലുതരം പച്ചമരുന്നുകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന കഷായം രാത്രി ഒന്‍പതുമണിയോടെയാണ് നിവേദിക്കുക. നിവേദിച്ച കഷായം ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. രോഗങ്ങള്‍ ശമിപ്പിക്കുന്നതിനുള്ള ശക്തി ഈ കഷായത്തിനുണ്ടെന്നാണ് വിശ്വാസം.
പെരുമ്പറപോലെയുള്ള ഒരുതരം ചെണ്ടയും നാദസ്വരത്തിന്റെ രീതിയുലുള്ള ചില കുറുങ്കുഴലുകളുമാണ് പൂജാവേളകളില്‍ വാദ്യമായി ഉപയോഗിക്കുന്നത്. അറ്റം ഏറെക്കുറെ വൃത്താകൃതിയില്‍ വളച്ചുവച്ചിരിക്കുന്ന ചെണ്ടക്കോലുകളാണ് ഉപയോഗിക്കുന്നത്. കിഴക്കേ ഗോപുര വരാന്തയിലെ ബെഞ്ചിലിരുന്നാണ് വാദ്യങ്ങള്‍ മുഴക്കുക.
നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കായി പ്രധാന ക്ഷേത്രത്തിന് അഭിമുഖമായി സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവില്‍. നാഗദൈവങ്ങളുടെ ഇരിപ്പിടവും ഇവിടെത്തന്നെ. ഇതിനരികിലായി വടക്കോട്ട് ദര്‍ശനമായി സരസ്വതി മണ്ഡപം. ഇവിടെ വച്ചാണ് വിദ്യാരംഭച്ചടങ്ങ് നടക്കുന്നത്. നിരവധി കുഞ്ഞുങ്ങള്‍ ദിവസേന ഇവിടെ അക്ഷരം എഴുതിത്തുടങ്ങുന്നു. കലാകാരന്മാര്‍ സരസ്വതി മണ്ഡപത്തിലെത്തി കലകള്‍ അവതരിപ്പിക്കാറുണ്ട്. സരസ്വതി മണ്ഡപത്തിന്റെ അരികിലാണ് ഹോമപ്പുരയും തിടപ്പള്ളിയും.
ദേവിയെ എഴിന്നള്ളിക്കുന്ന തേര് നാലമ്പലത്തിനുപുറത്ത് കാണാം. മരം കൊണ്ട് ഉണ്ടാക്കിയ തേരില്‍ മനോഹരമായ കൊത്തുപണികളുണ്ട്. മൂകാംബികാ ക്ഷേത്രത്തിലെ പ്രസിദ്ധമായ ചടങ്ങാണ് തേരിലുള്ള എഴുന്നള്ളത്ത്. സാധാരണയായി നാലമ്പലത്തിനു പുറത്ത് ഫോട്ടോയെടുക്കുന്നത് വിലക്കാറില്ല.
നാലമ്പലത്തിന്റെ പിന്‍ഭാഗത്ത് തെക്കുപടിഞ്ഞാറേക്കോണില്‍ കിഴക്കോട്ട് ദര്‍ശനമായി അഞ്ച് ഉപക്ഷേത്രങ്ങള്‍ ഉണ്ട്. തെക്കേ അറ്റത്തെ ശ്രീകോവിലില്‍ പഞ്ചമുഖ ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. മറ്റു നാലു ശ്രീകോവിലുകളില്‍ ക്രമമായി പ്രാണലിംഗേശ്വരന്‍, പാര്‍ത്ഥേശ്വരന്‍, നഞ്ചുണ്ടേശ്വരന്‍, ചന്ദ്രമൗലീശ്വരന്‍ എന്നിങ്ങനെ ശിവന്റ വിവിധരൂപങ്ങളാണ് പ്രതിഷ്ഠ. നഞ്ചുണ്ടേശ്വരന്റെ മുന്‍പില്‍ നന്ദികേശന്റെ പ്രതിഷ്ഠയുണ്ട്.
പ്രധാന റോഡിന് ഏറ്റവും അടുത്തുള്ള പ്രവേശനമാര്‍ഗം പടിഞ്ഞാറേ ഗോപുരത്തിലൂടെയാണ്. മൂകാംബികയില്‍ എത്തുന്ന മിക്ക ആളുകളും ആദ്യം ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് പടിഞ്ഞാറേ വാതിലിലൂടെയായിരിക്കും.
ക്‌ഷേത്രത്തിന്റെ പടിഞ്ഞാറേ വാതില്‍മാടത്തില്‍ ഏതോ ആര്‍ട്സ് ക്ലബുകാര്‍ വരച്ച ഒരു വലിയ ചിത്രം ചാരിവച്ചിരുന്നു. ക്ഷേത്രപരിസരത്തിന്റെ ഭൂമിശാസ്ത്രം വ്യക്തമായി മനസ്സിലാക്കിത്തരും ആ ചിത്രം.
നാലമ്പലത്തിനുപുറത്ത് വടക്കുപടിഞ്ഞാറായാണ് നെയ്‌വിളക്ക് തെളിക്കുന്ന സ്ഥലം. ഇതിനരികിലിയി കിഴക്കോട്ട് ദര്‍ശനമായി ഹനുമാന്റെയും മഹാവിഷ്ണുവിന്റെയും പ്രതിഷ്ഠകള്‍ ഉണ്ട്.
വിശേഷാവസരങ്ങളില്‍ ഉപയോഗിക്കുന്ന സ്വര്‍ണരഥം നാലമ്പലത്തിനുപുറത്ത് വടക്കുപടിഞ്ഞാറായി പ്രത്യേക മുറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ചില്ലുവാതിലിലൂടെ സ്വര്‍ണരഥം കാണാന്‍ കഴിയും. ചെന്നമ്മ മഹാറാണി ക്ഷേത്രത്തിന് സ്വര്‍ണ രഥം സമ്മാനിച്ചതായി ചരിത്രമുണ്ട്.
മൂകാംബികാമക്ഷേത്രത്തോടൊപ്പം പ്രശസ്തിയിലേക്കുയര്‍ന്ന പുണ്യനദിയാണ് സൗപര്‍ണിക. മഴക്കാലത്ത് കുത്തിയൊലിച്ച് പായുമ്പോള്‍ ഈ പുഴയെ പേടിക്കണം. അപകടം എന്ന മുന്നറിയിപ്പ് ബോര്‍ഡ് അരികിലുണ്ട്. മഴക്കാലം കഴിയുമ്പോള്‍ തെളിഞ്ഞ് ശാന്തയാകും. ക്ഷേത്രനടയില്‍നിന്ന് ഒരു കിലേമീറ്ററില്‍ താഴെ ദൂരമേയുള്ളു സൗപര്‍ണികയിലെ കടവിലേക്ക്. ഇതിനടുത്തായി ഗരുഡഗുഹയുമുണ്ട്. സുപര്‍ണന്‍ എന്നുകൂടി പേരുള്ള ഗരുഡന്‍ ഈ പുഴയോരത്ത് തപസ്സുചെയ്തതുകൊണ്ടാണ് സൗപര്‍ണിക എന്ന പേര് വന്നതെന്നാണ് ഐതിഹ്യം.
ഉടുപ്പിജില്ലയിലെ കുന്ദാപുരം താലൂക്കിലാണ് ക്ഷേത്രം. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തായാണ് പോസ്റ്റ് ഓഫീസ്. തപാല്‍ പിന്‍കോഡ് 576220.
ബൈന്ദൂരാണ് ഏറ്റവുമടുത്ത റെയില്‍വേസ്‌റ്റേഷന്‍. മൂകാംബികാറോഡ് എന്ന് സ്‌റ്റേഷന്റെ പേരിനൊപ്പമുണ്ട്. വൃത്തിയും ഗ്രാമീണഭംഗിയുമുള്ള ഈ സ്‌റ്റേഷന്‍ കൊങ്കണ്‍ പാതയിലാണ്. ചരക്കുകയറ്റിയ ലോറികള്‍ തീവണ്ടിയില്‍ കൊണ്ടുപോകുന്നത് കൊങ്കണ്‍ പാതയിലെ സ്ഥിരം കാഴ്ചയാണ്.
റെയില്‍വേസ്‌റ്റേഷന് അരകിലോമീറ്റര്‍ അകലെ ബസ്സ്‌റ്റേഷനുണ്ട്. അവിടെനിന്ന് കൊല്ലൂരിലേക്ക് ബസ് കിട്ടും. 27 കിലോമീറ്ററാണ് ദൂരം. സ്‌റ്റേഷന്റെ കവാടകത്തില്‍ ടാക്‌സിയും ഓട്ടോറിക്ഷയും ഉണ്ട്.
സ്‌കാനിയ അടക്കം കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ദിവസേന കൊല്ലൂരിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ടിക്കറ്റുകള്‍ ഓണ്‍ലെനായി ബുക്കചെയ്യാന്‍ http://www.skrtconline.com/KERALAOnline/ എന്ന സെറ്റില്‍ പോകുക.
മൂകാംബികയില്‍ എത്തുന്ന ഭക്തര്‍ ഒരുപോലെ പറയുന്ന രണ്ടു കാര്യങ്ങളുണ്ട്. ക്ഷേത്രസന്നിധിയിലെത്തുമ്പോള്‍ ഉണ്ടാകുന്ന ആത്്മസംതൃപ്തിയാണ് ആദ്യത്തേത്. മടങ്ങുമ്പോള്‍ വീണ്ടും വീണ്ടും വരണമെന്ന തോന്നലുണ്ടാവുന്നു എന്നത് രണ്ടാമത്തേതും. ദുര്‍ഗയായും സരസ്വതിയായും ലക്ഷമിയായും ഈ ചെതന്യം എന്നും ഭക്തമനസ്സുകളെ ആകര്‍ഷിക്കുന്നു.
https://www.facebook.com/Malayalivartha