പ്രഥമ പാണ്ഡവന്‍ ഉടലോടെ സ്വര്‍ലോകം പൂകിയ സ്വര്‍ഗാരോഹിണി

പുണ്യപ്രസിദ്ധമായ സ്വര്‍ഗാരോഹിണി എന്ന ഭൂപ്രദേശം ഏതാണ്ട് ബദര്യാശ്രമത്തില്‍ നിന്നും തെക്കുപടിഞ്ഞാറ് ദിശയില്‍ 30 കിലോമീറ്റര്‍ ദൂരെയാണ്.
ബദരീക്ഷേത്രത്തിന്റെ സമീപത്തുകൂടി അളകനന്ദയ്ക്കു സമാന്തരമായി, തെക്കുഭാഗത്തുകൂടി യാത്ര ആരംഭിച്ചാല്‍ വടക്കുവശത്ത് മനാഗ്രാമവും ഐ.ടി.ബി.പി. ക്യാമ്പും സ്ഥിതിചെയ്യുന്നു. ഗ്രാമവാസികളുടെ തട്ടുതട്ടായി തിരിച്ച കൃഷിയിടങ്ങളിലൂടെയാണ് ആദ്യം യാത്ര ചെയ്യേണ്ടത്. ഉരുളക്കിഴങ്ങ്, മുള്ളങ്കി, ഗോതമ്പ്, കടുക് എന്നിവയാണ് അവിടത്തെ പ്രധാന കൃഷി. ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ യാത്ര കഴിയുമ്പോള്‍ മാതാമൂര്‍ ത്തിക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. നരനാരായണ, നീലകണ്ഠ പര്വതങ്ങളെയും മാതാമൂര്‍ത്തിയെയും വ്യാസ, ഗണേശ ഭഗവാനെയും, ബദരീശനെയുമൊക്കെ അവിടെ വണങ്ങാം.
കൃഷിയിടങ്ങള്‍ താണ്ടി, അംബരചുംബികളായ ഹിമവല്‍ശൃംഗങ്ങള്‍ക്കിടയിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെ പടിഞ്ഞാറു ദിശയിലേക്ക് യാത്ര തുടരുമ്പോള്‍ അളകനന്ദയുടെ ആരവം കര്‍ണപുടങ്ങളില്‍ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും. അടര്‍ന്നുവീണുകിടക്കുന്ന പാറക്കഷണങ്ങള്‍ക്കിടയിലൂടെ മുളച്ചുപൊന്തിയ പുല്‍ക്കൂട്ടങ്ങള്‍ വകഞ്ഞുമാറ്റി വേണം യാത്ര. കാറ്റില്‍ ചാഞ്ചാടിനില്‍ക്കുന്ന ഈ പുല്‍ക്കൂട്ടങ്ങള്‍ക്കപ്പുറമാണ് വസുധാര വെള്ളച്ചാട്ടം.
ബദരീ സന്നിധിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരത്തായി കാണുന്ന ഈ വെള്ളച്ചാട്ടം ഒരു വെള്ളിക്കൊലുസുപോലെ തോന്നിക്കും. ഏകദേശം നൂറുമീറ്ററോളം ഉയരം വരും ഈ വെള്ളച്ചാട്ടത്തിന്. കാലവര്‍ഷം കുറവുള്ളപ്പോള്‍ സൗന്ദര്യവും ശക്തിയും താരതമ്യേന കുറവാണ്. ഇതിനുചുറ്റും ഹിമാനികള്‍ ദൃശ്യമാണ്. കഷ്ടിച്ച് ഒരു അടിമാത്രം വീതിയുള്ള ചെങ്കുത്തായ വഴിയിലൂടെ, കൃത്യമായി അടയാളപ്പെടുത്തിയ മാര്‍ഗരേഖകളില്ലാതെയുള്ള അതിശ്രമകരമായ യാത്രയാണ്. ചെറിയൊരു അശ്രദ്ധമതി, അങ്ങുതാഴെ അലറിപ്പാഞ്ഞൊഴുകുന്ന അളകനന്ദയില്‍ വീണ് തണുത്തുറയാന്‍!
ആ യാത്ര ലക്ഷ്മീവനത്തിലെത്തിക്കും. ഒരു കാലത്ത് ഭുര്‍ജ് വൃക്ഷങ്ങളാല്‍ നിബിഡമായ, പ്രകൃതിരമണീയമായ ഒരു വനപ്രദേശമായിരുന്നു ഇവിടം. പലപ്പോഴായുണ്ടായ മലയിടിച്ചിലും മറ്റും ലക്ഷ്മീവനത്തിന് കനത്ത ക്ഷതം ഏല്‍പ്പിച്ചിട്ടുണ്ട്. അങ്ങിങ്ങായി വളര്ന്നുനില്ക്കുന്ന വൃക്ഷലതാദികളുടെ ഒരു പ്രദേശമായി മാറി ഇപ്പോഴിവിടം. മഹാലക്ഷ്മി അനേകവര്‍ഷം ഇവിടെ തപസ്സുചെയ്തിരുന്നുവത്രെ. ഇവിടെയാണത്രെ തന്റെ പ്രക്ഷുബ്ധമായ യാതനാപൂര്‍ണമായ ജീവിതത്തില്‍ ഒരിക്കലും കാലിടറാതെനിന്ന യാജ്ഞസേനി കാലിടറിവീണ്, വീരശൂരന്മാരായ തന്റെ അഞ്ചുഭര്‍ത്താക്കന്മാരാല്‍ അവഗണിക്കപ്പെട്ട് ഇഹലോകവാസം വെടിഞ്ഞത്.
ഇവിടെനിന്നും സതോപന്തിലേക്ക് 20 കി.മീ. ദൂരമുണ്ടെന്നാണ് ഏകദേശ കണക്ക്. തരണംചെയ്തതിനെക്കാള്‍ എത്രയോ മടങ്ങ് ദുര്‍ഘടമാണ് അവിടേക്കുള്ള യാത്ര. ചെങ്കുത്തായ പാറയിടുക്കുകളും അരുവികളും താണ്ടിവേണം മുന്നോട്ടുള്ള പ്രയാണം. ഒരുകൂട്ടം മഹാവിസ്‌ഫോടനങ്ങള്‍ നടന്നതിനു സമാനമായി വലിയ പാറക്കൂട്ടങ്ങളും കല്ലുകളും മണ്ണും മണലും കലര്‍ന്ന തീര്‍ത്തും ഭീതിജനകമായ, കാല്‍ നിലത്തുറപ്പിക്കാന്‍ പോലും അതിദുഷ്‌കരമായ ഒരു യാത്രാപഥമാണത്. ഇടയില്‍നിന്ന് നീര്‍ച്ചാലുകളും പ്രവഹിച്ചിരുന്നു. ഇതിനടിയില്‍ വര്ഷങ്ങളായി ഉറഞ്ഞുകിടക്കുന്ന ഹിമാനികളും ഉണ്ട് എന്നത് സംഭ്രമജനകമായ ഒരു കാര്യമാണ്. ഈ പ്രദേശത്തിനപ്പുറമാണ് സഹസ്രധാരാ വെള്ളച്ചാട്ടം. തെക്കുവശത്ത് തലയുയര്‍ത്തിനില്‍ക്കുന്ന ഹിമാലയസാനുക്കളില്‍ നിന്നാണ് ഇവയുടെ ഉദ്ഭവം.
അവ പതിക്കുന്നിടം ഒരു തടാകംപോലെയും അതിനു ചുറ്റും എക്കല്‍സദൃശമായ ഭൂവിഭാഗം പോലെയുമാണ്. തടാകത്തില്‍ ഹിമക്കട്ടകള്‍ ഒഴുകിക്കൊണ്ടിരിക്കും. എന്നിരുന്നാലും ഈ തീര്‍ഥം അതീവ ഊര്‍ജപ്രദായകമാണ്. കുറച്ചുദൂരം ഈ സമതലപ്രദേശം കടന്ന് കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ പടിഞ്ഞാറ് വെട്ടിത്തിളങ്ങിനില്‍ക്കുന്ന നീലകണ്ഠ പര്‍വ്വതം കാണാം. പര്‍വ്വതങ്ങള്‍ക്ക് പിറകില്‍ മറ്റൊന്ന് എന്ന കണക്കില്‍ അറ്റം കാണാത്ത അവയെ, താണ്ടി യാത്ര തുടര്‍ന്നാല്‍ ചക്രതീര്‍ഥത്തില്‍ എത്തിച്ചേരും. പ്രാണവായുവിന്റെ അപര്യാപ്തതയും കടുത്ത തണുപ്പും മലച്ചൊരുക്കും മൂലം പലര്‍ക്കും ഇവിടെ വച്ച് കഠിന തലവേദനയും ശ്വാസംമുട്ടലും അനുഭവപ്പെടാറുണ്ട്.
ചക്രതീര്‍ത്ഥത്തിനു മുന്നിലായി മാനംമുട്ടിനില്‍ക്കുന്ന മല കടന്നുവേണം ഇനിയുള്ള പ്രയാണം. ഏതൊരാളുടെയും മനോധൈര്യം ചോര്‍ത്തുന്ന ദൃശ്യമാണത്. ഇതുപോലുള്ള മൂന്നു പര്‍വ്വതങ്ങള്‍ കയറിയിറങ്ങിയാല്‍ മാത്രമേ സതോപന്ത് തടാകദര്‍ശനം സാധ്യമാകുകയുള്ളൂ. സാവധാനം മുന്നോട്ട് നീങ്ങണം, ഇടവേളകളില്‍ ശ്വാസകോശങ്ങള്‍ക്ക് മതിയായ വിശ്രമം നല്‍കണം. ചെങ്കുത്തായ കയറ്റിറക്കങ്ങള്‍ തരണംചെയ്ത് മുകളിലെത്തിയാല്‍ താഴെ മരതകക്കല്ല് പതിപ്പിച്ച മാതിരി, ത്രികോണാകൃതിയില്‍ മനംകുളിര്‍പ്പിക്കുന്ന നിര്‍വൃതിദായകമായ സതോപന്ത് തടാകം കാണാനാകും. ഇവിടെയാണ് സൃഷ്ടിസ്ഥിതിസംഹാര മൂര്‍ത്തികള്‍ ദിനവും തപസ്സുചെയ്യുന്നത്. ഇവിടെയാണ് പുരുഷേശ്വരനായ മഹാവിഷ്ണു എല്ലാ ഏകാദശിനാളിലും സ്‌നാനംചെയ്യുന്നത്! ഇവിടുന്നാണ് അജാതശത്രുവായ യുധിഷ്ഠിരന്‍ സ്‌നാനംചെയ്ത് ഏഴുപടികളുള്ള സ്വര്‍ഗാരോഹിണി വഴി ഉടലോടെ സ്വര്‍ലോകത്തില്‍ എത്തിച്ചേര്‍ന്നത്!
ചൗക്കാമ്പ, ബാല്‍കുണ്ഠ്, സതോപന്ത് പര്‍വ്വതനിരകളുടെ നടുവിലായാണ് ഈ ദിവ്യതീര്‍ത്ഥം സ്ഥിതിചെയ്യുന്നത്. അതിനു പടിഞ്ഞാറായി സ്വര്‍ഗാരോഹിണി പര്‍വ്വതനിരകള്‍ തലയുയര്ത്തി നില്ക്കുന്നു. സ്ഥിതപ്രജ്ഞനും പരമധീരനുമായ യുധിഷ്ഠിരന് ശരീരചിന്തയെ ഉപേക്ഷിച്ച്, കട്ടിപിടിച്ച് മൂടിക്കിടക്കുന്ന ദുസ്സഹമായ ഹിമപാളികളില്‍കൂടി നിഷ്പ്രയാസം മുന്നോട്ടുപോയെങ്കിലും നമ്മെപ്പോലുള്ള സാധാരണക്കാര്‍ക്ക് തീര്‍ത്തും അപ്രാപ്യംതന്നെയാണ് എന്നതിന് യാതൊരുവിധ സംശയവുമില്ല.
(ധര്‍മപുത്രര്‍ മഹാപ്രസ്ഥാനത്തിനു തീരുമാനിച്ചു. യുയുത്സുവിനെ വരുത്തി രാജ്യഭാരം ഏല്‍്പിക്കുകയും പരീക്ഷിത്തിനെ ഹസ്തിനപുരത്തും വജ്രനെ ഇന്ദ്രപ്രസ്ഥത്തിലും അഭിഷേകം ചെയ്യുകയും ചെയ്തു. പിന്നെ മരിച്ചുപോയവര്‍ക്കെല്ലാം യഥാവിധി ശ്രാദ്ധകര്‍മങ്ങള്‍ അനുഷ്ഠിച്ച്, പ്രജകളെ വരുത്തി തന്റെ ഇംഗിതം അറിയിച്ചു. എതിര്‍പ്പുകളും പരിദേവനങ്ങളും അവഗണിച്ച്, ദേഹാലങ്കാരങ്ങള്‍ ഉപേക്ഷിച്ച്, വല്‍കലം ധരിച്ച് സഹോദരന്മാരുടെയും പ്രേയസിയായ കൃഷ്ണയുടെയും കൂടെ യാത്ര ആരംഭിച്ചു. യാത്രാവേളയില്‍ കൂടെവന്ന ഒരു ശ്വാനനെയും കൂട്ടി അവര്‍ ഏഴുപേര്‍ പടിഞ്ഞാറേ ദിക്കിലൂടെ പ്രയാണം ആരംഭിച്ച് കടലില്‍ മുങ്ങിയ ദ്വാരക ദര്‍ശിച്ചു. പിന്നെ നേരേ വടക്കോട്ട് യാത്രതിരിച്ച് ഹിമാലയ പര്‍വ്വതത്തെയും കണ്ടുവണങ്ങി. പിന്നീട് മണലാരണ്യത്തിലൂടെ യാത്ര തുടര്‍്ന്ന്, മഹാമേരുവിനെയും ദര്‍ശിച്ച് മുന്നോട്ടുനീങ്ങി. പിന്നീടുള്ള യാത്രയില്‍ ദ്രൗപദി തളര്‍ന്നുവീണു.
ഒന്നിനുപിറകെ ഒന്നായി നാലു പാണ്ഡവര്‍ക്കും കൃഷ്ണയുടെ ഗതിതന്നെ നേരിട്ടു. ആര്‍ക്ക്, എന്താണ് വിധിച്ചത്, അതിനുള്ള ഫലം അവന്തന്നെ ഏല്‍ക്കണം എന്നും കല്‍പിച്ച് കൂസലില്ലാതെ നായയോടൊപ്പം ധര്‍മപുത്രര്‍ യാത്ര തുടര്ന്നു. ഈ സന്ദര്‍ഭത്തില്‍ പെരുമ്പറകളോടും കൊടിതോരണങ്ങളോടുംകൂടി മാതലി തെളിച്ച രത്‌നഖചിതമായ തേരില്‍ ദേവേന്ദ്രന്‍ വന്നെത്തി സ്വീകരിച്ചു. ഭ്രാതാക്കളും പ്രേയസിയും ഇല്ലാത്ത സ്വര്‍ഗം വേണ്ടെന്ന് പറഞ്ഞ യുധിഷ്ഠിരനെ, അവരെല്ലാം മര്‍ത്യശരീരം വെടിഞ്ഞ് സ്വര്‍ലോകത്തില്‍ എത്തിക്കഴിഞ്ഞെന്നും അങ്ങേക്ക് ഉടലോടെ സ്വര്ഗത്തില്‍ എത്താമെന്നും ദേവേന്ദ്രന്‍ അറിയിച്ചു. തുടര്‍ന്നുള്ള സംവാദത്തിലും പരീക്ഷണങ്ങളിലും വീണ്ടും വിജയിച്ച്, അജാതശത്രുവായ പ്രഥമ പാണ്ഡവന്‍ സ്വര്‍ഗാരോഹിണിവഴി ഉടലോടെ സ്വര്‍ലോകം പൂകി. (മഹാഭാരതം: മഹാപ്രസ്ഥാനികപര്‍വ്വം)
https://www.facebook.com/Malayalivartha