അമൃതസരസ്സിലെ സുവര്‍ണക്ഷേത്രം
സിഖ് ഗുരുദ്വാരകളില്‍ വളരെ പ്രധാനപ്പെട്ടതും വിശുദ്ധവും ആണ് പഞ്ചാബിലെ അമൃതസര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സുവര്‍ണക്ഷേത്രം. അലങ്കാരങ്ങള്‍ അധികമില്ലാത്ത നഗരം.അമൃതസറിലെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും ക്ഷേത്രം വരെ ഇലട്രിക് റിക്ഷയില്‍ ഒരു രസമുള്ള യാത്ര തരപ്പെടും. എല്ലാവരും തല മറയ്ക്കണം എന്നതും ദേഹം മുഴുവനും കവര്‍ ചെയ്യുന്ന വസ്ത്രം ധരിക്കണമെന്നതും ഇവിടുത്ത ആചാരമാണ്.
ക്ഷേത്രവളപ്പ് നിറയെ കുന്തം പിടിച്ചു മഞ്ഞ ഉടുപ്പിട്ട ഭടന്മാര്‍ എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കി ജാഗരൂകരായി നില്‍പ്പുണ്ട് . നല്ല പൊരിയന്‍ വെയിലില്‍ തിളങ്ങി നില്‍ക്കുന്ന തൂവെള്ള മാര്‍ബിള്‍ ഇട്ടു മിനുക്കിയ വിശാലമായ കോര്‍ട്ട് യാര്‍ഡ്. സദാ ഗുരുഗ്രന്ഥ സാഹിബ് പാരായണം ചെയ്തു കൊണ്ടേ ഇരിക്കുന്നു.അത് കേട്ടു കുനിഞ്ഞ ശിരസ്സുമായിരിക്കുന്ന ഭക്തര്‍ ചുറ്റും. ഒരുപാട് പ്രത്യേകതകള്‍ ഉള്ള ക്ഷേത്രമാണിത് .
സുരക്ഷാപരിശോധനകള്‍ തീരെയില്ലെന്നത് വിസ്മയിപ്പിക്കുന്ന കാര്യം. ചെരിപ്പും വലിയ ലഗേജുകളുമെല്ലാം സൂക്ഷിക്കാനുള്ള കൗണ്ടറുകള്‍ കോമ്പൗണ്ടിനുള്ളില്‍ തന്നെയുണ്ട്. മൊബൈല്‍ ഫോണും കാമറയും അകത്തു കൊണ്ടുപോകാം. നാലു കവാടങ്ങളില്‍ ഏതില്‍ കൂടിയും അകത്തു കയറാം. മതത്തിന്റെ തുറന്ന നയം വ്യക്തമാക്കുന്ന ,ജാതിമതവര്‍ണ്ണ വ്യത്യാസമില്ലാത്ത എല്ലാവരും സമന്മാരെന്നുള്ള വ്യക്തമായ സന്ദേശം നല്‍കുന്ന അപൂര്‍വം സ്ഥലങ്ങളിലൊന്ന്. ഗംഗാജലം നിറച്ചിരിക്കുന്ന അമൃതസരസ്സിനു നടുവിലായി നിലകൊള്ളുന്ന സുവര്‍ണ്ണ നിറത്തിലെ ക്ഷേത്ര സരസിനുള്ളില്‍ നിറയെ നീന്തിത്തുടിക്കുന്ന സ്വര്‍ണ്ണമത്സ്യങ്ങള്‍ .ക്ഷേത്രത്തിന്റെ ഗോള്‍ഡ് പ്ലേറ്റ് ചെയ്ത പുറം ഭിത്തികള്‍.
മാര്‍ബിളില്‍ ഇലകളും പൂക്കളും നിറഞ്ഞ മോട്ടിഫുകള്‍ .750 കിലോഗ്രാം സ്വര്‍ണ്ണമുപയോഗിച്ചു നിര്‍മ്മിച്ച മകുടം. വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് രാവിലെ അമ്പലത്തിനുള്ളിലും വൈകുന്നേരം പുറത്തുള്ള അകാല്‍ തക്തിലും പ്രതിഷ്ഠിക്കും .
അകത്തേക്ക് കടക്കാന്‍ നാല് വാതിലുകളുണ്ട്. ജാതി, മതവ്യത്യാസമില്ലാതെ എല്ലാ മനുഷ്യര്‍ക്കും കടന്നു വരാം എന്നത് ശരി വക്കുന്നു ഈ നാല് വാതിലുകളും. മുസ്ലീം ഹിന്ദു വാസ്തുശില്പ കലയുടെ അതുല്യമായ, സമ്മേളനമാണ് ഇവിടെ.
ഗുരുനാനാക്കാണ് സിക്കുമതത്തിന്റെ ആദിഗുരു. ഹിന്ദുമതത്തിലെ കര്‍ക്കശമായ ജാതിവ്യവസ്ഥയേയും ഇസ്ലാംമതത്തിന്റെ ഇതരമതസ്ഥരോടുള്ള സമരസപ്പെടായ്മയേയും എതിര്‍ത്തുകൊണ്ടാണ് ഗുരുനാനാക്ക് പുതിയ മതം സ്ഥാപിച്ചത്.
പതിനേഴാംനൂറ്റാണ്ടിലാണ് അമൃത്സര്‍ എന്ന പട്ടണം ഹര്‍മന്ദര്‍ സാഹിബ് എന്ന ഗുരുദ്വാരക്ക് ചുറ്റുമായി വളര്‍ന്നു വികസിച്ചത് . നഗരം അങ്ങനെ ഏകദേശം ഒരു സ്വയംഭരണപ്രദേശമായി മാറി. അക്കാലം സിഖ് സമൂഹം മുഗള്‍ സാമ്രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യമായിരുന്നു എന്ന നിലയിലാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചാം ഗുരുവായ അര്‍ജുന്‍ദേവാണ് സുവര്‍ണ്ണ ക്ഷേത്രം നിര്‍മ്മിച്ചത്.സിഖ് ജനതയുടെ ആത്മീയ ആസ്ഥാനമാണ് സുവര്‍ണ്ണ ക്ഷേത്രം. ലൗകിക ആസ്ഥാനമാണ് അകാല്‍ തക്ത് . ഭരണ സിരാകേന്ദ്രവും ഇതാണ്.
ഇവിടുത്തെ അന്നദാനമാണ് നമ്മെ വളരെയധികം വിസ്മയിപ്പിക്കുന്നത്.450 ലേറെ കൊല്ലങ്ങളായി ഇത് തുടര്‍ന്നു വരുന്നു എന്നത് അതിലേറെ അതിശയം .ലോകത്തെ ഏറ്റവും വലിയ അടുക്കളയെന്ന ഖ്യാതി ഈ ക്ഷേത്രത്തിനുണ്ട്.'ലങ്കാര്‍'അഥവാ കമ്മ്യൂണിറ്റി കിച്ചന്‍ എന്ന കണ്‍സെപ്റ്റ് ആണിവിടെ.
ഒരു ലക്ഷം പേരാണ് ഇവിടെ നിന്നും ദിവസവും ആഹാരം കഴിക്കുന്നത്.യാതൊരു പ്രത്യേക പരിഗണനകളും ആര്‍ക്കും നല്‍കാത്ത, ഏവരും നിലത്തിരുന്നുള്ള ആഹരിക്കല്‍. ദാലും ചപ്പാത്തിയും ബസ്മതി റൈസും ഒരു മധുരവും ചേര്‍ന്ന സ്വാദിഷ്ടമായ ഭക്ഷണം ..
ജോ ബോലെ സബ് നിഹാല്‍...സത് ശ്രീ അകാല്‍... എന്ന പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന ആഹാര ഷെഡ്യൂള്‍. വിശേഷ ദിവസങ്ങളില്‍ തിരക്ക് കൂടുമ്പോള്‍ ഉപയോഗിക്കുന്ന റൊട്ടി മേക്കിങ് മെഷീന്‍ വഴി ഒരു മണിക്കൂറിനുള്ളില്‍ 25000 ചപ്പാത്തി ഉണ്ടാക്കാന്‍ കഴിയും.
100 ഗ്യാസ് സിലിണ്ടറുകളാണ് ഒരു ദിവസം ഉപയോഗിച്ച് തീരുന്നത്. ഡൊണേഷന്‍ തന്നെ പ്രധാന വരുമാന മാര്‍ഗ്ഗം. ഒരു തവണ 5000 പേര്‍ക്കിരിക്കാവുന്ന കൂറ്റന്‍ ഹാളുകള്‍. പാത്രം കഴുകുന്നതും തറ തുടക്കുന്നതുമെല്ലാം ഭക്തരാണ്.
ഇത്ര വലിയ അന്നദാനം നടക്കുന്ന മണ്ഡപം എത്രയും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. സ്പൂണ്‍ വാങ്ങാന്‍ ഒരു ഏരിയ. പ്ലേറ്റ് വാങ്ങാന്‍ അടുത്ത മനുഷ്യ ചങ്ങല..ആഹാരം കഴിഞ്ഞു ഹാള്‍ വൃത്തിയാക്കാനായി മോപ്പുമായി ഓടിയെത്തുന്ന അടുത്ത സെറ്റ് .പാത്രങ്ങളെല്ലാം ഒരുപറ്റം സ്ത്രീകളിരുന്നു ആറുതവണ ശുചിയാക്കുന്നു . ഇതെല്ലം സേവയുടെ ഭാഗമാണ്. ഭക്തരുടെ പ്രാര്‍ത്ഥനാപൂര്‍ണമായ അര്‍ച്ചനയാണ് സേവ. സേവ ചെയ്യുന്നതില്‍ കൂടിയുള്ള പാപമോചനമാണ് ഇവിടുത്തെ പ്രത്യേകത.
സേവാദര്‍സ് എന്നറിയപ്പെടുന്ന ഇവരുടെ സേവനം ചിലപ്പോള്‍ ഒരു മണിക്കൂര്‍ ആകാം, ഒരു ദിവസമാകാം .യാതൊരു പ്രതിഫലവും ആഗ്രഹിക്കാത്ത പരിപൂര്‍ണ്ണ സേവനം. വരുന്നവരെല്ലാം തന്നെ എന്തെങ്കിലും ഒരു ജോലി ചെയ്യുന്നു .ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ശ്രീ മന്‍മോഹന്‍ സിങ് ഇവിടെ ചെരുപ്പ് തുടച്ചത് അന്നത്തെ പ്രധാനവാര്‍ത്തയായിരുന്നു .ശ്രീ മോദിജിയും കമ്മ്യൂണിറ്റി കിച്ചണിലെ വിളമ്പുകാരനായിട്ടുണ്ട് ഇതെല്ലാമാണ് സുവര്‍ണ്ണ ക്ഷേത്രം.
https://www.facebook.com/Malayalivartha