ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍
ശബരിമല തീര്‍ഥാടനകാലത്ത് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം.
ജോസ് കെ.മാണി എം.പി. റെയില്‍വേ ഏരിയാ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനമായത്.
മറുനാട്ടുകാരായ തീര്‍ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും.
റെയില്‍വേ സ്‌റ്റേഷനിലെ തീര്‍ഥാടക വിശ്രമകേന്ദ്രത്തിലെ മൂന്ന് വിഭാഗങ്ങളും പൂര്‍ത്തിയായതോടെ അഞ്ഞൂറ് പേര്‍ക്ക് ഒരേസമയം വിശ്രമിക്കാനും വിരിവെയ്ക്കാനും കഴിയും.
രണ്ട് നിലകളിലായി മൂന്ന് ഹാള്‍, ശൗചാലയങ്ങള്‍ എന്നിവയുമുണ്ട്. കഴിഞ്ഞ വര്‍ഷം മുകളിലത്തെ നിലയിലെ ഹാളിന്റെ ഒരു ഭാഗം മാത്രമാണ് ഉപയോഗിച്ചത്. 93 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമകേന്ദ്രം നിര്‍മിച്ചത്.
മറ്റ് സൗകര്യങ്ങള്‍
*അന്വേഷണ വിഭാഗത്തില്‍ വിവിധ ഭാഷകളില്‍ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കും.
*മറ്റുഭാഷകള്‍ കൂടി കൈകാര്യം ചെയ്യാനറിയാവുന്ന ഉദ്യോഗസ്ഥരെ നിയമിക്കും.
*ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ പുതിയ കൗണ്ടര്‍ സ്ഥാപിക്കും
*ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടും
*കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും
*റിസര്‍വേഷന്‍ കൗണ്ടറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും
*എല്‍.ഇ.ഡി. ഡിസ്‌പ്ലേ ബോര്‍ഡുകളുടെ എണ്ണം കൂട്ടും
നിലവില്‍ ട്രെയിനുകളുടെ സമയമറിയാന്‍ മൂന്ന് എല്‍.ഇ.ഡി. ഡിസ്‌പ്ലേ ബോര്‍ഡുകള്‍ മാത്രമാണുള്ളത് ആറ് എണ്ണം കൂടി സ്ഥാപിക്കും
ഒന്നാം പ്ലാറ്റ് ഫോമിന്റെ രണ്ട് വശത്തും നാലും രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന്റെ മധ്യത്തിലായി രണ്ട് ഡിസ്‌പ്ലേ ബോര്‍ഡും സ്ഥാപിക്കും
തീര്‍ഥാടന കാലത്തിനുശേഷം റെയില്‍വേ സ്‌റ്റേഷന്റെ നവീകരണം തുടങ്ങും. പ്ലാറ്റ്‌ഫോമുകളില്‍ ഗ്രാനൈറ്റും പരുക്കന്‍ പ്രതലമുളള ഓടും പാകും. ആറ് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും.
പാര്‍ക്കിങ് സ്ഥലം വൃത്തിയാക്കി കുഴികളടയ്ക്കും. കൂടുതല്‍ വിളക്കുകളും സുരക്ഷയ്ക്കായി നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. ജി.എസ്.ടി നിലവില്‍ വന്ന ശേഷം പുതിയ നിരക്കാണ് ഈടാക്കുന്നത്. കുടുംബശ്രീ യൂണിറ്റിനാണ് നടത്തിപ്പ് ചുമതല. പാര്‍ക്കിങ് ഫീസിനെ ചൊല്ലി വാഹന ഉടമകളുയുമായുണ്ടാകുന്ന തര്‍ക്കം ഒഴിവാക്കാന്‍ 24 മണിക്കൂര്‍ സ്ലാബ് എന്നത് 12 മണിക്കൂറാക്കി കുറച്ചു. 24 മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറും 24 മണിക്കൂറിന്റെ സ്ലാബുകളായി തിരിച്ചാണ് ഫീസ് ഈടാക്കിയിരുന്നത്.
സ്‌റ്റേഷനിലെ എസ്‌കലേറ്ററുകളുടെ പ്രവര്‍ത്തനം എം.പി. വിലയിരുത്തി. പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും രോഗികള്‍ക്കും പ്ലാറ്റ്‌ഫോമുകളില്‍ കൂടി നടക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഇലക്ട്രോണിക് കാറുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.
കോട്ടയം നഗരസഭാ കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ഏരിയ മാനേജര്‍ ഹരികൃഷ്ണന്‍, അഡീഷണല്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ ജെയിംസ്, സ്‌റ്റേഷന്‍ മാനേജര്‍ രാജന്‍ നൈനാന്‍, ഡെപ്യൂട്ടി മാനേജര്‍ സ്റ്റാന്‍ സിലോസ് ആന്റണി, ചീഫ് റിസര്‍വേഷന്‍ ഓഫീസര്‍ ടി. ബീന, ചീഫ് പാഴ്‌സല്‍ ഓഫീസര്‍ അജിമോന്‍ തുടങ്ങിയവര്‍ എം.പി.ക്കൊപ്പമുണ്ടായിരുന്നു.
പ്രായമായവര്‍, അംഗപരിമിതര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് പ്‌ളാറ്റ്‌ഫോമിലൂടെയുള്ള യാത്ര സുഗമമാക്കാനാണ് ഇലക്ട്രിക് കാര്‍. ബഗി കാറിന്റെ മാതൃകയിലുളള വണ്ടിയില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ക്ക് കൂടി യാത്ര ചെയ്യാം. നിലവില്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി തുടങ്ങിയ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഈ സൗകര്യമുണ്ട്. പൊതുസ്വകാര്യ പങ്കാളിത്തത്തിലാണ് കാര്‍ വാങ്ങുന്നത്.
മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് സഞ്ചരിക്കാമെങ്കിലും പാളം മുറിച്ച് കടക്കാന്‍ പാടില്ലെന്ന് നിയമമുള്ളതിനാല്‍ അധികൃതര്‍ അനുമതി നല്‍കുന്നില്ല. പ്‌ളാറ്റ്‌ഫോമില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കാന്‍ കാര്‍ പര്യാപ്തമാണ്.
https://www.facebook.com/Malayalivartha