ഭക്തിയുടെ നിറവില്‍ ശബരിമലയില്‍ നിറപുത്തരി
കതിര്‍കറ്റകളുടെ സമൃദ്ധിയില്‍ ശബരീശ സന്നിധിയില്‍ നടന്ന നിറപുത്തരി പൂജ ഭക്തര്‍ക്കു ദര്‍ശനപുണ്യമായി. ഇന്നലെ പുലര്‍ച്ചെ നാലിനു ശ്രീകോവില്‍ നട തുറന്നു. 5.45 നും 6.18 നും മധ്യേയായിരുന്നു നിറപുത്തരി പൂജ. അഞ്ചരയോടെ മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയും പരികര്‍മികളും കൊടിമരച്ചുവട്ടില്‍ വച്ചിരുന്ന നെല്‍ക്കതിരുകള്‍ പൂജിച്ച് ശുദ്ധി വരുത്തി. അതിനുശേഷം കറ്റകളേന്തി ക്ഷേത്രപ്രദക്ഷിണം നടത്തിയശേഷം കിഴക്കേ മണ്‌ഡപത്തിലെത്തിച്ച് തന്ത്രി കണ്‌ഠരര് മഹേശ്വരരുടേയും മഹേഷഷ്‌മോഹനരരുടേയും കാര്‍മികത്വത്തില്‍ പൂജ നടത്തി മഹാലക്ഷ്‌മിയെ നെല്‍ക്കതിരിലേക്കാവാഹിച്ചു.
കറ്റകള്‍ ശ്രീകോവിലേക്ക് എഴുന്നെള്ളിച്ച് നെല്‍ക്കതിരുകള്‍ പൂജിച്ചു. തന്ത്രി മഹേഷ്‌മോഹനരരും മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയും ചേര്‍ന്നു പൂജിച്ച നെല്‍ക്കതിരുകള്‍ ശ്രീകോവിലിന് ഇരുവളവും കെട്ടി. പുന്നെല്ലില്‍ കുത്തിയെടുക്കുന്ന അവല്‍ ഭഗവാനു നേദിച്ചശേഷം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് പൂജിച്ച കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കി.
നിറപുത്തരിപൂജ ദര്‍ശിക്കുവാന്‍ സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. മഴ ശക്തിയായതോടെ പമ്പയാര്‍ കരകവിഞ്ഞൊഴുകുകയാണ്. ഭക്തര്‍ പമ്പയാറ്റിലേക്ക് ഇറങ്ങാതിരിക്കാന്‍ പോലീസ് വടം കെട്ടി. പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10 ന് നട അടച്ചു.
https://www.facebook.com/Malayalivartha