ദളദ മാലിഗാവയിൽ പോകാം- ശ്രീബുദ്ധന്റെ പല്ലും കാണാം; എസല പെരാഹാരയും കൂടാം
ഇന്ന് നിലവിലുള്ളതിൽ ഏറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിൽ ഒന്നാണ് ബുദ്ധമതം. എല്ലാ കാര്യങ്ങളിലും മിതത്വം പാലിച്ചാൽ ജീവിതവിജയം ഉണ്ടാകും എന്ന് പറഞ്ഞ ഗൗതമ ബുദ്ധന്റെ അനുയായികളാണ് ശ്രീലങ്കക്കാരിൽ അധികവും. നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപ് ആണ് ശ്രീലങ്ക. ഇവിടുത്തെ ഭൂരിപക്ഷം വരുന്ന സിംഹളരും വിശ്വസിക്കുന്നത് ബുദ്ധന്റെ അനുശാസനങ്ങളാണ് എങ്കിലും അവ പാലിക്കപ്പെടുന്നുണ്ടോ എന്ന് ചോദിച്ചാൽ? ഉത്തരം പറയാനാകില്ല താനും. പിന്നെങ്ങനെ ഇവർ ബുദ്ധന്റെ അനുയായികളായി എന്ന് ചിന്തിച്ചു പോകും.
കടലിനു നടുവിലെ ഈ ദ്വീപിൽ നിറയെ മനോഹര കാഴ്ചകളുണ്ട്. നമുക്ക് ഒന്ന് കണ്ണോടിച്ചു വരാം. മധ്യ ശ്രീലങ്കയിലെ നഗരമായ കാൻഡിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രത്തിൽ ആണ് ശ്രീബുദ്ധന്റെ പല്ല് സൂക്ഷിച്ചിരിക്കുന്നത്. അതിശയം തോന്നുന്നുണ്ടോ? ദളദ മാലിഗാവ എന്നാണ് ആ ക്ഷേത്രത്തിന്റെ പേര്. ഇവിടേക്ക് ധാരാളം ആളുകൾ നിത്യേന വരാറുണ്ട്. ശ്രീലങ്കയിലെ മുഖ്യ ആകർഷണവും ഈ ക്ഷേത്രം ആണെന്ന് പറയാം.
ശ്രീബുദ്ധന്റെ ചിതയിൽ നിന്നു ലഭിച്ച പല്ല് മുടിക്കെട്ടിൽ ഒളിപ്പിച്ചു ശ്രീലങ്കയിലേക്കു കൊണ്ടുപോയത് ഹേമമാലി എന്നു പേരുള്ള രാജകുമാരിയാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ആ പല്ല് നശിച്ചുവെന്നും ഇപ്പോൾ ഉള്ളത് കൃത്രിമമായിട്ട് നിർമിച്ചതാണെന്നും പറയപ്പെടുന്നുണ്ട്. ബുദ്ധന്റെ ഭൗതികാവശിഷ്ടമായ ഈ പല്ല് സൂക്ഷിച്ചിരിക്കുന്ന ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത് കൊട്ടാര സദൃശമായാണ്. എസല പെരാഹാര എന്നാണ് ഈ ക്ഷേത്രത്തിലെ ഉത്സവം അറിയപ്പെടുന്നത്. ഓഗസ്റ്റ് മാസത്തിൽ ആണ് ഇവിടെ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം നടക്കുന്നത്. പരിപാവനമായി കരുതുന്ന ബുദ്ധദന്തം ഉത്സവനാളിൽ സ്വർണവും രത്നങ്ങളും കൊണ്ടലങ്കരിച്ച ഒരു പേടകത്തിൽ ആനപ്പുറത്തു ഏഴുന്നള്ളിക്കും.
ശ്രീബുദ്ധന്റെ പല്ല് ശ്രീലങ്കയിൽ വന്നതിനു പിന്നിൽ ധാരാളം കഥകൾ ഉണ്ട്. അതിൽ ഒന്നാണ് പല രാജാക്കന്മാരിലൂടെയും രാജവംശങ്ങളിലൂടെയും കൈമാറി ഇന്ത്യയിൽനിന്നു ശ്രീലങ്കയിലെത്തിയതാണ് എന്നുള്ളത്. എന്നാൽ ഈ ദന്തം പോർച്ചുഗീസുകാരാൽ നശിപ്പിക്കപ്പെട്ടു എന്നും പറയപ്പെടുന്നു. എന്തായാലും നിലവിൽ അവിടെ ദന്തം കാണാവുന്നതാണ്. ഈ ദന്തം അവിടുത്തുകാർക്ക് ഭാഗ്യം കൊണ്ടുവരുന്നു എന്നു സിംഹളർ വിശ്വസിക്കുകയും ചെയ്യുന്നു.
ബുദ്ധ ദന്തം കൂടാതെ ഈ ക്ഷേത്രത്തിൽ ബുദ്ധന്റെ ധാരാളം പെയിന്റിങ്ങുകളും ചിത്രങ്ങളും സംരക്ഷിച്ചു പോരുന്നു. നിലവിൽ കാണുന്ന ഈ ക്ഷേത്രം പുതുക്കിപ്പണിതതാണ്. 1998 ൽ ഉണ്ടായ സ്‌ഫോടനത്തിൽ പഴയ ക്ഷേത്രം തകർന്നുപോയി. ആ സ്ഥാനത് തന്നെയാണ് പുതിയത് പണികഴിപ്പിച്ചത്. ദളദ മാലിഗാവ ക്ഷേത്രം ഉൾപ്പെടുന്ന ഈ കാൻഡി നഗരം യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെട്ടതാണ്. ക്ഷേത്രത്തിന്റെ മുകളിലത്തെ നിലയിൽ ധാരാളം ബുദ്ധ പ്രതിമകളും സംരക്ഷിക്കപ്പെട്ടു പോരുന്നു.
https://www.facebook.com/Malayalivartha