കാഴ്ചകളുടെ വിസ്മയം ഒളിപ്പിച്ച് തട്ടേക്കാട്
പല വിധ വര്ണങ്ങളോട് കൂടിയ പക്ഷികളെ കാണുമ്പോൾ തന്നെ മനസിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ഉണ്ടാകാറില്ലേ. അവയുടെ കൊഞ്ചലും കിളിനാദവും ആസ്വദിക്കാത്തവർ ആരുമുണ്ടാകില്ല. നമുക്ക് ഇത്തവണ സലിം അലി പക്ഷിസങ്കേതത്തെ കുറിച്ച അറിയാം. എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശത്തും ഇടുക്കിജില്ലയുടെ പടിഞ്ഞാറൻ പ്രദേശത്തുമായാണ് തട്ടേക്കാട് പക്ഷിസങ്കേതം നിലകൊള്ളുന്നത്. പക്ഷിസങ്കേതം മാത്രമല്ല ചെറുകാടുകൾ, പക്ഷിനിരീക്ഷണം, ശലഭ പാർക്ക്, ഔഷധ ഉദ്യാനം, ഓർക്കിടേറിയ, ബോട്ടിങ് അങ്ങനെ കാഴ്ചകളുടെ വിസ്മയം ഒളിപ്പിച്ച് സഞ്ചാരികളെ കാത്തിരിക്കുകയാണ് തട്ടേക്കാട്.
കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതമാണിത്. പലവംശത്തിലുള്ള നാട്ടുപക്ഷികളെയും പലതരം ദേശാടനപക്ഷികളെയും നമുക് ഇവിടെ കാണാനാകും. നാട്ടുപക്ഷികളും ദേശാടന പക്ഷികളുമടക്കം ഏകദേശം 330 ഇനം പക്ഷികൾ ഉണ്ടെന്നാണ് കണക്ക്. അപൂർവവും വംശനാശഭീഷണി നേരിടുന്നതുമാണ് ഏറെയും. ലോകപ്രശസ്ത പക്ഷിനിരീക്ഷകൻ ഡോ. സാലിം അലിയോടുള്ള ബഹുമാന സൂചകമായാണ് പാർക്കിനു ഈ പേര് നൽകിയിരിക്കുന്നത്. ഉഷ്ണമേഖലാ വനപ്രദേശമായ തട്ടേക്കാട് സങ്കേതത്തിൽ പ്രധാനമായി മൂന്നിനം വനങ്ങൾ ആണുള്ളത്, നിത്യഹരിതവനം, അർദ്ധ നിത്യഹരിതവനം, ഇലപൊഴിയും ഈർപ്പവനം എന്നിവയാണവ.പെരിയാർ നദിയുടെ കൈവഴി പക്ഷിസങ്കേതത്തിലൂടെ ഒഴുകുന്നു. ഇടമലയാർ പെരിയാറ്റിൽ ചേരുന്നത് തട്ടേക്കാടു പ്രദേശത്തു വെച്ചാണ്.
മാക്കാച്ചികാട, വെള്ളിമൂങ്ങ, മലബാർ കോഴി, മൂങ്ങാക്കോഴി, നീലക്കോഴി, വേഴാമ്പൽ, കോഴിവേഴാമ്പൽ, തീക്കാക്ക, ചേരക്കോഴി തുടങ്ങി നിരവധി അപൂർവപക്ഷികളെ പ്രദേശത്തു കണ്ടുവരുന്നു. വിവിധയിനം പാമ്പുകളുടെ സങ്കേതംകൂടിയാണിവിടം.
രാവിലെ ആറുമുതൽ വൈകിട്ട് നാലുവരെ വരെയാണു പ്രവേശനം. ഒരാൾക്കു 25 രൂപയാണ് പ്രവേശന ഫീസ്. വനയാത്രക്ക് കൂട്. അത്യപൂര്വയിനം മരങ്ങള്കൊണ്ട് ഇടതൂര്ന്ന വനമാണ് തട്ടേക്കാട്. പക്ഷികളെ മാത്രമല്ല കാനന ഭംഗിയും ആവോളം ആസ്വദിക്കാം. മരങ്ങളിൽ നിന്ന് മരങ്ങളിലേക്കു കാട്ടുവള്ളികൾകൊണ്ട് പ്രകൃതി തീർത്ത ഊഞ്ഞാലുകൾ, ചെറിയ കൈതോടുകളിൽ നിറയെ മീനുകൾ, തോടിനു കുറുകെ ചെറിയ മരത്തടിപ്പാലങ്ങൾ, ഇവയ്ക്കിടയിൽ അനുസരണയില്ലാതെ കാറ്റിൽ പറന്നു നിറയുന്ന അപ്പൂപ്പൻ താടികൾ, കാടും പുഴയും പുണരാൻ മൽസരിക്കുന്ന മാസ്മരിക ദൃശ്യം. അങ്ങനെ പക്ഷികൾക്കുമപ്പുറം തട്ടേക്കാട് സമ്മാനിക്കുന്ന കാഴ്ചകൾ ഒരുപാടുണ്ട്.
മൈന, ഇരട്ടവാലൻ കിളി, നീർകൊക്ക്, ചേരക്കോഴി പിന്നെ പേരറിയാത്ത കുറെ പക്ഷികൾ.. നീർപക്ഷികളുടെ പ്രിയഇടമാണ് ഇവിടുത്തെ തടാകം. നീർപക്ഷികൾ തടാകത്തിൽ ഊളിയിട്ടു നിവരുന്നതും ചെറിയ മരക്കുറ്റികളിൽ നനഞ്ഞ ചിറകുകൾ ഉണക്കി വിശ്രമിക്കുന്നതുമെല്ലാം കണ്ണിനും കൗതുകം പകരുന്ന കാഴ്ചകളാണ്. തടാകത്തിനകത്തുള്ള ചെറുതുരുത്തുകൾ പക്ഷികളുടെ വിഹാരകേന്ദ്രങ്ങളാണ്. ഒരു തുരുത്തിൽ നിന്നും അടുത്തതിലേക്കുള്ള പക്ഷികളുടെ പലായനം സഞ്ചാരികൾക്കു മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്.
പക്ഷിസങ്കേതത്തിനകത്തു തന്നെ ഓർക്കിടേറിയവും ഔഷധ ഉദ്യാനവും ഒരുക്കിയിരിക്കുന്നു. വിവിധതരം ഓർക്കിഡുകളുടെ കലവറയാണ് ഇവിടം. ഉദ്യാനത്തിൽ ഓരോ ചെടിയിലും അവയുടെ പേരും പ്രത്യേകതകളും നൽകിയിട്ടുണ്ട്. വ്യത്യസ്ത ഇനത്തിൽപ്പെട്ട ആയിരക്കണക്കിന് ശലഭങ്ങളാണ് തട്ടേക്കാട്ടേ ശലഭ ഉദ്യാനത്തിലുള്ളത്. ശലഭങ്ങളുടെ ജീവിതചക്രം, ആവാസവ്യവസ്ഥ തുടങ്ങി ശലഭങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സഞ്ചാരികൾക്ക് ഇവിടെ നിന്നും മനഃപാഠമാക്കി മടങ്ങാം.
https://www.facebook.com/Malayalivartha