കുതിരയുടെ മുഖമുള്ള കുദ്രേമുഖ്
ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് നിരങ്ങിയിറങ്ങുവാണോ എന്ന് തോന്നിപ്പിക്കുന്ന മലമേടുകളും വെള്ളിക്കൊലുസുകളിട്ട നീർച്ചാലുകളും, എത്തിപ്പിടിക്കാൻ തോന്നിപ്പിക്കുന്ന മേഘജാലങ്ങളും ഒക്കെ കൈപ്പിടിയിലൊതുക്കിയ ഒരു കാനന സുന്ദരി...അതാണ് കുദ്രേമുഖ്.കര്‍ണ്ണാടകയിലെ ചിക്കമംഗളൂര്‍ ജില്ലയിലാണ് കുദ്രേമുഖ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1987-ലാണ് ഇത് നിലവിൽ വന്നത്.നിത്യഹരിതവനമേഖലയാണ് ഇവിടം.
കുദ്രേമുഖ് എന്നു പറഞ്ഞാല്‍ കന്നഡയില്‍ കുതിരയുടെ മുഖം എന്നാണ് അര്‍ത്ഥം.അതായത് അവിടുത്തെ ഏറ്റവും ഉയരമുള്ള മലയ്ക്ക് കുതിരയുടെ മുഖമാണത്രേ അതുകൊണ്ടാണ് ഈ പേരിൽ അറിയപ്പെടുന്നത്. അവിടെ ട്രക്കിങിനായി 14 റൂട്ടുകള്‍ ഉണ്ട്. പ്രകൃതിയെ അതിന്റെ എല്ലാവിധ സൗന്ദര്യത്തോടും കൂടി കാണണമെന്നുള്ളവര്‍ പോയിരിക്കേണ്ട സ്ഥലമാണ് കുദ്രേമുഖ്. കുതിരയുടെ മുഖം എന്ന് കരുതി ആരും നിരാശരാകേണ്ട കുതിരയുടെ മുഖത്തിന് ഇത്രയും ഭംഗിയുണ്ടോ എന്നു തോന്നും. അത്രയ്ക്ക് നന്നായാണ് പ്രകൃതിദേവി കുദ്രേമുഖിനെ ഒരുക്കി നിര്‍ത്തിയിരിക്കുന്നത്.
കണ്ടുമടുത്ത സ്ഥിരം കാഴ്ചകളിൽ നിന്നും ഉള്ള ഒരു മോചനമാണ് കുദ്രേമുഗ് യാത്ര എന്ന് വേണമെങ്കിൽ പറയാം. മലകള്‍ക്കപ്പുറത്തുനിന്നും ഉദിച്ചുയരുന്ന സൂര്യനെ കണ്ടുകൊണ്ടുവേണം ഇവിടുത്തെ യാത്രകള്‍ തുടങ്ങാന്‍. അത്രഭംഗിയാണ് പുല്‍മേട്ടിലെ മഞ്ഞില്‍ത്തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികള്‍ കാണാന്‍. കുദ്രേമുഖ് ദേശീയോദ്യാനത്തിന്റെ ഭാഗമാണ് ഇവിടുത്തെ മലനിരകള്‍. നിത്യഹരിത വനമേഖലയായ ഇവിടം അറുന്നൂറ് ചതുരശ്രകിലോമീറ്റര്‍ ദൂരത്തിലാണ് വ്യാപിച്ചു കിടക്കുന്നത്. വിവിധ തരത്തിലുള്ള പൂമ്പാറ്റകളും അപൂര്‍വ്വങ്ങളായ സസ്യജന്തുജാലങ്ങളെയും ഇവിടെ ധാരാളമായി കാണാം.
ഉയരത്തിന്റെ കാര്യത്തില്‍ കര്‍ണ്ണാടകയില്‍ മൂന്നാം സ്ഥാനമുണ്ട് ഈ മലയ്ക്ക്. സമുദ്രനിരപ്പില്‍ നിന്നും 1894 അടി ഉയരത്തിലാണ് കുദ്രേമുഗ് കാണപ്പെടുന്നത്. മലയുടെ അടിവാരമായ ലോബോസ് പ്ലേസില്‍ നിന്നാണ് ട്രക്കിങ് തുടങ്ങുന്നത്. ഫോറെസ്റ്റിൽ നിന്നും മുൻകൂർ അനുമതി കിട്ടിയെങ്കിൽ മാത്രമേ ഇവിടെക് പ്രവേശിക്കാനാകു. കുദ്രേമുഖിലെ ട്രക്കിങിന്റെ സവിശേഷത അതു കടന്നു പോകുന്ന വിവിധ ഭൂപ്രകൃതികളാണ്. കാടും മലകളും പുല്‍മേടുകളും ഇടയ്ക്ക് കുഞ്ഞരുവികളുമൊക്കെ പിന്നിട്ടാണ് ഇവിടുത്തെ ട്രക്കിങ് പുരോഗമിക്കുന്നത്.
കുദ്രേമുഖിലെ ഏറ്റവും ഉയരമേറിയ ഭാഗമാണ് നരസിംഹ പര്‍വ്വതം. ഇവിടെ നിന്നും നോക്കിയാൽ ചുറ്റുമുള്ള മലനിരകളെയും അകലെയായി അറബിക്കടലിന്റെയും മനോഹരമായ ദൃശ്യം കാണാവുന്നതാണ്.
കുദ്രേമുഖ് ദേശിയോദ്യാനത്തിലെ മലനിരകളിലെ പ്രശസ്തമായ വെള്ളച്ചാട്ടമാണ് ഹനുമാന്‍ ഗുണ്ടി വെള്ളച്ചാട്ടം. നൂറടി ഉയരമുള്ള ഈ വെള്ളച്ചാട്ടം മനോഹരമായ കാഴ്ചയാണ്. ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.100 കിലോമീറ്റര്‍ അകലെയുള്ള മംഗലാപരം റെയില്‍വേ സ്റ്റേഷനാണ് അടുത്തുള്ള സ്റ്റേഷന്‍.
https://www.facebook.com/Malayalivartha