മഞ്ഞ ചേലയണിഞ്ഞ ഗുണ്ടൽപേട്ട
പൂക്കൾ എന്നും എപ്പോഴും കണ്ണിനും മനസിനും കുളിര്മയേകുന്ന കാഴ്ചയാണ്. കാറ്റ് വഹിച്ചുകൊണ്ടുവരുന്ന സുഗന്ധം പോലും ഏത് പൂവിന്റേതാണെന്നു തിരിച്ചറിയാൻ നമുക്ക് കഴിയും. അത്രക്കുണ്ട് നമുക്ക് പൂക്കളോടുള്ള അറ്റാച്ച്മെന്റ്.
ഇവിടെ വീണ്ടുമൊരു പൂക്കാലത്തിന്റെ വരവ് അറിയിക്കുകയാണ് ഗുണ്ടൽപേട്ടും അവിടുത്തെ പൂക്കൃഷിയും. ദേശീയ പാത 766 ൽ ഗുണ്ടൽപേട്ട് മദൂർ മുതൽ റോഡിന് ഇരുവശത്തുമാണ് സഞ്ചാരികളുടെ മനം കവർന്ന് പൂക്കാഴ്ച. റോഡിനിരുവശത്തുമായി മഞ്ഞ ചേലയണിഞ്ഞ ഒരു നവോഢയെ പോലെ തലയുയർത്തി നിൽക്കുകയാണ് സൂര്യകാന്തി പൂക്കൾ. ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാൽ സൂര്യകാന്തിപ്പൂക്കൾ നേരത്തെ തന്നെ വിളവെടുപ്പിന് ഒരുങ്ങി.
ഓണക്കാലം വിദുരം അല്ല എന്ന് നമ്മോട് വിളംബരം ചെയ്യുകയല്ലേ ഈ പൂക്കൾ. കേരളത്തിലെ ഓണക്കാലവിപണിയിലേക്കുള്ള ചെണ്ടുമല്ലിയുടെ കൃഷിയും തകൃതിയാണിവിടെ. കേരളത്തിൽ പൂക്കാലം ഒരുങ്ങണമെങ്കിൽ തമിഴ്നാട് കനിയണമല്ലോ. കേരളത്തിലെ ഓണക്കാലവിപണിയിലേക്കുള്ള ചെണ്ടുമല്ലിയുടെ കൃഷിയും തകൃതിയാണിവിടെ.
പൂപ്പാടം കാണാനും ചിത്രങ്ങൾ പകർത്തുന്നതിനും നൂറുകണക്കിന്സഞ്ചാരികളെത്തുന്നുണ്ട്. കൂടാതെ പൂക്കൾ ഇവിടെ വിലക്കുറവിൽ ലഭ്യമാണ്. ഫോട്ടോ എടുക്കാൻ മാത്രമല്ല സൂര്യകാന്തിപ്പാടങ്ങളിൽ വിവിധ സിനിമകളും ഷോർട്ഫിലിമുകളും വിവാഹ ആൽബവുമടക്കം ചിത്രീകരിക്കാനും വിവിധ സ്ഥലങ്ങളിൽനിന്ന് ദിവസവും നിരവധി പേരെത്തുന്നുണ്ട്.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളാണ് ഗുണ്ടൽപേട്ടിലെ പൂക്കാലം. ഇത്തവണ ഗ്രാമങ്ങളിലും വ്യാപകമായി കൃഷിയിറക്കിയിട്ടുണ്ട്. സൂര്യകാന്തി പൂക്കളുടെ വിത്ത് ഉപയോഗിച്ചാണ് സൺ ഫ്ലവർ ഓയിലുണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ വ്യാപാരടിസ്ഥാനത്തിൽ ആണ് ഇവിടെ കൃഷി ഇറക്കുന്നത്. ഒരിക്കലും മതിവരാത്ത നിറകാഴ്ചയുടെ ദൃശ്യവിരുന്നൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണിവിടം. മനസിനും ശരീരത്തിനും ഒരുപോലെ കുളിർ കാഴ്ചയേകാൻ നമുക്കും പോകാം സൂര്യകാന്തിപ്പാടത്തേക്ക് .
https://www.facebook.com/Malayalivartha