അവധിക്കാല യാത്രകള്‍ സാമ്പത്തികമായി പ്ലാന്‍ ചെയ്യാം
കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഉല്ലാസത്തിന്റേതാണ് അവധിക്കാലം. താരമ്യേന കുറഞ്ഞ പണച്ചിലവില്‍ ഇന്ത്യക്കകത്തും വിദേശത്തും അവധിക്കാലം ചിലവഴിക്കാം, പക്ഷെ അതിന് നിങ്ങളും വിചാരിക്കണമെന്ന് മാത്രം. ഇതിനായി നല്ല പ്ലാനിംഗ് വേണം, നിങ്ങളുട സാമ്പത്തിക ശേഷി മനസ്സിലാക്കിവേണം യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍.
ഒരിക്കലും കടംവാങ്ങി അവധിക്കാല യാത്രകള്‍ നടത്തരുത്. ഇത് നിങ്ങള്‍ക്ക് സന്തോഷമല്ല മറിച്ച് ആധിയാവും സമ്മാനിക്കുക. ഈ കടങ്ങള്‍ തീര്‍ക്കാനുള്ള പണം പിന്നീട് നിങ്ങള്‍ തന്നെ കണ്ടെത്തേണ്ടി വരും. പാക്കേജുകള്‍ മൂന്നാറിലെ തേയില തോട്ടങ്ങളില്‍ തുടങ്ങി വിശുദ്ധ നാടുകള്‍ വരെ സുഖമായും സുരക്ഷിതമായും സന്ദര്‍ശിച്ച് മടങ്ങാനുള്ള വ്യത്യസ്ത പാക്കേജുകളാണ് ഈ മേഖലയിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അവതരിപ്പിക്കുന്നത്.
ഒറ്റയ്ക്കും കൂട്ടായും യാത്ര ചെയ്യാന്‍ ഉതകുംവിധം ഫ്‌ളെക്‌സിബിളാണ് ഈ പാക്കേജുകളെല്ലാം. അഡ്വാന്‍സ് ബുക്കിംഗ് ആദായകരമാണ്. ട്രാവല്‍ പാക്കേജ് പ്രകാരമുള്ള വിനോദയാത്ര വിദേശത്തേക്കാണെങ്കില്‍ എത്രയും നേരത്തെ ബുക്ക് ചെയ്യുന്നുവോ അത്രയും ചിലവ് കുറഞ്ഞിരിക്കും. പ്രധാനമായും വിമാന ടിക്കറ്റ് ഇനത്തിലാണ് ഈ ലാഭം ലഭിക്കുക.
സീസണുകളിലും പീക്ക് ടൈമിലുമുള്ള ടിക്കറ്റുകള്‍ക്ക് 20,000 രൂപ ആവശ്യമുള്ള ഒരു യാത്രയ്ക്ക് ആറ് മാസം മുന്‍പ് ബുക്ക് ചെയ്യുകയാണെങ്കില്‍ 7000 രൂപ മതിയാവും. ഏതെങ്കിലും സാഹചര്യത്തില്‍ ക്യാന്‍സലേഷന്‍ വേണ്ടിവന്നാല്‍ എത്ര നേരത്തെ ക്യാന്‍സല്‍ ചെയ്യുന്നുവോ, അത്രയും നഷ്ടം കുറയും.
പ്ലാനും പാക്കേജും അടുത്തറിയണം ട്രാവല്‍ പാക്കേജുകള്‍ ഒരുക്കുന്ന സ്ഥാപനങ്ങളുടെ വിശ്വാസ്യത യാത്രയോളം തന്നെ പ്രധാനമാണ്. പാക്കേജുകള്‍ സ്വീകരിച്ച് അഡ്വാന്‍സ് നല്‍കുന്നതിന് മുന്‍പ് ഇത്തരം സ്ഥാപനങ്ങളെക്കുറിച്ചും അവര്‍ മുന്‍പ് നടത്തിയിട്ടുള്ള പാക്കേജ് ട്രിപ്പുകളെപ്പറ്റിയും അന്വേഷിക്കണം. കൂടാതെ ഇത്തരം പാക്കേജുകള്‍ സംഘടിപ്പിക്കുന്നതിന് ഇവര്‍ക്ക് ടൂറിസം മന്ത്രാലയത്തിന്റെ അനുമതിയുണ്ടോയെന്നും പരിശോധിക്കാം.
ഒരേ യാത്രയ്ക്ക് തന്നെ വ്യത്യസ്തമായ നിരക്കുകള്‍ ഈടാക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ യാത്രയുടെ പ്ലാനും പാക്കേജും വിശദമായി വായിച്ച് മനസ്സിലാക്കിയ ശേഷം വേണം ബുക്കിംഗ് നടത്താന്‍. ഉല്ലാസയാത്ര അപകട യാത്ര ആകരുത്. വലിയ തുക മുടക്കി അവധിക്കാലം ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ചെറിയൊരു തുക മുടക്കി ഇന്‍ഷ്വര്‍ ചെയ്യുന്നത് നല്ലതാണ്.
https://www.facebook.com/Malayalivartha