ടൂറിസം:ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന വ്യവസായം
1963-ല്‍ റോമില്‍ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോണ്‍ഫറന്‍സ് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന വ്യവസായം എന്ന പദവി ടൂറിസത്തിന് നല്‍കി. അതോടെ വ്യാവസായികരംഗത്തിനു ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ടൂറിസത്തിനും കിട്ടുമെന്നായി. ഇത് ആ രംഗത്തെ നിക്ഷേപം വന്‍തോതില്‍ ഉയര്‍ത്തുന്നതിനു കാരണമായി. അങ്ങനെ ഒട്ടനവധി രാജ്യങ്ങളില്‍ ഏറ്റവും വലിയ വ്യവസായം തന്നെയായി മാറിക്കഴിഞ്ഞിരിക്കുന്നു, ഇന്ന് ടൂറിസം.
കെനിയ, കൊറിയ, ക്‌ളോംബര്‍ഗ്, മാലദ്വീപ്, മാലി, മാള്‍ട്ട, മൗറീഷ്യസ്, മെക്‌സിക്കോ, മൊറോക്കോ, മൊസാംബിക്, സാര്‍ലാന്‍ഡ്, ഘാന, ഗ്രീസ്, ഗ്വാട്ടിമാല, ഹംഗറി, അയര്‍ലാന്‍ഡ്, ജോര്‍ദാന്‍, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്റ്, യൂക്കോണ്‍ ടെറിട്ടറി, കേപ് വെര്‍ഡെ, എസ്‌റ്റോണിയ, ഫിജി, ഗുവാഡിലൂവ്, ഫ്രഞ്ച് പോളിനേഷ്യ, ഗാംബിയ, ജര്‍മനി, ഹാംബെര്‍ഡ്, അന്‍സോറ, ആന്റിഗ്വ ആന്‍ഡ് ബെര്‍ബുഡ, ആസ്ട്രിയ, ബഹാമാസ്, ബെല്‍ജിയം, അല്‍ബെര്‍ട്ട, പോര്‍ട്ടുഗല്‍, സെയ് ച്ചില്‍സ്, സൗത്ത് ആഫ്രിക്ക, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ടാന്‍സാനിയ, ടുണീഷ്യ, കാലിഫോര്‍ണിയ, ഫ്‌ളോറിഡ, ഹാവായ്, കെന്റക്കി തുടങ്ങിയ സ്ഥലങ്ങളുടെയെല്ലാം മുഖ്യ വിദേശവരുമാനമാര്‍ഗം ടൂറിസമായിരിക്കുന്നു.
ക്യൂബയെപ്പോലുള്ള ഇടതുപക്ഷരാജ്യങ്ങളും ഇക്കൂട്ടത്തില്‍പെടുന്നു. എസ്‌റ്റോണിയയില്‍ ജി.ഡി.പി.യുടെ 18%വും ഫിജിയില്‍ 20%വും സ്‌പെയിനില്‍ 11%വും ടാന്‍സാനിയയില്‍ 18%വും വെര്‍ബഡോസില്‍ 15%വും ടൂറിസത്തിലൂടെയാണ് ലഭിക്കുന്നത്. അന്‍ഡോറയുടെ ദേശീയവരുമാനത്തില്‍ 80%വും നല്‍കുന്നത് വ്യവസായം ടൂറിസമാണ്.
ഒരു വ്യവസായമെന്ന നിലയില്‍ ടൂറിസത്തിന് രണ്ട് പ്രത്യേകതകളാണുള്ളത്. ഒന്ന് ഇതര വ്യവസായങ്ങളില്‍ നിന്നു വ്യത്യസ്തമായി അത് നേരിട്ട് വിദേശനാണ്യം ലഭ്യമാക്കുന്നു. മറ്റൊന്ന്, പ്രത്യക്ഷ തൊഴിലവസരങ്ങളോടൊപ്പം അതിലും എത്രയോ മടങ്ങ് പരോക്ഷ തൊഴിലവസരങ്ങള്‍ അത് സൃഷ്ടിക്കുന്നു. പ്രകൃതിവിഭവങ്ങളെയും സാംസ്‌കാരികപൈതൃകത്തെയും നേരിട്ട് ഉത്പന്നങ്ങളാക്കാവുന്ന ഒരു വ്യവസായം എന്ന സവിശേഷതയും ടൂറിസത്തിനുണ്ട്. അവികസിത രാജ്യങ്ങളിലെ എന്നല്ല വികസിത രാജ്യങ്ങളിലെപോലും ഏറ്റവും വലിയ കയറ്റുമതി ഉത്പന്നങ്ങളിലൊന്നാണ് ഇന്ന് ടൂറിസം.
എണ്ണ, ഓട്ടോമൊബൈല്‍ എന്നിവയോടൊപ്പം ലോകത്ത് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന മൂന്നു വ്യാവസായിക ഉത്പന്നങ്ങളില്‍ ഒന്നാണ് ഇന്ന് ടൂറിസം. നിക്ഷേപം, വിറ്റുവരവ്, തൊഴില്‍ എന്നീ ഘടകങ്ങളില്‍ അത് ടെക്സ്റ്റയില്‍, ഇലക്ട്രോണിക്‌സ്, ഇരുമ്പുരുക്ക് എന്നീ വ്യവസായങ്ങളെക്കാളും മുകളിലാണെന്നാണ് വാര്‍ട്ടണ്‍ ഇക്കണോമെട്രിക് ഫോര്‍കാസ്റ്റിങ് അസ്സോസിയേറ്റ്‌സ് നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. തൊഴിലവസരങ്ങളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ് അതു നില്‍ക്കുന്നത്. ലോകത്തിലെ 16 തൊഴിലാളികളില്‍ ഒരാള്‍ ഏതെങ്കിലും തരത്തില്‍ ടൂറിസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ടൂറിസത്തിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന രാജ്യം അമേരിക്കയാണ്. രണ്ടാം സ്ഥാനത്താണ് ഫ്രാന്‍സ്. ഏ.ഡി. 2020-ല്‍ ചൈന ഫ്രാന്‍സിനെ മറികടക്കുമെന്നാണ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ വിലയിരുത്തല്‍. ചൈനയെപ്പോലുള്ള വന്‍കിടരാജ്യങ്ങള്‍ പലതും ഇന്ന് ഈ പദവികള്‍ കയ്യടക്കാന്‍ ശ്രമം നടത്തിവരുന്നു.
ഓരോ രാജ്യത്തിന്റെയും ആഭ്യന്തരസൗകര്യവികസനത്തില്‍ ടൂറിസം വലിയ പങ്കുവഹിക്കുന്നുണ്ട്. ഏറ്റവും പ്രധാനം ഗതാഗതരംഗത്തെ വികസനമാണ്. ടൂറിസത്തിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര ദശകത്തില്‍ വിഭിന്ന രാജ്യങ്ങളില്‍ ഉണ്ടായ റോഡ്-റയില്‍-വ്യോമ ഗതാഗതവികസനം അതിവിപുലമാണ്.
ഹോട്ടലുകള്‍, ലോഡ്ജുകള്‍, മ്യൂസിയങ്ങള്‍, ആര്‍ട്ട്ഗ്യാലറികള്‍, പാര്‍ക്കുകള്‍, ക്ലബ്ബുകള്‍ തുടങ്ങി പലതും ടൂറിസത്തിന്റെ വികസനത്തോടൊപ്പം കൂടുതല്‍ പ്രാധാന്യം നേടി. ചരിത്രസ്മാരകങ്ങളുടെയും പുരാവസ്തുക്കളുടെയും സംരക്ഷണം, സവിശേഷ ഭൂപ്രകൃതിയുടെയും ജൈവവൈവിധ്യത്തിന്റെയും പരിപാലനം, പരമ്പരാഗത കലാരൂപങ്ങളുടെ സംരക്ഷണവും നവോത്ഥാനവും എന്നുതുടങ്ങി ടൂറിസവുമായി ബന്ധപ്പെട്ട സംരക്ഷണവികസനപ്രവര്‍ത്തനങ്ങള്‍ ധാരാളമാണ്.
ടൂറിസത്തിലൂടെയുള്ള പ്രാദേശിക വികസനത്തിന് ഇന്ത്യയിലെ ഖജുരാഹൊതന്നെ മികച്ചൊരുദാഹരണമാണ്. മുപ്പത്തഞ്ചുവര്‍ഷം മുമ്പ് തീരെ അവികസിതമായ ഒരു പ്രദേശമായിരുന്നു അവിടം. എന്നാലിപ്പോള്‍ നിത്യേന വിമാനങ്ങള്‍ പറന്നിറങ്ങുന്ന, ഇന്ത്യന്‍ തലസ്ഥാനനഗരിയില്‍ നിന്ന് പതിവായി തീവണ്ടികള്‍ കുതിച്ചെത്തുന്ന ഒരു സ്ഥലമായി അതു മാറി. അവിടത്തെ പ്രാചീന ശിലാ ശില്പസമുച്ചയം അതീവ ശ്രദ്ധയോടെ സംരക്ഷിക്കപ്പെടുന്നുണ്ടിപ്പോള്‍. ആയിരക്കണക്കിന് ഗ്രാമവാസികള്‍ സഞ്ചാരികളെ വരവേല്‍ക്കുന്ന പ്രത്യക്ഷ-പരോക്ഷ തൊഴിലുകളില്‍ വ്യാപരിക്കുന്നുണ്ട്. തൊട്ടടുത്തുള്ള കൈത്തറി മേഖലയിലും വന്‍ മാറ്റങ്ങളാണ് വിനോദസഞ്ചാരവികസനം ഉളവാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha