യാത്രയുടെ അനുഭൂതി അനുഭവിച്ച ഒരു ഗുരുവിനൊപ്പം സഞ്ചരിച്ച് യാത്രകള്‍ ആസ്വദിക്കാന്‍ പരിശീലിക്കണം!
നമ്മളെ ഈ ഭൂമിയിലേക്ക് വിട്ടിരിക്കുന്നത് കുറേ പണിയെടുത്ത് കാശുണ്ടാക്കാനും ആ കാശിന് കുറേ വീട്ടുപകരണങ്ങള്‍ വാങ്ങാനും മരുന്ന് വാങ്ങി കഴിക്കാനും മാത്രമല്ല. അങ്ങനെയൊരു തെറ്റിദ്ധാരണ പൂര്‍വ്വികര്‍ നമ്മെ പഠിപ്പിച്ചതാണ്. ഭൂമിയെന്ന ഗോളത്തെ കണ്ടാസ്വദിച്ച് മടങ്ങാനാണ് നാമെല്ലാം ഇവിടെ എത്തിയിരിക്കുന്നത്. ദുരിതവും ആഹ്ലാദവും അത്ഭുതവുമെല്ലാം അറിയണം. അന്വേഷിക്കണം. അടുത്ത തലമുറയ്ക്കായി കാഴ്ചകളെ കാത്തുസൂക്ഷിക്കണം. ഞാന്‍ അതാണ് ചെയ്യുന്നതും!മലയാളികളുടെ സ്വീകരണമുറിയിലേക്ക് ലോകക്കാഴ്ചകള്‍ എത്തിച്ച സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ കാഴ്ചപ്പാടാണ്്് മുകളില്‍ പറഞ്ഞത്. അദ്ദേഹം 1997 ഒക്ടോബര്‍ 24-ന് ആരംഭിച്ച മലയാളത്തിലെ ആദ്യദൃശ്യയാത്രാവിവരണ പരമ്പര, 2013-ല്‍ സഫാരി ചാനലായി. 1333 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ സഞ്ചാരത്തെ ഇതിനോടകം നൂറിലേറെ പുരസ്‌കാരങ്ങള്‍ തേടിയെത്തിക്കഴിഞ്ഞു! 'സഞ്ചാരം' രണ്ടുപതിറ്റാണ്ടു പിന്നിട്ട് മുന്നേറുകയാണ്.
കാഴ്ചകളുടെയും അനുഭവങ്ങളുടെയും അക്ഷയപാത്രമായ സഞ്ചാരവിശേഷങ്ങള്‍ക്കായി മലയാളി ഇന്നും ആകാംക്ഷയോടെ കാത്തിരിക്കുന്നു. എന്നാല്‍ യാത്ര ചെയ്യാന്‍ മലയാളിയെ പഠിപ്പിക്കണം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. യാത്രകള്‍ ആസ്വദിക്കാന്‍ പരിശീലനം അത്യാവശ്യമാണ്, പ്രത്യേകിച്ച് മലയാളികള്‍ക്ക്. യാത്രയ്ക്കു വേണ്ടിയുള്ളതല്ല നമ്മുടെ പൊതുവേയുള്ള പല യാത്രകളും. പകരം, സെല്‍ഫി എടുക്കുക, കള്ളുകുടിക്കുക, കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കുക എന്നിങ്ങനെയാണ്. യാത്രയ്ക്ക് ഒരുദ്ദേശമുണ്ടാവണം. യാത്രയുടെ അനുഭൂതി അനുഭവിച്ച ഒരു ഗുരുവിനൊപ്പം സഞ്ചരിച്ചുവേണം അത് ആര്‍ജ്ജിക്കാന്‍.
യാത്രയ്ക്കുള്ള ഒരുക്കത്തില്‍ നിന്നുതന്നെ ആ ആസ്വാദനം ആരംഭിക്കുന്നു. എന്ത് വേഷം ധരിക്കണം, ഏത് ബാഗ് ഉപയോഗിക്കണം, ഏത് വാഹനത്തില്‍ സഞ്ചരിക്കണം എന്നതില്‍ തുടങ്ങുന്നു ഈ ആസ്വാദനം.
ടൂറിസ്റ്റ് ബസ്സില്‍ കയറി, പാട്ടുംപാടി ഫോട്ടോയും വീഡിയോയും എടുക്കാനുള്ള യാത്ര എന്ന സങ്കല്‍പത്തില്‍ നിന്ന് മലയാളികള്‍ പുറത്തുവരണം. വീഡിയോകോച്ചില്‍ യാത്ര പോകുക എന്നതില്‍പ്പരം ഒരു മണ്ടത്തരം വേറെയില്ല. 24 മണിക്കൂറും ടിവി കാണുന്ന നമ്മള്‍, വീണ്ടും വാഹനത്തില്‍ കയറി വീഡിയോ കാണാനായി യാത്ര ചെയ്യുന്നു!
യാത്രയുടെ പൊതുധാരണയായി നമ്മള്‍ പഠിച്ചുവച്ചിരിക്കുന്നതെല്ലാം മറക്കണം. ചവിട്ടുന്ന ഓരോ മണ്ണിനെയും അറിയണം, ജലത്തെ സ്പര്‍ശിക്കണം, വായുവിനെ ശ്വാസകോശം നിറയെ വലിച്ചെടുക്കണം.
ഇങ്ങനെയൊന്നുമല്ല ഇപ്പോള്‍ നമ്മുടെ യാത്രകള്‍. സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമായി, കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി യാത്രകള്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. നല്ലതാണ്. എന്നാല്‍ അടുക്കും ചിട്ടയും വരുത്തുക എന്നതാണ് അടുത്തപടി. കേരളത്തിലെ വിനോദസഞ്ചാരത്തിന് ഫോക്കസ് ഇല്ല. തേക്കടിയിലും കുമരകത്തുമെല്ലാം കുറേ ബോട്ടുകള്‍ ഇട്ടിട്ടുണ്ട്. എന്നാല്‍ അവിടെയെല്ലാം ബോട്ടിംഗ് നടത്താന്‍ എത്ര വിദേശികള്‍ താത്പര്യപ്പെടുന്നുണ്ട് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
സായിപ്പ് വന്നുതുടങ്ങിയ ശേഷമാണ് കോവളത്തും കുമരകത്തുമെല്ലാം നമ്മള്‍ വിനോദയാത്ര പോകാന്‍ തുടങ്ങിയത്. കേരളത്തിലെ ടൂറിസം ഡെസ്റ്റിനേഷനുകള്‍ പ്രഖ്യാപിക്കുന്നത് വിദേശീയരാണ്. പൈതൃകം, സംസ്‌കാരം, ജീവജാലങ്ങള്‍, ഭക്ഷണം, കലാരൂപങ്ങള്‍ എന്നിങ്ങനെ കേരളത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് ആദ്യം തിരിച്ചറിയണം. അവയെ ഉയര്‍ത്തിക്കാട്ടുന്ന വിനോദസഞ്ചാര പദ്ധതികള്‍ രൂപീകരിക്കണം. അനുകരണം അല്ല വേണ്ടത്. താജ്മഹല്‍ വേറെ എവിടെയും ഇല്ലാത്തതുകൊണ്ടല്ലേ എല്ലാവരും ആഗ്രയിലേക്ക് പോകുന്നത്. കേരളത്തിലെ ടൂറിസവും അങ്ങനെയാണ് പോകേണ്ടത്.
കേരളം പോലെ മനോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയും ലോകത്ത് മറ്റെവിടെയും ഇല്ല എന്ന നമ്മുടെ ധാരണ തെറ്റാണ്. അക്ഷാംശരേഖയിലൂടെ കടന്നുപോകുന്ന പ്രദേശങ്ങളെല്ലാം ഉഷ്ണമേഖലാ പ്രദേശങ്ങളാണ്. മലേഷ്യ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നിങ്ങനെ മഴക്കാടുകളുള്ള നിരവധി സ്ഥലങ്ങള്‍. അവിടെയെല്ലാം വളരെ മികച്ച രീതിയില്‍ ടൂറിസം വികസിച്ചിട്ടുണ്ട്.
ആഫ്രിക്കന്‍ രാജ്യങ്ങളിലെ മനുഷ്യര്‍ വളരെ പ്രാകൃതരാണെന്ന് നാം കരുതുന്നു. എന്നാല്‍ ടാന്‍സാനിയ, കെനിയ എന്നിവിടങ്ങളിലെ ടൂറിസം വളരെ പ്രൊഫഷണലാണ്. ഗെയിംഡ്രൈവുകള്‍ക്ക് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ പോലും അവരുടെ പ്രൊഫഷണലിസം കാണാം. വശങ്ങളില്‍ ഓരോ സീറ്റ് വെച്ചുള്ള, മേല്‍ക്കൂര തുറന്ന് എഴുന്നേറ്റുനില്‍ക്കാവുന്ന ജീപ്പുകളാണ് എല്ലായിടത്തും ഉപയോഗിക്കുന്നത്. വലിയ വരുമാനമാണ് അവര്‍ ഉണ്ടാക്കുന്നതും.
ഗള്‍ഫില്‍ നിന്ന് വരുന്ന പണത്തിന് തുല്യമായി കേരളത്തില്‍ വിനോദസഞ്ചാരത്തിലൂടെ പണമുണ്ടാക്കാം. അതിന് കൂറേ റിസോര്‍ട്ടുകള്‍ നിര്‍മിച്ചിടുകയല്ല വേണ്ടത്. വൃദ്ധരായ വിദേശികളാണ് റിസോര്‍ട്ടില്‍ താമസിക്കാനെത്തുന്നതില്‍ കൂടുതലും. കേരളം നടന്നുകാണേണ്ട സ്ഥലമാണ്. ട്രെക്കിങ്ങിലൂടെയും സൈക്ലിങ്ങിലൂടെയും പശ്ചിമഘട്ടം നടന്നു കാണാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം.
ഉദാഹരണത്തിന്, വാഗമണ്ണിലേക്കുള്ള യാത്ര. അടിവാരത്ത്, മീനച്ചിലാറിന്റെ കരയില്‍ കൂടാരമൊരുക്കി ആരംഭിച്ച്, മുകളിലെ പുല്‍മേട്ടിലേക്ക് ട്രെക്ക് ചെയ്ത് എത്തിച്ചേരുന്ന രീതിയില്‍ നടത്താം. പ്രകൃതിക്കൊപ്പം കഥകള്‍ പറഞ്ഞ് അനുഭവങ്ങള്‍ പങ്കുവെച്ചുള്ള കാല്‍നടയാത്ര. പണ്ട്, ശബരിമലയ്ക്ക് പോയിരുന്നപോലെ.
അതുപോലെ നദികളിലൂടെയുള്ള റാഫ്റ്റിങ്. പെരിയാറിലൂടെ, തീരത്തെ കാഴ്ചകള്‍ ആസ്വദിച്ച്, ആലുവ വരെ എത്താം. ഒരു കെട്ടുവള്ളം വിജയിച്ചു എന്നു കരുതി എല്ലായിടത്തും കെട്ടുവള്ളം ഇറക്കുന്നതില്‍ കാര്യമില്ല. വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്യേണ്ടത്, വിദേശികള്‍ക്ക് താത്പര്യവും അതുതന്നെയാണ്. വിദേശത്തുനിന്ന് ധാരാളം യുവാക്കള്‍ ഇവിടെ എത്തും. അവരിലൂടെ കേരള ടൂറിസം കൂടുതല്‍ പ്രചരിക്കും.
വിദേശികളാണ് കേരളത്തിലെ ടൂറിസത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഇതുപോലെയുള്ള പുതിയ രീതികള്‍ ആരംഭിക്കുമ്പോള്‍ വിദേശികള്‍ ഇങ്ങ് എത്തും. പിന്നാലെ നമ്മളും അവ ശീലിക്കും.
https://www.facebook.com/Malayalivartha