ടൂറിസം മേഖലയെ കാര്യക്ഷമവും ചൂഷണരഹിതവുമാക്കുന്നതിനായി കേരളത്തിന് പുതിയ ടൂറിസംനയം
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ ഗുണമേന്മ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി കേരള സര്‍ക്കാരിന്റെ വിനോദസഞ്ചാര നയം. മികച്ച ടൂറിസം കേന്ദ്രങ്ങള്‍ പോലും ശരിയായി പരിപാലിക്കപ്പെടുന്നില്ലെന്ന പരാതികള്‍ വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുന്നത് വിലയിരുത്താനാണ് മന്ത്രിസഭ പുതിയ ടൂറിസം നയം ആവിഷ്‌കരിച്ചത്.
സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ടൂറിസം പോളിസിയിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്
1. സംസ്ഥാനത്ത് ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നതാണ്. (ആശ്വാസ്യമല്ലാത്ത പല പ്രവണതകളും പരിഹരിച്ച് വിനോദ സഞ്ചാരികള്‍ക്ക് ഗുണനിലവാരമുള്ള സേവനം നല്കുന്നതിന് ഒരു സംവിധാനം ആവശ്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. ടൂറിസം മേഖലയെ കാര്യക്ഷമവും ചൂഷണരഹിതവുമാക്കുന്നതിനായി കേരള ടൂറിസം റെഗുലേറ്ററി അതോറിറ്റി എന്ന പുത്തന്‍ ആശയം നടപ്പാക്കും. ഈ മേഖലയിലെ എല്ലാ വിഭാഗങ്ങളേയും നിരീക്ഷിക്കാനുള്ള പരമോന്നത സംവിധാനമായി ഇത് പ്രവര്‍ത്തിക്കും. വ്യത്യസ്ത ടൂറിസം മേഖലകളില്‍ സര്‍ക്കാര്‍ മാര്ഗനിര്‍ദേശങ്ങള്‍ കര്‍ശമായി നടപ്പാക്കാനുള്ള അധികാരം ഇതിനുണ്ടാകും.)
2. കേരള ടൂറിസത്തിന് ഒരു ബ്രാന്‍ഡ് അംബാസഡറെ നിയോഗിക്കും. ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ പരസ്യ വാചകം ലോകമെങ്ങും പ്രസിദ്ധമാണ്. അത് ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള പ്രചാരണത്തിനൊപ്പം, വൃത്തിയും ആതിഥ്യമര്യാദയും ഭംഗിയുമുള്ള നാടായി നമ്മുടെ സംസ്ഥാനം പൂര്‍ണമായും മാറേണ്ടതുണ്ട്. ഇതിനായി ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനൊപ്പം ആഗോളതലത്തില്‍ മാര്‍ക്കറ്റിംഗ് പ്രവര്ത്തനങ്ങള്‍ ശക്തമാക്കാനും നടപടി സ്വീകരിക്കും. രാജ്യാന്തര പ്രശസ്തിയുള്ള വ്യക്തിയെ ബ്രാന്‍ഡ് അംബാസിഡറാക്കി രാജ്യത്തിനകത്തും, പുറത്തും പ്രചാരണ പരിപാടികള്‍ ഊര്ജിതമാക്കും.
3. പുതിയ ടൂറിസം ഉല്‍പന്നങ്ങള്‍ സംസ്ഥാനത്ത് അവതരിപ്പിക്കുന്നതാണ്. പല ടൂറിസം ഉത്പന്നങ്ങളുടെയും പുതുമ നഷ്ടപ്പെടുന്നു. യുവയാത്രികര്‍, പ്രൊഫഷണലുകള്‍, പ്രത്യേക അഭിരുചിയുള്ള സംഘങ്ങള്‍, വിദ്യാര്‍ഥികള്‍, കലാകാരന്മാര്‍ എന്നിവരെ ലക്ഷ്യമിട്ട് പുതിയ ടൂറിസം ഉത്പന്നങ്ങള്‍ അവതരിപ്പിക്കും. വയനാട്ടില്‍ വന്‍ജനപ്രീതി നേടികൊണ്ടിരിക്കുന്ന മഡ് ഫുട്‌ബോള്‍ പോലെ പ്രാദേശികമായ കായികവിനോദങ്ങള്‍ കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഉള്‍പെടുത്തും. ഗവി പോലെ കാലവര്‍ഷത്തില്‍ വേറിട്ട അനുഭവം നല്‍കുന്ന കേന്ദ്രങ്ങളെ സ്വദേശത്തും വിദേശത്തും പരിചയപ്പെടുത്തുന്നത് വഴി സീസണല്ലാത്ത മണ്‍്‌സൂണ്‍കാലം കൂടി വിപണനം ചെയ്യാനാകും.
4. എക്‌സീപിരിയന്‍ഷ്യല്‍ ടൂറിസം നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കുന്നതാണ്. ഗ്രാമീണ ജീവിതവും തൊഴില്‍ രീതികളും പരിചയപ്പെടുത്തുകയും ജീവിതം അനുഭവിച്ച് അറിയാന്‍ സഞ്ചാരികള്‍ക്ക് അവസരം ഒരുക്കുകയും ചെയ്യും.
5. ഹോംസ്‌റ്റേകള്‍ പ്രോത്സാഹിപ്പിക്കും. ഇതിനായി പ്രത്യേക മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ക്ക് രൂപം നല്കും. (സംസ്ഥാനത്ത് പുതിയ 1000 ക്ലാസിഫൈഡ് ഹോംസ്‌റ്റേകള്‍ കൂടി ലക്ഷ്യമിടുന്നു.)
6. കൊച്ചി ബിനാലേക്ക് സമാനമായ പുതിയ അന്താരാഷ്ട്ര വേദികള്‍ സൃഷ്ടിക്കും. (ഉദാഹരണം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍,അന്താരാഷ്ട്ര പുസ്തകോത്സവം, അന്താരാഷ്ട്ര മ്യൂസിക് ഫെസ്റ്റിവല്‍ മുതലായവയുടെ സംഘാടനത്തില്‍ ടൂറിസം വകുപ്പ് സഹകരിക്കും)
7. ദേശീയ ജലഗതാഗത പാത ഉള്‍പ്പെടെയുള്ള ജലഗതാഗത മാര്‍ഗ്ഗങ്ങള്‍ ടൂറിസം മേഖലയുടെ വികസനത്തിനായി ഉപയോഗിക്കുന്നതിന് നടപടി സ്വീകരിക്കും.
8. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങള്‍ മാലിന്യരഹിതവും ആരോഗ്യദായകവുമായി നിലനിര്‍ത്തുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, ടൂറിസം സംരംഭകരുമായി ചേര്‍ന്ന് സാമൂഹ്യ സംരംഭകത്വ വികസനപരിപാടി നടപ്പിലാക്കും.
9. സംസ്ഥാനത്ത് നടക്കുന്ന ഓണാഘോഷങ്ങള്‍, പൂരങ്ങള്‍ എന്നിവയ്ക്ക് പുറമേ പ്രധാന ഉത്സവങ്ങളും ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്താനായി പ്രത്യേക ക്യാംപയിന്‍ സംഘടിപ്പിക്കും. ഇത്തരം ആഘോഷങ്ങളുടെ വാര്‍ഷിക കലണ്ടര്‍ മുന്‍കൂട്ടി പ്രസിദ്ധീകരിക്കുന്നതാണ്.
10. ടൂറിസം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുന്നതാണ്.
11. മലയാളികളുടെ വാരാന്ത്യയാത്ര പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേകപദ്ധതി ആവിഷ്കരിച്ച് നടപ്പാകും. ഇതിനായി കേരളത്തിലെ അധികം അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പ്രത്യേക ടൂര്‍ പാക്കേജുകള്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെ നടപ്പാക്കും.
12. തെരഞ്ഞെടുത്ത വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ, ജടായുപാറ ടൂറിസം പദ്ധതിയുടെ മാതൃകയില്‍ കൂടുതല്‍ പുതിയ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതാണ്.
13. ടൂറിസം മേഖലയില്‍ മുതല്‍മുടക്കുന്നതിന് മുന്നോട്ട് വരുന്ന പ്രവാസികള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുന്നതാണ്. ഇവരെ സഹായിക്കാന്‍ ഒരു പ്രത്യേക ഇന്‍വെസ്റ്റ്‌മെന്റ് സെല്‍ രൂപീകരിക്കും.
14. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ച് ടൂറിസം കേന്ദ്രങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും കര്‍ശനമായി നടപ്പാക്കും.
15. സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്താന്‍ ടൂറിസം യൂണിറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കും. ഇതിനായി നിലവിലുള്ള ക്ലാസിഫിക്കേഷന്‍ സമ്പ്രദായം ഉടച്ച് വാര്‍ക്കുന്നതാണ്. ആയുര്‍വേദ കേന്ദ്രങ്ങള്‍, ഹൗസ്‌ബോട്ടുകള്‍, മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ റേറ്റിങ് സമ്പ്രദായം കൂടുതല്‍ കര്‍ശനമാക്കും. ഹോട്ടലുകള്‍ക്ക് ഇന്ന് നിലവിലുള്ള സ്റ്റാര്‍ പദവികള്‍ക്കു പുറമെ സേവന ഗുണനിലവാരവും കൂടി കണക്കിലെടുത്ത് പ്രത്യേക റേറ്റിങ് നല്‍കും.
16. യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പ്രകൃതി സൗഹൃദ-സാഹസിക ടൂറിസം പദ്ധതികള്‍ നടപ്പിലാക്കും. Man Made Forest Safari Park
സ്ഥാപിക്കുന്നതിനുള്ള സാധ്യതകള് പരിശോധിക്കും.
17. ടൂറിസം കേന്ദ്രത്തിലെ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കും.
18. ടൂറിസം കേന്ദ്രങ്ങള്‍ കൂടുതല്‍ ഭിന്നശേഷി സൗഹൃദമാക്കും. ഭിന്നശേഷിക്കാര്‍, പ്രായാധിക്യം ഉള്ളവര്‍, കുട്ടികളുമായി യാത്രചെയ്യുന്നവര്‍ എന്നിവര്‍ക്ക് യാത്ര പൂര്‍ണ്ണമായി അനുഭവേദ്യമാക്കാന്‍ ഇതിലൂടെ സാധിക്കും.
19. ടൂറിസം അടിസ്ഥാന സൗകര്യവികസനത്തിനായി കിഫ്ബിയുടെ സാധ്യത പ്രയോജനപ്പെടുത്തും.
20. ടൂറിസം നൂതന ആശയ മീറ്റും കേരള ടൂറിസം സംരംഭക മീറ്റും സംഘടിപ്പിക്കും.
21. കേരളാ ടൂറിസം സംരംഭകത്വ ഫണ്ടിന് രൂപം നല്കും (ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഏതെങ്കിലും സേവനമോ, പദ്ധതിയോ നടപ്പാക്കാനുള്ള ഉപദേശവും നിര്‍ദ്ദേശങ്ങളും മാനേജ്‌മെന്റ് വൈദഗ്ദ്ധ്യവും ഒപ്പം മൂലധനവും കണ്ടെത്തി നല്‍കുന്ന പദ്ധതിയാണിത്).
22. പരമ്പരാഗത വിപണികള്‍ ശക്തിപ്പെടുത്തുന്നതിനോടൊപ്പം പുതിയ വിപണികള്‍ കണ്ടെത്തുക എന്നതും അത്യാവശ്യമാണ്. അതിനായി നൂതന വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. നവമാധ്യമങ്ങളുടെ സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.
23. ടൂറിസം, കേരളത്തിലെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ടൂറിസം ക്ലബുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി വിനോദസഞ്ചാരികളോട് ആതിഥേയമര്യാദ പുലര്‍ത്തുന്നതിന് പരിശീലനം നല്‍കും. ഇതിന്റെ ഭാഗമായ പ്രചാരണപ്രവര്‍ത്തനം ടൂറിസം ക്ലബുകള്‍ വഴി നടത്തും.
24. ടൂറിസം രംഗത്തെ മാനവശേഷി വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ പ്രത്യേക ഗ്രേഡിങ് സമ്പ്രദായം ആവിഷ്‌കരിക്കുന്നതാണ്.
https://www.facebook.com/Malayalivartha