വിവരശേഖരണത്തിന് നാഷണല്‍ ജ്യോഗ്രഫിക് മാസിക പോലെ ഉപയോഗിക്കാം, ഈ നഗ്‌നയാത്രികന്റെ ഇന്‍സ്റ്റഗ്രാം പേജ്!
ഒഴിവുകിട്ടുമ്പോല്‍ ഒരു യാത്ര പോകണം. കുറച്ച് ഫോട്ടോയെടുക്കണം. സമയംപോലെ അവ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് കുറച്ച് ലൈക്കും ഷെയറും സമ്പാദിക്കണം. ഇപ്പോഴത്തെ പല ന്യൂജെന്‍ ചെറുപ്പക്കാരേയും പോലെ ടൈസണും ഇത്രയൊക്കെയേ ആലോചിച്ചു കാണൂ.
പക്ഷേ ഏതോ ഒരു നിമിഷത്തില്‍ യാത്രയുടെ ലഹരി പതിവിലുമേറെ ആ 23-കാരന്റെ സിരകളില്‍ നുരഞ്ഞുപൊന്തി. പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു, പലവട്ടം. കഴിഞ്ഞില്ലെന്ന് മാത്രമല്ല സ്വന്തം ജോലി ഉപേക്ഷിക്കുന്നതില്‍ വരെ കൊണ്ടുചെന്നെത്തിച്ചു ആ യാത്രാഭ്രമം. കടുത്ത യാത്രാഭ്രമം അവന് ഒരു ചെല്ലപ്പേര് സമ്മാനിച്ചു. നഗ്‌നയാത്രികന്‍!
ടൈസണ്‍ മേയര്‍, അതാണ് ആ ചെറുപ്പക്കാരന്റെ മുഴുവന്‍ പേര്. 2009-ല്‍ തന്റെ 23-ാം വയസിലായിരുന്നു ടൈസണ്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ജോലിയോട് വിടപറയുന്നത്. പിന്നീടങ്ങോട്ട് നിരന്തരം യാത്രകളായിരുന്നു. ഇതുവരെ സന്ദര്‍ശിച്ചത് 90 രാജ്യങ്ങള്‍. ഇതില്‍ നമ്മുടെ ഇന്ത്യയും ഉള്‍പ്പെടും. '' നല്ലൊരു ജോലിയായിരുന്നു അത്. നന്നായി സമ്പാദിച്ചിരുന്നു. പക്ഷേ വെറുതേ ജോലിയില്‍ മുഴുകുക എന്നതായിരുന്നില്ല എനിക്ക് വേണ്ടത്.'' ജോലി കളഞ്ഞ് യാത്ര ചെയ്യാന്‍ ആരംഭിച്ചതിനെപ്പറ്റി ചോദിച്ചാല്‍ ടൈസണ്‍ നല്‍കുന്ന മറുപടിയാണിത്.
'' ഈ ലോകത്ത് പോകാനും കാണാനും അറിയാനുമായി എത്രയോ സ്ഥലങ്ങളുണ്ട്. അതുകൊണ്ടാണ് എല്ലാം ഉപേക്ഷിച്ച് ഒരു വണ്‍ വേ ടിക്കറ്റ് മാത്രമെടുത്തത്. എന്റെ പുതിയ ദൗത്യം അത് തന്നെയായിരുന്നു.'' ടൈസണ്‍ തുടര്‍ന്നു. പോയതും കണ്ടതുമായ സ്ഥലങ്ങളെക്കുറിച്ച് ഈ 31- കാരന്‍ പുറംലോകത്തെ അറിയിക്കുന്നത് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെയാണ്.
ഇന്‍സ്റ്റഗ്രാമില്‍ 90,000 പേരാണ് ഈ ചെറുപ്പക്കാരനെ പിന്തുടരുന്നത്. ഇന്ത്യയില്‍ വന്നപ്പോള്‍ ഓട്ടോറിക്ഷയില്‍ ഷര്‍ട്ടിടാതെ യാത്ര ചെയ്യുന്ന ടൈസന്റെ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇന്‍സ്റ്റഗ്രാം പേജാകട്ടെ അതിശയിപ്പിക്കുന്ന സഞ്ചാരമേഖലകളെക്കുറിച്ച് പറയുന്ന നാഷണല്‍ ജ്യോഗ്രഫിക് മാസിക പോലെയാണ് പലരും ഇപ്പോള്‍ കരുതുന്നത്.
2015-ല്‍ കാമുകിയായ ലിസയുമൊത്തായിരുന്നു ടൈസന്റെ യൂറോപ്പ് പര്യടനം. പക്ഷേ 2016 വരെയേ ഈ ബന്ധം നിലനിന്നുള്ളു. എങ്കിലും ടൈസണ്‍ തന്റെ യാത്രകള്‍ തുടരുകയാണ്. യാത്രകള്‍ ഒരിക്കലും ലളിതമായ ഒന്നല്ല എന്ന് വിളിച്ചുപറഞ്ഞുകൊണ്ട്.
https://www.facebook.com/Malayalivartha