സൗജന്യമായി ഈ വര്‍ഷം ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യണോ...? ഇതാ ചില വഴികള്‍
2018 സമാഗതമായതോടെ തങ്ങളുടെ അടുത്ത ഹോളിഡേക്ക് നിരവധി പേര്‍ ആസൂത്രണമാരംഭിച്ചു കഴിഞ്ഞു. വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ലക്ഷ്വറി ക്ലാസുകളില്‍ വിമാനയാത്ര ചെയ്യുന്നതിനുള്ള ഭാഗ്യമുള്ളൂ. അല്ലാത്തവര്‍ക്ക് ലളിതമായ എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുകയേ നിവൃത്തിയുള്ളൂ. എന്നാല്‍ ചില തന്ത്രങ്ങളിലൂടെ നിയമാനുസൃതമായി തന്നെ നിങ്ങള്‍ക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ ചുളുവില്‍ അവസരങ്ങള്‍ ഒത്തുകിട്ടാന്‍ സാധ്യതയേറെയാണ്. അതിനായി പാലിക്കേണ്ടുന്ന ചില ടിപ്സുകളെ കുറിച്ച് സ്‌കൈസ്‌കാനേര്‍സ് ഓസ്ട്രേലിയ വെളിപ്പെടുത്തിയിട്ടുണ്ട്. അപ്ഗ്രേഡ് വിച്ചിംഗ് സമയത്ത് ബുക്ക് ചെയ്യുക, നല്ല വസ്ത്രം ധരിച്ച് നേരത്തെ എത്തുക, തുടങ്ങിയ തന്ത്രങ്ങളിലൂടെ സൗജന്യമായി ഈ വര്‍ഷം ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ സാധിച്ചേക്കും.ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.
മാന്യമായി വസ്ത്രം ധരിക്കുക
നല്ല രീതിയില്‍ വസ്ത്രം ധരിക്കുന്നവരെ അപ്ഗ്രേഡിന് തെരഞ്ഞെടുക്കാന്‍ സാധ്യത കൂടുതലാണെന്നാണ് സ്‌കൈ സ്‌കാനേര്‍സ് ഓര്‍മിപ്പിക്കുന്നത്. എന്നാല്‍ ഒരു ബിസിനസ് ക്ലാസ് യാത്രക്കാരനെ പോലെ വസ്ത്രം ധരിച്ച് എത്തിയാലുടനെ നിങ്ങളെ ഇക്കോണമി ക്ലാസ്സില്‍ നിന്നും എഴുന്നേല്‍പ്പിച്ച് ബിസിനസ് ക്ലാസ് സീറ്റില്‍ കൊണ്ടിരുത്തുമെന്ന് പ്രതീക്ഷിക്കരുതെന്നാണ് ട്രാവലറിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സീറ്റിന്റെ ലഭ്യത അനുസരിച്ചാണിത് തീരുമാനിക്കപ്പെടുന്നതെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ നല്ല രീതിയില്‍ വസ്ത്രം ധരിച്ചവര്‍ക്ക് താരതമ്യേന അപ്ഗ്രേഡിനുള്ള സാധ്യത, അങ്ങനെയല്ലാത്തവരേക്കാള്‍ കൂടുതലാണെന്ന് അവരും സമ്മതിക്കുന്നുണ്ട്.
അസൗകര്യമുണ്ടായാല്‍ നേരിട്ട് പോയി അറിയിക്കുക
നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന എക്കണോമി ക്ലാസ് സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിന് കടുത്ത ബുദ്ധിമുട്ടുകളോ അസൗകര്യങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവിടിരുന്ന് ഇക്കാര്യം സഹയാത്രികരോട് കുശുകുശുക്കുകയോ പ്രശ്നമുണ്ടാക്കുകയോ ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്യാന്‍ ശ്രമിക്കുകയോ അല്ല ചെയ്യേണ്ടത്. മറിച്ച് എഴുന്നേറ്റ് പോയി അധികൃതരോട് നിങ്ങളുടെ അസൗകര്യം അറിയിക്കുകയാണ് വേണ്ടത്. ഇത്തരക്കാര്‍ക്ക്, സാധ്യമാണെങ്കില്‍ അപ്ഗ്രേഡ് ചെയ്ത് കൊടുക്കുന്നതിനുള്ള സാധ്യതയേറെയാണ്.
ഒറ്റയ്ക്ക് യാത്ര ചെയ്യുക
നിങ്ങള്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍ അപ്ഗ്രേഡിനുള്ള സാധ്യത ഏറെയാണ്. അതായത് കുടുംബമായോ വലിയൊരു ഗ്രൂപ്പായോ യാത്ര ചെയ്യുന്നവരേക്കാള്‍ അപ്ഗ്രേഡിനുള്ള അവസരം ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അവരുടെ ബെര്‍ത്ത് ഡേ ദിനത്തിലെ യാത്രക്ക് സമ്മാനമെന്നോണം അപ്ഗ്രേഡിനുള്ള സാധ്യത ഏറെയാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വെളിപ്പെടുത്തുന്നത്.
ഉചിതമായ സമയത്ത് യാത്ര ചെയ്യുക
വളരെ രാവിലെയും വളരെ വൈകി രാത്രി സമയത്തും വിമാനങ്ങളില്‍ താരതമ്യേന തിരക്കുണ്ടാവില്ലെന്നും അതിനാല്‍ റിലാക്സ് ചെയ്തിരിക്കുന്ന വിമാന ജീവനക്കാര്‍ നിങ്ങളെ ഇഷ്ടമുള്ള ഇടത്ത് ഇരിക്കാന്‍ അനുവദിക്കാന്‍ സാധ്യതയേറെയാണെന്നുമാണ് സ്‌കൈസ്‌കാനര്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ പകുതിയോളം യാത്രക്കാരുള്ള വിമാനത്തിലാണ് നിങ്ങള്‍ യാത്ര നടത്തുന്നതെങ്കില്‍ അപ്ഗ്രേഡിനുള്ള സാധ്യത വളരെ കുറവായിരിക്കും. എന്നാല്‍ പൂര്‍ണമായും യാത്രക്കാരുള്ള അല്ലെങ്കില്‍ ഓവര്‍ സോള്‍ഡ് ആയ വിമാനത്തില്‍ ഇക്കോണമി യാത്ര ചെയ്യുമ്പോള്‍ അപ്ഗ്രേഡിനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്തെ വിച്ചിംഗ് ഔവര്‍ എന്നാണറിയപ്പെടുന്നത്. എന്നാല്‍ അപ്ഗ്രേഡിനുള്ള സാധ്യത പ്രതീക്ഷിച്ച് ഇത്തരത്തില്‍ തിങ്ങിനിറഞ്ഞ വിമാനത്തില്‍ യാത്രക്ക് പുറപ്പെട്ടാല്‍ ചിലപ്പോള്‍ അപ്ഗ്രേഡ് ലഭിച്ചില്ലെങ്കില്‍ മണിക്കൂറുകളോളം നിങ്ങള്‍ ദുരിത യാത്ര നടത്തേണ്ടി വരുമെന്ന് പ്രത്യേകം ഓര്‍ക്കുക.
നേരത്തെ ചെക്ക് ഇന്‍ ചെയ്യുക
സാധ്യമായേടുത്തോളം നേരത്തെ ചെക്ക് ഇന്‍ ചെയ്യുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ആദ്യം തന്നെ അപ്ഗ്രേഡിനുള്ള അപേക്ഷ നല്‍കാന്‍ സാധിക്കും. ഇതിലൂടെ അപ്ഗ്രേഡ് ലഭിക്കുന്നതിനുള്ള നിങ്ങളുടെ സാധ്യത വര്‍ധിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha